Connect with us

Siraj Article

ആരോഗ്യകരമായ പരിസ്ഥിതി മനുഷ്യാവകാശമല്ലേ ?

സ്വച്ച് ഭാരത് പ്രമേയമാക്കിയ ഒരു സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ ഇത്തരമൊരു പ്രമേയം യു എൻ പോലുള്ള അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കേണ്ടതിന് പകരം അതിനെ അനുകൂലിക്കാതിരുന്നു എന്നത് ഇന്ത്യൻ ജനതയുടെയും പരിസ്ഥിതി സംഘടനകളുടെയും കടുത്ത വിമർശത്തിനും എതിർപ്പിനും നിമിത്തമായിരിക്കുകയാണ്. ഈ അനുകൂലിക്കാതിരിക്കൽ യഥാർഥത്തിൽ ഇത്തരം പ്രമേയത്തെ എതിർക്കുന്നതിന് തുല്യമാണ്

Published

|

Last Updated

റെക്കാലത്തെ മുറവിളികൾക്കും ആവശ്യപ്പെടലുകൾക്കും ശേഷം ആരോഗ്യകരമായ പരിസ്ഥിതി മനുഷ്യാവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സുപ്രധാന പ്രമേയം ഐക്യരാഷ്ട്ര സഭ പാസ്സാക്കിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോർക്കിൽ ചേർന്ന യോഗത്തിൽ കോസ്റ്ററിക്ക, മാൽഡീവ്‌സ്, മൊറോക്കോ, സ്ലോവേനിയ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയത്തിന് മനുഷ്യാവകാശ കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. മനുഷ്യ ജീവിതം സുഗമമാക്കുന്നതിന് ശുദ്ധവും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം ഉണ്ടായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ മനുഷ്യാവകാശ ആഘാതങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് അംഗ രാജ്യങ്ങളെ മറ്റൊരു റിപ്പോർട്ടിലൂടെ ഉണർത്തുകയും ചെയ്തു.

യു എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാഷേലറ്റ് കുറച്ചുകൂടി മുന്നോട്ടുപോയി “ആരോഗ്യകരമായ അന്തരീക്ഷത്തിനുള്ള അവകാശത്തിന് സാർഥകവും യാഥാർഥ്യ പൂർവവുമായ ധീരമായ നടപടികൾ കൈക്കൊള്ളണമെ’ന്ന് അംഗ രാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായ വശം, 43 വോട്ടിന് പാസ്സായ ഈ പ്രമേയം യു എസും ബ്രിട്ടനും ശക്തമായി എതിർക്കുകയും ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു എന്നതാണ്.

ലോകത്തെയും ലോകരെയും അടക്കിഭരിക്കുന്നതിനിടയിൽ യു എസിനും ബ്രിട്ടനും റഷ്യക്കും ചൈനക്കുമൊന്നും ഈ പ്രമേയത്തിൽ വലിയ താത്പര്യം ഉണ്ടാകില്ല എന്ന് നമുക്ക് ഊഹിക്കാം. എന്നാൽ ഇന്ത്യ…?

ലോകത്ത് പ്രതിവർഷം 1.37 കോടി മനുഷ്യർ വായു മലിനീകരണം മൂലം, അഥവാ ആകെ മരണത്തിന്റെ 24 ശതമാനം ജനങ്ങൾ അന്തരീക്ഷ മലിനീകരണം മൂലമാണ് കാലഗതിയടയുന്നത് എന്ന ലോകാരോഗ്യ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവരികയും നിർണായകമായ കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ ചേരാനിരിക്കെയുമാണ് പരിസ്ഥിതി സംഘടനകൾ ഏറെ നാളായി കാത്തിരുന്ന പ്രമേയം യു എൻ പാസ്സാക്കിയത്.

സ്വച്ച് ഭാരത് പ്രമേയമാക്കിയ ഒരു ഗവൺമെന്റ് ഇന്ത്യ ഭരിക്കുമ്പോൾ ഇത്തരമൊരു പ്രമേയം യു എൻ പോലുള്ള ഒരു അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കേണ്ടതിന് പകരം അതിനെ അനുകൂലിക്കാതിരുന്നു എന്നത് ഇന്ത്യൻ ജനതയുടെയും പരിസ്ഥിതി സംഘടനകളുടെയും കടുത്ത വിമർശത്തിനും എതിർപ്പിനും നിമിത്തമായിരിക്കുകയാണ്. ഈ അനുകൂലിക്കാതിരിക്കൽ യഥാർഥത്തിൽ ഇത്തരം ഒരു പ്രമേയത്തെ എതിർക്കുന്നതിന് തുല്യമാണിപ്പോൾ.

പ്രപഞ്ചത്തിന്റെ താളം നിലനിർത്താനും മനുഷ്യവാസം സുഗമമാക്കാനും ഐക്യരാഷ്ട്രസഭ ഭൗമദിനം, വനദിനം, സമുദ്രദിനം, വന്യജീവിദിനം, കാർഷികദിനം തുടങ്ങി ഇവയെയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ ലോക പരിസ്ഥിതി ദിനം വരെ കൊണ്ടാടുന്നുണ്ട്. കൂടാതെ നമുക്ക് നമ്മുടെ പ്രകൃതിയുടെ യഥാർഥ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും ലോകജനതയെ പ്രചോദിപ്പിക്കുന്നതിനും രാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി 2021 മുതൽ 2030 വരെ നീണ്ടുനിൽക്കുന്ന ദശ വർഷ ആഗോള ക്യാന്പയിൻ നടത്തുന്നതിന് വരെ ഐക്യരാഷ്ട്രസഭ ഒരുങ്ങിയിരിക്കുന്നു. ഒന്നര വർഷമായി ലോകത്തെ പിടിമുറുക്കിയ കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഇതിനേക്കാൾ വലിയ അപകടങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കവുമാണിതെന്ന് നമുക്ക് പ്രത്യാശിക്കാം.

ഐക്യരാഷ്ട്രസഭ വർഷംതോറും ഭൗമ ഉച്ചകോടികളും ജല ഉച്ചകോടികളും പാരിസ്ഥിതിക ഉച്ചകോടികളും ഒക്കെ നടത്തുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ ലോകത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങൾ വർധിച്ചുവരികയാണ്. അതിന്റെ ഫലമായി ഭൂകമ്പങ്ങളും അഗ്‌നിപർവത സ്‌ഫോടനങ്ങളും കൊടുങ്കാറ്റുകളും പ്രളയങ്ങളും മഹാമാരികളും, സുനാമികളുമൊക്കെയായി ദുരന്തങ്ങൾ നമ്മെ തുരുതുരെ അലട്ടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ 50 വർഷം കൊണ്ട് ഭൂഗോളത്തിൽ മനുഷ്യവാസം തന്നെ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.
അന്തരീക്ഷ മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ വിനാശം, ഹരിത ഭൂമിയുടെ നാശം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ലോക താപനം, ജല മലിനീകരണം, സൗരോർജ പ്രസരണത്തിലെ മാറ്റങ്ങൾ, മഴ, കാറ്റ് എന്നിവയിലെ അസന്തുലിതാവസ്ഥ എന്നിങ്ങനെ ഭൂഗോളത്തിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഭയാനകമാണ്.

മെയ് 27 ന് പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭ പാരിസ്ഥിതിക പദ്ധതിയുടെ (യു എൻ ഇ പി) പ്രകൃതി സംരക്ഷണത്തിന് ചെലവഴിക്കേണ്ട സാമ്പത്തികാവസ്ഥയെക്കുറിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇൻഗർ ആൻഡേഴ്‌സൺ പറയുന്നത് നോക്കൂ. “ഇപ്പോൾ മുതൽ 2050 വരെ വർഷം തോറും 536 മില്യൺ യു എസ് ഡോളർ വീതം 8.1 ട്രില്യൺ ഡോളർ നിക്ഷേപം നടത്തിക്കൊണ്ടിരുന്നാൽ മാത്രമേ കാലാവസ്ഥ, ജൈവവൈവിധ്യം, ഭൂ സംരക്ഷണം എന്നിവ വിജയകരമായി പരിഹരിക്കാൻ പറ്റൂ. ജൈവവൈവിധ്യ നഷ്ടങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനത്തോളം അപഹരിക്കുന്നു. ഇത് കാലികമായുണ്ടാകേണ്ട വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു’.

ജീവവായുവും ജീവിത ചുറ്റുപാടുകളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ഓസോൺ പാളിയിലെ വിള്ളൽ മുതൽ ഭൗമാന്തർഭാഗത്തെ പ്രകമ്പനത്തെ വരെ നിയന്ത്രിക്കാൻ ഒരളവു വരെ പരിഹരിക്കാനും നമ്മുടെ കൂട്ടായ പാരിസ്ഥിതിക സൗഹൃദ സമീപനത്തിലൂടെയും ശ്രദ്ധയിലൂടെയും സാധിക്കും. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും സംഘടനകളും രാഷ്ട്രങ്ങളും കൈകോർത്ത് പിടിക്കണമെന്നേയുള്ളൂ. നമ്മുടെ ആവാസവ്യവസ്ഥകളായ സമതലങ്ങൾ, പർവതങ്ങൾ, നദികൾ, പുൽമേടുകൾ, വയലുകൾ, കൃഷിഭൂമികൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുനിലങ്ങൾ, സമുദ്രങ്ങൾ, അന്തരീക്ഷം തുടങ്ങിയവയോടൊക്കെയും നാം സ്‌നേഹമസൃണമായും കരുതലോടും പെരുമാറേണ്ടതുണ്ട്. അല്ലെങ്കിൽ നാം മാത്രമല്ല, നമ്മുടെ തലമുറകളും വലിയ വില കൊടുക്കേണ്ടിവരും.

ഇതൊന്നും അറിയാത്തവരല്ലല്ലോ ഇന്ത്യൻ ഭരണകൂടം. മാത്രമല്ല, ആഗോള കടുവ ദിനത്തോടനുബന്ധിച്ച് 2018 ൽ ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചത് നോക്കൂ: “വികസനവും, പരിസ്ഥിതിയും തമ്മിൽ ആരോഗ്യകരമായ സമതുലനാവസ്ഥ സാധ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് വിശാലാടിസ്ഥാനത്തിലുള്ളതും സമഗ്രവുമായ ഒരു കാഴ്ചപ്പാടാണ് വേണ്ടത്. നമ്മുടെ നയങ്ങളിലും നമ്മുടെ സാമ്പത്തിക ശാസ്ത്രത്തിലും പരിസ്ഥിതിയെ കുറിച്ചുള്ള സംവാദത്തിൽ മാറ്റം വരുത്തണം. പൗരന്മാർക്കായി രാജ്യം കൂടുതൽ വീടുകൾ നിർമിക്കുന്നതോടൊപ്പം മൃഗങ്ങൾക്കായി ഗുണനിലവാരമുള്ള ആവാസ വ്യവസ്ഥകളും സൃഷ്ടിക്കും. ഇന്ത്യക്ക് ഊർജസ്വലമായ സമുദ്ര സമ്പദ്ഘടനയും ആരോഗ്യകരമായ സമുദ്ര പരിസ്ഥിതിയും ഉണ്ടാകും. ഈ സന്തുലനാവസ്ഥ കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യയിലേക്ക് നയിക്കും’. ഇപ്പറഞ്ഞതൊന്നും കടുവകളുടെ കാര്യത്തിൽ മാത്രമാകാൻ സാധ്യതയില്ലല്ലോ.

ആരോഗ്യകരമായ ജീവിതത്തിനും രോഗപ്രതിരോധത്തിനും പ്രാഥമികമായി വേണ്ടതാണ് ആരോഗ്യകരമായ ചുറ്റുപാട്. അത് നഷ്ടപ്പെടുമ്പോഴാണ് രോഗങ്ങളും മരണങ്ങളും മനുഷ്യനെ കീഴടക്കുന്നത്. കരയും കടലും വായുവുമൊക്കെ മലിനീകരിക്കപ്പെട്ടതാണ് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതാകട്ടെ, ഇന്ത്യയെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളെയും. ഈ പ്രതിസന്ധിയെ അതിജീവിക്കാനും ആരോഗ്യകരമായ പരിസരം നിലനിർത്താനുമുള്ള ആസൂത്രിതവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കുകയും ഈ രംഗത്തുള്ള വൻകിട രാഷ്ട്രങ്ങളുടെ ധിക്കാര നിലപാട് തിരുത്തുകയും ചെയ്യേണ്ടതിന് പകരം നമ്മുടെ രാജ്യം കൈക്കൊണ്ട ഈ നിലപാടിനെയോർത്ത് ലജ്ജിക്കാം. ഒപ്പം “ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള അവകാശത്തെക്കുറിച്ചുള്ള ഈ പ്രമേയം ആളുകളെയും പ്രകൃതിയെയും സംരക്ഷിക്കുന്ന പരിവർത്തനാത്മക സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നയങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനുള്ള ഒരു സ്പ്രിംഗ്‌ബോർഡായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധീരമായ നടപടി ഇപ്പോൾ ആവശ്യമാണ്,’ എന്ന മിഷേൽ ബാഷേലത്തിന്റെ ആഹ്വാനത്തിന് ഒരു കൈയടിയും നൽകാം.

Latest