Connect with us

Kerala

ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസില്‍ അംഗത്വം

ഡിഗ്രി-പിജി-ഡോക്ടറല്‍ കോഴ്‌സുകളില്‍ വിവിധ സര്‍വ്വകലാശാലകളില്‍ തുടര്‍പഠനം ഉള്‍പ്പെടെയുള്ള അവസരങ്ങളാണ് ധാരണാപത്രം മുഖേന സാധ്യമാകുന്നത്.

Published

|

Last Updated

ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസുമായുള്ള ധാരണാപത്രത്തില്‍ ജാമിഅതുല്‍ ഹിന്ദ്് വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഒപ്പുവെക്കുന്നു.

കോഴിക്കോട് | ആഗോള തലത്തില്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റികളെ പരസ്പരം ബന്ധിപ്പിക്കുന്ന റാബിത്വത്തുല്‍ ജാമിആതില്‍ ഇസ്‌ലാമിയ്യ (ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ്) യില്‍ അംഗത്വമെടുത്ത് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ. ജാമിഅതുല്‍ ഹിന്ദിന് കീഴില്‍ നടന്ന ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് ഔദ്യോഗികമായി ഇത് സംബന്ധിച്ച് ഒപ്പുവെച്ചത്. ജാമിഅതുല്‍ ഹിന്ദിനെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും റാബിത്വത്തുല്‍ ജാമിആതില്‍ ഇസ്‌ലാമിയ്യയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡോ. സാമി മുഹമ്മദ് റബീഅ ശരീഫും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക, ആസ്‌ത്രേലിയ ഭൂഖണ്ഡങ്ങളിലായി മുന്നൂറിലധികം ഇസ്‌ലാമിക് സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്ന സംഘടനയാണ് റാബിത്വത്തുല്‍ ജാമിആതില്‍ ഇസ്‌ലാമിയ്യ. 1969ല്‍ മൊറോക്കോ കേന്ദ്രമായി സ്ഥാപിതമായ റാബിത്വ നിലവില്‍ ഈജിപ്തിലെ കൈറോ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയടക്കം ലോകത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളെല്ലാം റാബിത്വയില്‍ അംഗങ്ങളാണ്.

പരസ്പരം പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംയുക്ത ഗവേഷണ സംരംഭങ്ങളും പദ്ധതികളും, ഡിഗ്രി-പിജി-ഡോക്ടറല്‍ കോഴ്‌സുകളില്‍ റാബിത്വയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അംഗത്വമെടുത്ത സര്‍വകലാശാലകളില്‍ തുടര്‍പഠനം, മെമ്പര്‍ യൂണിവേഴ്സിറ്റികള്‍ക്കിടയില്‍ അധ്യാപക-ഫാക്കല്‍റ്റി കൈമാറ്റം, ഇരു വിഭാഗങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകള്‍-അക്കാദമിക് കോണ്‍ഫറന്‍സുകള്‍-വര്‍ക്ക് ഷോപ്പുകള്‍ എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാനുള്ള അവസരങ്ങള്‍, റാബിത്വയുമായും അംഗത്വമെടുത്ത മറ്റു യൂണിവേഴ്‌സിറ്റികളുമായും സഹകരിച്ച് സെമിനാറുകളും കോണ്‍ഫറന്‍സുകളും വിന്റര്‍-സമ്മര്‍ സ്‌കൂളുകളും മറ്റു ഹ്രസ്വകാല കോഴ്‌സുകളും സംഘടിപ്പിക്കുക തുടങ്ങിയ ധാരാളം മേഖലകളില്‍ പരസ്പരം സഹകരിക്കാനാണ് ഒപ്പുവെച്ചത്.

ജാമിഅതുല്‍ ഹിന്ദിനെ പ്രതിനിധീകരിച്ച് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവരും മറ്റു സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളും പങ്കെടുത്തു. റാബിത്വയെ പ്രതിനിധീകരിച്ച് ഡോ. അലി ഫുആദ് അലി മുഖൈമിര്‍, ഡോ. വലീദ് ഇബ്‌റാഹീം ശിത്വ, ഡോ. മുഹമ്മദ് സഅദ് അല്‍ ഹദ്ദാദ് തുടങ്ങിയ 19 അംഗങ്ങളും പങ്കെടുത്തു.

 

 

Latest