Aksharam Education
ജീവന്‍ കാക്കുന്ന കുട
സൂര്യനിൽ നിന്നുള്ള ദോഷകരമായ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നത് തടഞ്ഞുനിർത്തുന്ന ഓസോൺ പാളി നമ്മുടെ ജീവൻ സംരക്ഷിക്കുന്ന വലിയ കുടയാണ്.
ചെറിയ ക്ലാസ്സുകൾ മുതൽ ഓസോൺ പാളിയെ കുറിച്ച് കേൾക്കാറില്ലേ. സൂര്യനിൽ നിന്നുള്ള ദോഷകരമായ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നത് തടഞ്ഞുനിർത്തുന്ന ഓസോൺ പാളി നമ്മുടെ ജീവൻ സംരക്ഷിക്കുന്ന വലിയ കുടയാണ്.
ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91 ശതമാനവും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93 മുതൽ 99 വരെ ഈ പാളി ആഗിരണം ചെയ്യുന്നു. ഭൂനിരപ്പിൽ നിന്ന് പത്ത് മുതൽ 50 കി.മീറ്റർ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിധ്യം ആദ്യമായി കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി എം ബി ഡൊബ്സൺ ആണ് ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കിയത്. സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുന്ന സ്പെക്ട്രോഫോ മീറ്റർ അദ്ദേഹം വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ സ്മരണാർഥം അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂനിറ്റ് എന്ന് വിളിക്കുന്നു.
ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.
ഓസോൺ പാളിയുടെ ശോഷണം കാരണം അൾട്രാ വയലറ്റ് കിരണങ്ങൾ ഭൂമിയിലെത്തുകയും മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. തൊലിയിലെ ക്യാൻസർ, തിമിരം, സൂര്യാതപം എന്നിവക്ക് അൾട്രാ വയലറ്റ് കിരണങ്ങൾ കാരണമാകുന്നു. സസ്യങ്ങളുടെ ഇലകൾ ചെറുതാകുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യുന്നതിനും ഇടയാക്കുന്നു.
ഘടന
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന തന്മാത്രയാണ് ഓസോൺ. സാധാരണ ഇളം നീല നിറത്തിലുള്ള വാതകമായും പിന്നീട് ഇരുണ്ട നീല ദ്രാവകമായും അവസാനം വയലറ്റ്- കറുപ്പ് നിറത്തിൽ ഖരരൂപത്തിലേക്കും ഘനീഭവിക്കും. 1785ൽ ഡച്ച് ശാസ്ത്രജ്ഞനായ മാർട്ടിനസ് വാൻമാര പരീക്ഷണത്തിനിടയിൽ പ്രത്യേക ഗന്ധമുള്ള വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ പരീക്ഷണം നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
1840ൽ ക്രിസ്ത്യൻ ഫ്രഡറിക് ഷോൺ ബെയ്ൻ എന്ന ശാസ്ത്രജൻ പരീക്ഷണത്തിലൂടെ ഇതേ ഗന്ധമുള്ള വാതകം സൃഷ്ടിക്കുകയും അതിന് മണമുള്ളത് എന്നർഥം വരുന്ന ഓസോൺ എന്ന പേര് നൽകുകയും ചെയ്തു.
വിള്ളലുകൾ
ഓസോൺ പാളിയിലെ ഓസോൺ തന്മാത്രകളുടെ സാന്ദ്രതയിൽ വലിയ കുറവിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ഓസോൺ ദ്വാരം. ഏതെങ്കിലും പ്രദേശത്തെ ഓസോൺ സാന്ദ്രത 200 ഡോബ്സൺ യൂനിറ്റിൽ താഴെയാകുമ്പോൾ അതിനെയാണ് ഓസോൺ ദ്വാരം എന്ന് വിളിക്കുന്നത്.
ഓസോൺ പാളിയിൽ വിള്ളലുകൾ വീണുതുടങ്ങിയിരിക്കുന്നു എന്ന വാർത്ത വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, അടുത്തിടെയായി ഓസോണിലെ വിള്ളലുകൾ അടയുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങി. നമുക്കേറെ ആശ്വാസം നൽകുന്ന വാർത്തയായിരുന്നു അത്.
ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കാതെ മുന്നോട്ടു പോകാനാകില്ല. ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽ രൂപപ്പെടുന്നതും അൾട്രാവയലറ്റ് രശ്മികൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നത് തടയുകയും ചെയ്യുന്നവയാണ് നല്ല ഓസോൺ. എന്നാൽ, അന്തരീക്ഷത്തിൽ താഴ്ന്ന തലങ്ങളിൽ മലിനീകരണം കാരണം ചെറിയ തോതിൽ ഓസോൺ ഉണ്ടാകാറുണ്ട്. ഇവ മോശം ഓസോൺ എന്ന് അറിയപ്പെടുന്നു.
ഓസോൺ പാളിക്ക് ക്ഷതമേൽപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ക്ലോറോ ഫ്ലൂറോ കാർബണുകളാണ്. കാർബൺ, ഫ്ലൂറിൻ, ക്ലോറിൻ എന്നീ മൂലകങ്ങളടങ്ങിയ ദ്രാവകരൂപത്തിലോ വാതകരൂപത്തിലോ ഉള്ള മനുഷ്യനിർമിത രാസസംയുക്തങ്ങളാണ് ക്ലോറോഫ്ലൂറോ കാർബണുകൾ. റഫ്രിജറേറ്ററിലും എയർകണ്ടീഷനറിലും ഇവ ധാരാളമായി ഉപയോഗിക്കുന്നു.
ഓസോൺ പാളിയിലെ വിള്ളൽ ചെറുതാകാൻ തുടങ്ങിയതായി യുനൈറ്റഡ് നാഷൻസ് എൻവയോൺമെന്റ്പ്രോഗ്രാം (യു എൻ ഇ പി) പുറത്തുവിട്ട റിപോർട്ടിൽ പറയുന്നുണ്ട്. രണ്ടായിരമാണ്ടിൽ 2.91കോടി ചതുരശ്ര കിലോമീറ്ററായിരുന്നു വിള്ളൽ. ഇത് 2.31കോടി ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നും 2040 ഓടെ വിള്ളൽ അടയുമെന്നാണ് റിപോർട്ടിലുള്ളത്.
ഉടമ്പടികൾ
ഓസോൺ പാളിയുടെ ശോഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന ആദ്യ ഉടമ്പടിയാണ് വിയന്ന ഉടമ്പടി. 1985 മാർച്ച് 22ന് ആസ്ത്രിയൻ തലസ്ഥാനമായ വിയന്നയിൽ ഒപ്പുവെച്ച ഈ ഉടമ്പടി 1988 സെപ്തംബർ 22ന് നിലവിൽ വന്നു. ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ അളവ് കുറക്കുന്നതിനായി നിലവിൽവന്ന ഉടമ്പടിയാണ് മോൺട്രിയോൾ പ്രോട്ടോക്കോൾ.
1987 സെപ്തംബർ 16ന് കാനഡയിലെ മോൺട്രിയോളിൽ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവെച്ചത്. 1989 ജനുവരി ഒന്നിന് ഉടമ്പടി നിലവിൽ വന്നു. മോൺട്രിയോൾ ഉടമ്പടി ഒപ്പുവെച്ച 1987 സെപ്തംബർ 16ന്റെ ഓർമക്കായാണ് എല്ലാ വർഷവും ഈ ദിവസം ഓസോൺ ദിനമായി ആചരിച്ചുവരുന്നത്.





