National
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യയുടെ വ്യോമ താവളം പ്രവര്‍ത്തനക്ഷമമായി
230 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ന്യോമ വ്യോമതാവളം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.
ന്യൂഡല്‍ഹി | ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് കിഴക്കന്‍ ലഡാക്കിലെ തന്ത്ര പ്രധാന മേഖലയില്‍ ഇന്ത്യയുടെ വ്യോമതാവളം പ്രവര്‍ത്തനക്ഷമമായി. 230 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ന്യോമ വ്യോമതാവളം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡല്‍ഹിയിലെ ഹിന്‍ഡണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ന്യോമയിലെ മുദ് എയര്‍ഫീല്‍ഡിലേക്ക് സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം പറത്തിയാണ് സമുദ്ര നിരപ്പില്‍ നിന്ന് 13,710 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം ഉദ്ഘാടനം ചെയ്തത്. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ അദ്ദേഹത്തെ അനുഗമിച്ചു.
2.7 കിലോമീറ്റര്‍ നീളത്തില്‍ വികസിപ്പിച്ച റണ്‍വേ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സമുച്ചയം, ക്രാഷ് ബേ, താമസ സൗകര്യങ്ങള്‍, ഹാംഗറുകള്‍ തുടങ്ങിയവയും ഇവിടെ നിര്‍മിച്ചു. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ത്സോ, ഡെംചോക്ക്, ഡെപ്‌സാങ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സൈന്യത്തിന് ആയുധങ്ങളടക്കം വേഗത്തില്‍ വിതരണം ചെയ്യാന്‍ ഈ വ്യോമതാവളം സഹായിക്കും.
അരുണാചല്‍ പ്രദേശത്തെ പൂര്‍വി പ്രചണ്ഡ് പ്രഹാര്‍ സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെയാണ് കിഴക്കന്‍ ലഡാക്കിലെ ന്യോമ വ്യോമതാവളം ഇന്ത്യ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. 2026 ല്‍ ഇവിടെ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങും. ലേ, കാര്‍ഗില്‍, തോയിസ് എയര്‍ ഫീല്‍ഡുകള്‍ക്കും ദൗലത്ത് ബേഗ് ഓള്‍ഡി അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടിനും പുറമെ ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മറ്റൊരു പ്രധാന താവളമായി ഇവിടം മാറ്റുകയാണ് ലക്ഷ്യം.


