International
ശസ്ത്രക്രിയ വിജയകരം; ജമൈക്കന്‍ സയാമീസ് ഇരട്ടകള്‍ക്ക് ഇനി പുതുജീവിതം
റോയല്‍ കോടതിയിലെ ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍-റബീഹയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ശസ്ത്രക്രിയക്ക് മുമ്പ് ജമൈക്കന്‍ സംയോജിത ഇരട്ടകളായ അസാരിയയും അസുറയും.
റിയാദ് | ജമൈക്കന്‍ സയാമീസ് ഇരട്ടകളായ അസാരിയയുടെയും അസുറയുടെയും വേര്‍തിരിക്കല്‍ ശസ്ത്രക്രിയ വിജയകരം. കിംഗ് സല്‍മാന്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് പ്രോഗ്രാമിന് കീഴില്‍ നടത്തുന്ന ശസ്ത്രക്രിയകളുടെ പരമ്പരയിലെ 67-ാമത്തേതിനാണ് തലസ്ഥാനമായ റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയയം, കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രി സാക്ഷ്യം വഹിച്ചത്.
റോയല്‍ കോടതിയിലെ ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലും സംയുക്ത ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള മെഡിക്കല്‍, സര്‍ജിക്കല്‍ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍-റബീഹയുടെ നേതൃത്വത്തിലാണ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. അനസ്‌തേഷ്യ, വന്ധ്യംകരണം, ശസ്ത്രക്രിയാ നടപടിക്രമം, പങ്കിട്ട അവയവങ്ങളുടെ വേര്‍തിരിവ്, പുനര്‍നിര്‍മ്മാണം തുടങ്ങി ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ മേഖലകളിലെ 25 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്സുമാര്‍, ടെക്നീഷ്യന്മാര്‍ എന്നിവരുടെ പ്രത്യേക സംഘം ഏകദേശം ഒമ്പത് മണിക്കൂര്‍ സമയമെടുത്താണ് ഓപറേഷന്‍ പൂര്‍ത്തിയാക്കിയത്.
കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഇരട്ടകള്‍ നെഞ്ചിന്റെ അടിഭാഗം, വയറ്, കരള്‍, കുടല്‍, പെരികാര്‍ഡിയം എന്നിവ പങ്കിട്ടിരുന്നു. ശസ്ത്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളി അസുറ എന്ന പെണ്‍കുട്ടിയുടെ ഹൃദയ വൈകല്യമായിരുന്നുവെന്ന് ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍-റബീഹ വിശദീകരിച്ചു. അസൂറയുടെ ഹൃദയം സാധാരണ നിരക്കിന്റെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് രക്തം പമ്പ് ചെയ്തിരുന്നത്. ഇത് ശസ്ത്രക്രിയയ്ക്കിടെ ജീവന് കാര്യമായ അപകടത്തിന് സാധ്യതയേറ്റിരുന്നു. ശസ്ത്രക്രിയക്കിടെ ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കുന്നതിന് മെഡിക്കല്‍ സംഘം ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകളുമായി മെഡിക്കല്‍ സംഘം പ്രത്യേക മീറ്റിംഗുകള്‍ നടത്തി ചികിത്സക്കും ശസ്ത്രക്രിയക്കുമായി പദ്ധതി അന്തിമമാക്കി. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു ഓപറേഷനെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ അവസാനത്തിലായിരുന്നു സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം പ്രത്യേക വിമാനത്തില്‍ ഇവരെ റിയാദിലെത്തിച്ചത്. സഊദി പ്രോഗ്രാം ഫോര്‍ സെപ്പറേറ്റ് കണ്‍ജോയിന്റ് ട്വിന്‍സ് പ്രക്രിയ ഏറ്റവും സങ്കീര്‍ണവും സൂക്ഷ്മവുമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.





