National
അപകടത്തില്‍ കാറിനകത്തു കുടുങ്ങി ഒട്ടകം; രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകരുകയും ഒട്ടകം കാറിനകത്ത് കുടുങ്ങിപ്പോവുകയുമായിരുന്നു.
ജോധ്പൂര്‍| രാജസ്ഥാനിലെ ജോധ്പൂരില്‍ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒട്ടകത്തിനെ കാറിടിച്ചു. ജോധ്പുര്‍ സ്വദേശിയായ രാംസിംഗ് ഓടിച്ചിരുന്ന കാറാണ് ഒട്ടകത്തിനെ ഇടിച്ചത്. അപകടത്തില്‍ രാംസിംഗിന് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകരുകയും ഒട്ടകം കാറിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്തു. ഒട്ടകത്തിനും സാരമായ പരുക്കുണ്ട്.
ഫലോഡി ഡെച്ചു റോഡില്‍ കോലു പാബൂജിക്കടുത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരു കാലും തലയും മാത്രം പുറത്തും മറ്റ് ശരീരഭാഗങ്ങള്‍ കാറിനകത്ത് കുടുങ്ങിയ നിലയിലുമായിരുന്നു ഒട്ടകം.
അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന ഒട്ടകം പെട്ടെന്ന് കാറിനു മുമ്പിലേക്ക് വരികയായിരുന്നു. ഡ്രൈവര്‍ ബ്രേക്കിട്ട് കാര്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജെ സി ബി ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയശേഷമാണ് ഒട്ടകത്തെ പുറത്തിറക്കിയത്.





