Kerala
തുറവൂര്‍ ഗര്‍ഡര്‍ അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്
ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ്. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. മുന്‍കരുതലുകളോ ട്രാഫിക് നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയില്ലെന്നും എഫ് ഐ ആര്‍.
ആലപ്പുഴ | തുറവൂര്‍ ഗര്‍ഡര്‍ അപകടത്തില്‍ നരഹത്യക്ക് കേസെടുത്ത് പോലീസ്. നിര്‍മാണ കമ്പനിയുടെ ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. മുന്‍കരുതലുകളോ ട്രാഫിക് നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയില്ലെന്നും എഫ് ഐ ആറില്‍ പറയുന്നു.
25 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് കമ്പനി ഉറപ്പു തന്നതായി അപകടത്തില്‍ മരിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി രാജേഷിന്റെ കുടുംബം അറിയിച്ചു. 40,000 രൂപ സംസ്‌കാര ചടങ്ങുകള്‍ക്കായി കമ്പനി പ്രതിനിധി ബന്ധുക്കള്‍ക്ക് കൈമാറി. നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ദേശീയ പാതയില്‍ ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളില്‍ വീണായിരുന്നു അപകടം. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.




