Connect with us

Articles

ഇ ഡി എന്ന കടുവയെ കിടുവ പിടിക്കുന്നുവോ?

കേവലം ഭരണകക്ഷിയുടെ ആയുധമായും അവര്‍ക്ക് ധനസമ്പാദനത്തിന് സഹായിക്കാനും മാത്രമല്ല സ്വന്തം നിലക്ക് വരുമാനമുണ്ടാക്കാനും ഇ ഡി ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Published

|

Last Updated

എല്ലാവരെയും കുടുക്കാന്‍ ശേഷിയുള്ള സ്ഥാപനം എന്ന രീതിയില്‍ ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈയിലെ ഒരു പ്രധാന ആയുധമായിട്ടാണ് കുറച്ച് വര്‍ഷങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. 2002ല്‍ നിലവില്‍ വന്ന പി എം എല്‍ എ (കള്ളപ്പണം വ്യാപിക്കുന്നത് അഥവാ അനധികൃത സ്വത്ത് സമ്പാദനം തടയുന്നതിനുള്ള നിയമം) ശക്തമാക്കപ്പെടുകയും ഇ ഡിക്ക് ഒരു വിധ പരിധിയുമില്ലാത്ത അധികാരങ്ങള്‍ നല്‍കുകയും ചെയ്തത് നല്ല ലക്ഷ്യത്തോടെയാകാം. രാജ്യത്ത് കള്ളപ്പണത്തിന്റെ ഒരു സമാന്തര സമ്പദ്്വ്യവസ്ഥ ഉണ്ടെന്നത് സത്യമാണ്. യാതൊരു വിധ കണക്കിലും പെടാത്ത കുറെ പണം നമ്മുടെ നാട്ടില്‍ ഒഴുകുന്നുണ്ട്. അത് മൂലം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുന്നുമുണ്ട്. ഭൂമി അടക്കമുള്ള വസ്തുക്കളുടെ വിലയില്‍ കാണുന്ന ക്രമാതീതമായ വര്‍ധനക്കുള്ള ഒരു പ്രധാന കാരണം ഇത് തന്നെയാണ്. അഴിമതി വ്യാപകമാക്കുന്നതില്‍ ഈ കള്ളപ്പണത്തിന് നല്ലൊരു പങ്കുണ്ട്. അതുപോലെ തന്നെ അഴിമതിയുടെ വളര്‍ച്ച കള്ളപ്പണത്തിന്റെ കൂടി വളര്‍ച്ചയാണ് താനും. കുറേയാളുകളുടെ ആഡംബര ജീവിതശൈലിക്കും ഇത് തന്നെയാണ് ഒരു കാരണം. സമൂഹത്തിലെ അസമത്വം ഇത് മൂലം വളരെയധികം വര്‍ധിക്കുന്നു. നിയമവിധേയമായി മാത്രം (ശമ്പളമോ ലാഭമോ ഒക്കെ) ഉള്ളവര്‍ക്ക് ഇത് തിരിച്ചടിയാണ്.

കള്ളപ്പണം എന്നാല്‍ വരുമാന സ്രോതസ്സ് എന്തെന്ന് വെളിപ്പെടുത്തപ്പെടാത്ത വരുമാനമാണ്. എവിടെയെങ്കിലും ഇത്തരം പണത്തിന്റെ ഒഴുക്ക് കണ്ടാല്‍ അവിടെ ഇടപെടല്‍ നടത്താന്‍ ഇ ഡിക്ക് അമിതാധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. കള്ളപ്പണക്കേസില്‍ ഒരാള്‍ പ്രതിയാണെന്ന് സംശയിക്കപ്പെട്ടാല്‍ അയാളുടെ മനുഷ്യാവകാശങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാകുന്നു. എത്ര കാലം വേണമെങ്കിലും പ്രതിയാക്കപ്പെട്ടയാളെ അവര്‍ക്ക് തടവിലിടാന്‍ കഴിയും. കോടതികള്‍ക്ക് പോലും ഇതില്‍ ഇടപെടുക എളുപ്പമല്ല. സമൂഹത്തിന്റെ അധികാര ഘടനയില്‍ സ്വാധീനമുള്ളവരാണ് പ്രതികള്‍ എന്നതിനാല്‍ അവരെ സ്വതന്ത്രരായി വിടുന്നത് തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ടെന്ന വാദം പൊതുവെ കോടതികള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നു.

ഇ ഡിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി (കൃത്യമായി പറഞ്ഞാല്‍ 2014ല്‍ കേന്ദ്രത്തില്‍ ബി ജെ പി അധികാരമേറ്റ ശേഷം) നിരവധി പരാതികളും ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് അവര്‍ കേന്ദ്രം ഭരിക്കുന്ന മുന്നണിയിലെ ഒരു ഘടക കക്ഷിയായി പ്രവര്‍ത്തിക്കുന്നു എന്നതാണ് (ഇ ഡിയെ ചിലര്‍ ഇലക്്ഷന്‍ ഡിപാര്‍ട്ട്‌മെന്റ് എന്നും വിളിക്കാറുണ്ട്). പ്രതിപക്ഷ നിരയിലെ നേതാക്കള്‍ക്കെതിരെയാണ് ഈ കേസുകളെല്ലാം എന്ന് കാണാം. ഇന്നാട്ടില്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നത് പ്രതിപക്ഷത്തെ നേതാക്കള്‍ മാത്രമാണെന്ന് ബി ജെ പി നേതാക്കള്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. നിരവധി മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരുമെല്ലാം വിവിധ കേസുകളില്‍ പ്രതികളാകുന്നു. തന്നെയുമല്ല അങ്ങനെ പ്രതികളാക്കപ്പെടുന്ന നേതാക്കള്‍ കാലുമാറി ഭരണകക്ഷിയില്‍ ചേര്‍ന്നാല്‍ പിന്നെ അവര്‍ക്കെതിരെ ഒരു കേസുമില്ലാതാകുന്നു. ഇതിനെ പ്രതിപക്ഷം ആക്ഷേപിക്കുന്നത് “ഇ ഡി, ബി ജെ പിയുടെ അലക്കുയന്ത്രമാണ്’ എന്നാണ്. ഇതിനും പുറമെ നിരവധി പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിക്ക് നിര്‍ത്താനും ഇ ഡിയെയും മറ്റു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഉപയോഗിക്കാറുമുണ്ട്.

ഇ ഡി എടുക്കുന്ന കേസുകള്‍ തീരെ ദുര്‍ബലങ്ങളാണ് എന്നും അവ കേവലം രാഷ്ട്രീയാവശ്യത്തിനു വേണ്ടി മാത്രം എടുക്കുന്നതാണെന്നുമുള്ള ആരോപണം ശരിവെക്കുന്ന രീതിയിലാണ് കോടതി വിധികള്‍. അവരുടെ കേസുകളില്‍ കേവലം രണ്ട് ശതമാനം പോലും വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെടാറില്ല. അന്വേഷണവും വിചാരണയും അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് രാഷ്ട്രീയ സമ്മര്‍ദ തന്ത്രമാണ്. കരുവന്നൂര്‍ സഹകരണ സംഘം തട്ടിപ്പ് നല്ലൊരു ഉദാഹരണമാണല്ലോ. അവിടെ സാധാരണക്കാരുടെ കോടിക്കണക്കിനു രൂപ നഷ്ടമായി. കുറച്ച് പേര്‍ കുറെ നാള്‍ ജയിലില്‍ കിടന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ചയായ കൊടകര കുഴല്‍പ്പണക്കേസ് എത്ര സമര്‍ഥമായാണ് ഒരു “കള്ളപ്പണക്കേസ്’ പോലുമല്ലാതായത്. പ്രതികളെല്ലാം ബി ജെ പിക്കാരായിരുന്നു എന്നതാണ് ഈ കേസ് ഇങ്ങനെ അവസാനിക്കാന്‍ കാരണമായതെന്ന് വ്യക്തമാണ്.
ഇപ്പോള്‍ ഇത് വീണ്ടും ചര്‍ച്ചയാകാനുള്ള കാരണം ചില വാര്‍ത്തകളാണ്. കേവലം ഭരണകക്ഷിയുടെ ആയുധമായും അവര്‍ക്ക് ധനസമ്പാദനത്തിന് സഹായിക്കാനും മാത്രമല്ല സ്വന്തം നിലക്ക് വരുമാനമുണ്ടാക്കാനും ഇ ഡി ശ്രമിക്കുന്നു എന്നാണ് ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇത്ര വ്യാപകമായ സ്വാധീനമുള്ള ഒരു സ്ഥാപനത്തിന്റെ കേസുകള്‍ ഇല്ലാതാക്കാന്‍ ചില ഇടനിലക്കാരുണ്ടെന്ന അറിവ് ആരെയും ഞെട്ടിക്കുന്നതാണ്. അനീഷ് ബാബു എന്ന കൊട്ടാരക്കര സ്വദേശിയുടെ പരാതിയില്‍ ഇപ്പോള്‍ ഇ ഡിക്കെതിരെ സംസ്ഥാന വിജിലന്‍സ് വകുപ്പ് കേസെടുത്ത് അന്വേഷിക്കുന്നു. തന്റെ പേരില്‍ എടുത്തിരിക്കുന്ന കേസ് ഒഴിവാക്കിക്കിട്ടാന്‍ ചില ഇടനിലക്കാര്‍ സമീപിച്ചു എന്നും ആ ഇടനിലക്കാര്‍ക്ക് ഇ ഡിയുടെ ഓഫീസുമായി അടുത്ത ബന്ധുമുണ്ടെന്ന് തനിക്കു മനസ്സിലായി എന്നുമുള്ള അനീഷ് ബാബുവിന്റെ പരാതിയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

തന്നോട് രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിച്ചയാളായ രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് ഇ ഡി ഉദ്യോഗസ്ഥനാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ പിന്നീട് അതല്ല, അവിടെ നിരന്തരം കാണപ്പെടുന്ന ഒരാളാണെന്ന് മനസ്സിലായെന്നും അനീഷ് ബാബു പറയുന്നു. ഇ ഡി ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുമെന്നും അനീഷ് പറയുന്നുണ്ട്. മേയ് അഞ്ചിന് കണ്ടപ്പോള്‍ 14ന് ഹാജരാകുന്ന വിധത്തില്‍ സമന്‍സ് അയപ്പിക്കാമെന്ന് പറഞ്ഞു. ഇതനുസരിച്ച് അനീഷിന്റെ മെയിലില്‍ 14ന് ഹാജരാകാനുള്ള സമന്‍സ് വരികയും ചെയ്തപ്പോള്‍ ഇദ്ദേഹത്തിന് ആ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് വ്യക്തമായി. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് അനീഷിന് ആദ്യ സമന്‍സ് ഇ ഡിയില്‍ നിന്ന് ലഭിച്ചത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അന്ന് അഭിഭാഷകന്‍ മുഖേന അതിന് മറുപടിയും നല്‍കി. ഇതിനു ശേഷം 2024 ഡിസംബറില്‍ സമന്‍സ് വന്നു, ഹാജരായി മൊഴി കൊടുത്തു. താന്‍സാനിയയില്‍ നടത്തുന്ന കശുവണ്ടിക്കമ്പനി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. അപ്പോള്‍ അസ്സിസ്റ്റന്റ്ഡയറക്ടര്‍ ശേഖര്‍ കുമാറായിരുന്ന കേസ് കൈകാര്യം ചെയ്തിരുന്നത്. താന്‍സാനിയയില്‍ നിന്ന് രേഖകള്‍ എടുക്കണമെങ്കില്‍ അവിടെ പോകേണ്ടി വരുമെന്നും അല്ലാത്തപക്ഷം എംബസി വഴി ഇടപെട്ടാല്‍ ഇ ഡിക്ക് തന്നെ രേഖകള്‍ ലഭിക്കുമെന്നും അനീഷ് പറഞ്ഞിരുന്നു. ഇതിനായി മൂന്ന് തവണ ഓഫീസില്‍ ഹാജരായി എന്നും ഒടുവില്‍ കണ്ടപ്പോള്‍ 14 ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനീഷ് പറയുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച ഘട്ടത്തിലാണ് ഇടനിലക്കാരന്‍ രംഗപ്രവേശം നടത്തുന്നത്. രണ്ട് കോടി രൂപ നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. രണ്ട് ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ കൈയോടെ വിജിലന്‍സ് പിടിച്ച ഇയാളുടെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നപ്പോഴാണ് അത് മുകേഷാണെന്ന് തിരിച്ചറിയുന്നത്.
അനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരു മര്യാദയുമില്ലാതെ ഒരു ഇ ഡി ഉദ്യോഗസ്ഥന്‍ പെരുമാറി എന്നും അനീഷിന്റെ പരാതിയില്‍ ഉണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് ഭീഷണിപ്പെടുത്തിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേര് അറിയില്ലായിരുന്നു. അയാള്‍ മലയാളിയാണെന്നും അയാളുടെ രൂപഭാവങ്ങള്‍ ഇന്ന രീതിയിലാണെന്നും പറഞ്ഞപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പറഞ്ഞത് അത് പി രാധാകൃഷ്ണനാണെന്ന്. എന്നാല്‍ വിജിലന്‍സ് ഓഫീസില്‍ വെച്ച് ഫോട്ടോ കണ്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. അത് ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ ചെന്ന് ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ “തറയില്‍ ഇരിയെടാ’ എന്ന് ആക്രോശിച്ചു എന്നാണ് അനീഷ് പറയുന്നത്. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമീപിച്ച വില്‍സണ്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മുറിയില്‍ തനിക്കുണ്ടായ ഭീഷണിയും മറ്റും കൃത്യമായി പറഞ്ഞതോടെയാണ് അയാള്‍ക്ക് ഈ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് ബോധ്യമായത് എന്നും അനീഷ് പറയുന്നു. ഈ ഇ ഡി
ഉദ്യോഗസ്ഥനും അയാളുടെ ഏജന്റും മറ്റൊരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ഈ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. സംശയിക്കുന്ന ഇ ഡി ഉദ്യോഗസ്ഥനെ വിളിച്ച് ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ ശ്രമം. മാത്രവുമല്ല ഇതേ രീതിയില്‍ ചതിക്കപ്പെട്ട മറ്റു ചിലരും ഉണ്ടാകാമെന്നും വിജിലന്‍സ് കരുതുന്നു.
സമാനമായ ആരോപണം വന്നിട്ടുള്ളത് വ്യവസായിയായ ഷിജു എം വര്‍ഗീസ് എന്നയാളില്‍ നിന്നാണ്. 2018-19 കാലത്ത് ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നല്ലോ കടല്‍ മണല്‍ ഖനനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ സ്ഥാപനവുമായുണ്ടാക്കിയ കരാര്‍. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ആ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിഷയം സംബന്ധിച്ച് ഇ ഡി അന്വേഷണം നടത്തുന്നുണ്ട് എന്നും അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഒരു ഏജന്റ് തന്നെ സമീപിച്ചുവെന്ന് ഷിജു മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം തട്ടിപ്പുകാര്‍ ഏറെ പുതിയതും സങ്കീര്‍ണവുമായ വിനിമയ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് വഴിയുള്ള ടെലിഫോണ്‍ സംവിധാനം ഉപയോഗിക്കുക വഴി എവിടെ നിന്നാണ് വിളിക്കുന്നത് എന്ന് കണ്ടെത്തുക എളുപ്പമല്ല. ഒപ്പം മുംബൈ കേന്ദ്രമായുള്ള ചില അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇതിലെ പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ഡിജിറ്റല്‍ വഴികള്‍ കണ്ടെത്താനാണ് ശ്രമം. ഇതിന്റെ മുന്നില്‍ കാണുന്നവര്‍ ആയിരിക്കില്ല യഥാര്‍ഥ ഗൂഢ സംഘം എന്നും സംശയമുണ്ട്. ഇതിലെ പ്രതികളെ വിജിലന്‍സ് കണ്ടെത്തിയാല്‍ ആ എഫ് ഐ ആര്‍ അനുസരിച്ച് അവരുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുക്കേണ്ടത് ഇ ഡി തന്നെയാണ്.
ഇ ഡി കേന്ദ്ര ഓഫീസും ഈ വിഷയം ഗൗരവമായാണ് കാണുന്നത് എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. കൊച്ചിയിലെ ഉദ്യോഗസ്ഥരുടെയെല്ലാം ഫോണുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ഇ മെയിൽ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. അതെന്തായാലും ഇ ഡി എന്ന സ്ഥാപനവും അഴിമതിയില്‍ നിന്ന് വിമുക്തമല്ല എന്ന അറിവ് നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഇ ഡി എന്ന കടുവയെ കിടുവ പിടിക്കുന്നുവോ?