Kerala
പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ വരുന്നത് സ്വാഭാവികം, അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കാമോ ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍
അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ?അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, കേസുകളില്‍ പ്രതിയായതുകൊണ്ട് സ്റ്റേഷനിലിട്ട് മര്‍ദിക്കാനൊരു മാനദണ്ഡമല്ലല്ലോയെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായ നിയമം കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷവും കോണ്‍ഗ്രസ് പഴയ നിലയാണ് കൈക്കൊണ്ടത്. എന്നാല്‍ 2016 മുതല്‍ അതില്‍ മാറ്റം വരുത്തി. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടിയെന്നതാണ്. അത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. പോലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന വിഭാഗമാക്കി മാറ്റിയത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ പൊലീസാണ് കേരളത്തിലേത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി പൊലീസിനെ മറ്റു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും, കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബഹു മുഖ്യമന്ത്രി,പൊതുപ്രവര്‍ത്തകനും,യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരില്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍അത് രാഷ്ട്രീയ കേസുകളാണ്.അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ളമാനദണ്ഡം അല്ലല്ലോ.ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ?അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാര്‍ പ്രതികള്‍ അല്ലേ?അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ?