Connect with us

International

ചോരക്കളി അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; വ്യോമാക്രമണത്തില്‍ ഹമാസ് മേധാവിയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഫലസ്തീന്‍ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ വിലയേറിയതല്ല എന്റെ മക്കളുടെ രക്തം

Published

|

Last Updated

ഗസ്സ സിറ്റി |  ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പ് മേഖലയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഈദ് ദിനത്തില്‍ ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.

ഫലസ്തീന്‍ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ വിലയേറിയതല്ല എന്റെ മക്കളുടെ രക്തം… ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ്-തന്റെ മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മാഈല്‍ ഹനിയ്യ അല്‍ ജസീറയോട് സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ 60ഓളം കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം.

ബന്ധുക്കളെയും വീടുകളെയും ലക്ഷ്യംവെച്ചാലും ഫലസ്തീന്‍ നേതാക്കള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നു ഹനിയ്യ പറഞ്ഞു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്റെ മക്കളെ ലക്ഷ്യമിട്ടത് വഴി ഹമാസിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്‌റാഈല്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും ഹനിയ്യ പറഞ്ഞു

ഇന്നലെ ഈദ് ദിനത്തില്‍ മാരക വ്യോമാക്രമണമാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയത്. ഇന്നലെ 24 മണിക്കൂറിനിടെ ഗസ്സയില്‍ മാത്രം122 പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ച ഇതുവരെ 33, 482 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

Latest