Connect with us

National

ഖലീല്‍ തങ്ങളുടെ സൗത്ത് ഇന്ത്യന്‍ പര്യടനത്തിന് അദനി സമ്മിറ്റോടെ തുടക്കം

എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ മുഖ്യാതിഥിയാവും.

Published

|

Last Updated

ഹൈദരാബാദ് ബാര്‍കസ് അല്‍ ഖര്‍മൂഷി എം ബി എ കോളജില്‍ സംഘടിപ്പിച്ച അദനീ റീജണ്യല്‍ സമ്മിറ്റ് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

ഹൈദരാബാദ് | തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ മത സാംസ്‌കാരിക പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ സൗത്ത് ഇന്ത്യന്‍ പര്യടനത്തിന് ഹൈദരാബാദില്‍ നടന്ന അദനി റീജ്യണല്‍ സമ്മിറ്റോടെ തുടക്കമായി. തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദനിമാരുടെ റീജ്യണല്‍ സമ്മിറ്റ് ഖലീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്‌കൂളുകളും മദ്‌റസകളും ലൈബ്രറികളും സ്ഥാപിച്ചുകൊണ്ട് സജീവമായി പ്രവര്‍ത്തിക്കുന്ന അദനീ പണ്ഡിതരെ അദ്ദേഹം അനുമോദിച്ചു. പൂര്‍വികരായ പണ്ഡിത സച്ചരിതരുടെ പാത പിന്‍പറ്റിക്കൊണ്ട് ത്യാഗപൂര്‍ണമായ വഴിയില്‍ സജീവമായി നിലകൊള്ളണമെന്നും അനേകായിരം മനുഷ്യര്‍ക്ക് നന്മയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കണമെന്നും പുതിയ തലമുറയെ മൂല്യച്യുതിയില്‍ നിന്നും കരകയറ്റാന്‍ ആത്മാര്‍ഥമായി ഇടപെടണമെന്നും തങ്ങള്‍ ഉണര്‍ത്തി.

ഹൈദരാബാദ് ബാര്‍കസ് അല്‍ ഖുര്‍ മൂഷി എം ബി എ കോളജ് ക്യാമ്പസില്‍ നടന്ന അദനി സംഗമത്തില്‍ മഅ്ദിന്‍ അക്കാദമി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ പ്രമേയ പ്രഭാഷണം നടത്തി. ഹൈബി എജ്യുക്കേഷന്‍ ഡയറക്ടര്‍ യഹിയ അദനി, കോര്‍ഡിനേറ്റര്‍ കബീര്‍ അദനി പ്രസംഗിച്ചു. പര്യടനത്തിന്റെ ഭാഗമായി ബാര്‍ക്കസിലെ മസ്ജിദ് ഉമറുല്‍ ഫാറൂഖില്‍ നടന്ന സുഹൃദ് സംഗമത്തിലും രിയാസത് നഗറില്‍ നടന്ന സുന്നി സമ്മേളനത്തിലും തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.

പര്യടനത്തിന്റെ ഭാഗമായി നാളെ രാവിലെ ഫലക്‌നുമ മദ്‌റസയില്‍ നടക്കുന്ന സംഗമത്തിലും ജുമുഅക്ക് ശേഷം ഷംഷാബാദ് സുന്നി മസ്ജിദില്‍ നടക്കുന്ന സംഗമത്തിലും തങ്ങള്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എസ് എസ് എഫ് ഇന്ത്യയുടെ കാര്‍മികത്വത്തില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ നടക്കുന്ന ദേശീയ സാഹിത്യോത്സവില്‍ മുഖ്യാതിഥിയാകും. ശനിയാഴ്ച രാവിലെ മഅ്ദിന്‍ ഹൈബി എജ്യുക്കേഷന്റെ കീഴില്‍ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ഗോഗി വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അല്‍സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എജ്യുക്കലൈവ് ഖലീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹൈബി എജ്യുക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളിലും മദ്‌റസകളിലും സന്ദര്‍ശനം നടത്തും.