Connect with us

cover story

അത് അവരുടെ തെറ്റാണോ?

അനാഥയായ ആ പെൺകുട്ടി ജ്യേഷ്ഠന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ജ്യേഷ്ഠൻ അവളെ അനാഥാലയത്തിൽ ചേർത്തു. അനാഥാലയത്തിലെത്തിയാൽ അവൾക്കെപ്പോഴും കാലിൽ വലിയ വ്രണങ്ങൾ വരും. കുറേ ആളുകളെ കാണിച്ചിട്ടും മാറിയില്ല എന്ന പരാതിയോടെയാണ് അവർ എന്നെ സമീപിക്കുന്നത്. അവളെ ഇരുത്തി ഹിപ്‌നോ അനാലിസിസ് ചെയ്തപ്പോഴാണ് അവൾക്ക് അനാഥാലയത്തിൽ നിൽക്കാൻ ഇഷ്ടമില്ലെന്നറിയുന്നത്. അനാഥാലയത്തിൽ വന്നാൽ കാലിൽ ചൊറിഞ്ഞു വ്രണമുണ്ടാക്കും. വ്രണം വന്നാൽ ജ്യേഷ്ഠൻ വന്ന് വീട്ടിൽ കൊണ്ടുപോകുമല്ലോ എന്ന് കരുതി അവൾ അവളുടെ അബോധ മനസ്സിൽ ചെയ്യുന്നതാണിത്.

Published

|

Last Updated

ഒരിക്കൽ ഒരു സ്ത്രീ ചികിത്സക്കായി സമീപിക്കുകയുണ്ടായി. ഈ സ്ത്രീ ഒരു കടയിൽ ജോലിക്ക് നിൽക്കുകയാണ്. സുഖമില്ലാത്ത ഒരു മകൾ വീട്ടിൽ കിടക്കുന്നുണ്ട്. അവളെ പരിചരിക്കാൻ ഈ സ്ത്രീക്ക് ഇടക്കിടെ ലീവ് ലഭിക്കണം. ലീവിന് വേണ്ടി അവൾ ഇടയ്ക്കിടെ ഓരോ അസുഖമുണ്ടാക്കും. അതിന് വേണ്ടി കൈയിലും കാലിലും എല്ലാം മാന്തിപ്പറിച്ച് വ്രണങ്ങളുണ്ടാക്കും. വ്രണങ്ങളുണ്ടായാൽ കടയുടമ അവൾക്ക് ലീവ് അനുവദിക്കുകയും ചെയ്യും. മകളുടെ കൂടെ നിൽക്കാൻ വേണ്ടി ലീവ് ലഭിക്കാനാണ് അവളിങ്ങനെ ചെയ്യുന്നത്.

അനാഥയായ ആ പെൺകുട്ടി ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജ്യേഷ്ഠൻ അവളെ അനാഥാലയത്തിൽ ചേർത്തു. അനാഥാലയത്തിലെത്തിയാൽ അവൾക്കെപ്പോഴും കാലിൽ വലിയ വ്രണങ്ങൾ വരും. കുറേ ആളുകളെ കാണിച്ചിട്ടും മാറിയില്ല എന്ന പരാതിയോടെയാണ് അവർ എന്നെ സമീപിക്കുന്നത്. അവളെ ഇരുത്തി ഹിപ്‌നോ അനാലിസിസ് ചെയ്തപ്പോഴാണ് അവൾക്ക് അനാഥാലയത്തിൽ നിൽക്കാൻ ഇഷ്ടമില്ലെന്നറിയുന്നത്. അനാഥാലയത്തിൽ വന്നാൽ കാലിൽ ചൊറിഞ്ഞു വ്രണമുണ്ടാക്കും. വ്രണം വന്നാൽ ജ്യേഷ്ഠൻ വന്ന് വീട്ടിൽ കൊണ്ടുപോകുമല്ലോ എന്ന് കരുതി അവൾ അവളുടെ അബോധ മനസ്സിൽ ചെയ്യുന്നതാണിത്.
അനാഥാലയത്തിൽ നിന്ന് പഠനം അവസാനിപ്പിച്ച് വീട്ടിൽ സ്ഥിരതാമസം തുടങ്ങിയപ്പോൾ അസുഖം പതിയെ സുഖപ്പെടുകയും ചെയ്തു. ഇതെല്ലാം ഉപബോധ മനസ്സ് ചെയ്യുന്ന കാര്യങ്ങളാണ്. ഇത്തരം അവസ്ഥകളെല്ലാം വളരെ അപൂർവമായേ കാണപ്പെടാറുള്ളൂ.

എല്ലാ അവയവങ്ങൾക്കും മനസ്സുമായി അഭേദ്യ ബന്ധമുണ്ട്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരവുമുണ്ടാകൂ. രോഗിയെ ഒരു യന്ത്ര സമാനമായി കാണുന്ന ബയോ മെഡിക്കൽ കൺസെപ്റ്റ് പ്രകാരമായിരുന്നു മുമ്പ് വൈദ്യശാസ്ത്രത്തിൽ ചികിത്സകൾ നിർണയിച്ചിരുന്നത്. എന്നാൽ, ഇന്ന് ബയോ മെഡിക്കൽ സിദ്ധാന്തപ്രകാരം സമീപിക്കുന്നതിൽ നിന്ന് മാറുകയും രോഗിയുടെ ചുറ്റുപാടുകളും ശരീരികവും മാനസികവുമായ അവസ്ഥകളും പരിഗണിച്ച് ചികിത്സിക്കുന്ന ഹോളിസ്റ്റിക് മെഡിസിന് സ്വീകാര്യതയേറുകയും ചെയ്തു. ഒരാൾ ഇടപെടുന്ന എല്ലാ മേഖലകളും അയാളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് ഒരാളുടെ മനസ്സ്. മനസ്സ് ആരോഗ്യകരമല്ലെങ്കിൽ നമുക്ക് എല്ലാതരം രോഗങ്ങളുമുണ്ടാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ത്വക്ക്. നമ്മുടെ വികാരങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്ന ഒരു അവയവം കൂടെയാണ് ത്വക്ക്. പ്രധാനമായും മൂന്ന് രീതിയിലാണ് മനസ്സും ചർമ രോഗങ്ങളും തമ്മിൽ ബന്ധപ്പെടുന്നത്.

. ആദ്യമേ മാനസിക അസ്വസ്ഥതകൾ ഉള്ള ഒരാൾക്ക് ചർമ രോഗങ്ങൾ വരാം.

. ചർമ രോഗങ്ങൾ ഉള്ള ഒരാൾക്ക് പിന്നീട് മാനസിക രോഗങ്ങൾ വരാം.

. പ്രഥമികമായി ചർമ രോഗങ്ങൾ ഉള്ളവർക്ക് ടെൻഷനോ മറ്റോ വന്നാൽ അസുഖം കൂടുന്ന അവസ്ഥ ഉണ്ടാകാം.

മാനസിക അസ്വസ്ഥതകളെ തുടർന്നുണ്ടാകുന്ന ചർമ രോഗങ്ങൾ

ഈ അവസ്ഥ പൊതുവെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നത്. factitious desmatitis എന്ന രോഗാവസ്ഥയാണിത്. ഒരാളുടെ മാനസിക പ്രയാസങ്ങൾ കാരണം ചർമത്തിൽ വ്രണങ്ങളും അടയാളങ്ങളും രൂപപ്പെടുന്ന അവസ്ഥയാണിത്.

ചർമരോഗത്തെ തുടർന്നുള്ള വിഷാദങ്ങൾ

ഈ അവസ്ഥ കുറച്ചുകൂടെ സാധാരണമാണ്. മുഖക്കുരു വന്ന ഒരു കൗമാരക്കാരൻ / യുവാവ് പുറത്തിറങ്ങാൻ മടി കാണിക്കുകയും ആരും തന്നെ കാണരുതെന്ന് കരുതി എല്ലാവരിൽ നിന്നും അകന്ന് കഴിയുകയും ചെയ്യും. അത് ക്രമേണ മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും നയിക്കും. ചർമരോഗമായി തുടങ്ങിയ രോഗാവസ്ഥ ക്രമേണ മാനസിക രോഗമായി മാറുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്. ഇത്തരം അവസ്ഥ കുറേ ആളുകളിൽ കാണപ്പെടാറുണ്ട്. സോറിയാസിസ്, മുഖക്കുരു, കുഴിനഖം, കരപ്പൻ, വെള്ളപ്പാണ്ട് എന്നീ രോഗങ്ങളെ തുടർന്നൊക്കെ ഈ അവസ്ഥ കാണപ്പെടാറുണ്ട്.

കൈയിലും ചുണ്ടിലും എല്ലാം വെള്ളപ്പാണ്ടിന്റെ ചെറിയ അടയാളങ്ങളുമായി ഒരു സ്‌കൂൾ ടീച്ചർ സമീപിക്കുകയുണ്ടായി. ചുണ്ടിലെയും കൈയിലേയും അടയാളങ്ങൾ കണ്ട് വിദ്യാർഥികൾ അതേ കുറിച്ച് ചോദിക്കുന്നു എന്ന് പറഞ്ഞ് വിഷാദം പിടികൂടിയ അവസ്ഥയിലാണ് അവർ വന്നത്.

ഇത്തരം അവസ്ഥകളിൽ കേവലം വെള്ളപ്പാണ്ടിന് മാത്രം ചികിത്സ ലഭ്യമാക്കിയാൽ രോഗം സുഖപ്പെട്ടു കൊള്ളണമെന്നില്ല. മാനസിക തകരാറുകൾക്ക് കൂടെ ആശ്വാസം നൽകിയെങ്കിൽ മാത്രമേ തൊലിപ്പുറമേയുള്ള അസുഖങ്ങൾക്ക് ഇത്തരം അവസ്ഥയിൽ ഫലം കാണുകയുള്ളൂ. മിക്കവാറും എല്ലാ ചർമ അസുഖങ്ങളിലും ഇത്തരം മാനസിക വിഷമങ്ങൾ ഉണ്ടാകുമ്പോൾ ചർമ രോഗം കൂടുന്നു.

ഈ അവസ്ഥയാണ് വളരെ കൂടുതലായി കാണപ്പെടാറുള്ളത്. സോറിയാസിസ്, കരപ്പൻ, വെള്ളപ്പാണ്ട് തുടങ്ങിയ രോഗാവസ്ഥകൾ നിലനിൽക്കെ എന്തെങ്കിലും മാനസിക വിഷമമോ ടെൻഷനോ വന്നാൽ രോഗം കൂടുന്ന സ്ഥിതിയാണുണ്ടാകുക. ഇവിടെ വലിയ മാനസിക വിഷാദമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ വിഷമങ്ങൾ വരുമ്പോഴേക്ക് തന്നെ അത് തൊലിയിൽ പ്രകടമാകുന്നു. കുടുംബ പ്രശ്‌നങ്ങൾ, വീട്ടിലെ വിഷമങ്ങൾ, പരീക്ഷകൾ, ഓവർ വർക്കുകൾ തുടങ്ങിയ എന്തെങ്കിലും ചെറിയ ബുദ്ധിമുട്ട് വരുമ്പോഴേക്കും രോഗാവസ്ഥ കൂടും. പിന്നീട് ഈ ചർമരോഗം തന്നെ ഒരു ക്ലേശമായി മാറും. ഇത്തരം അവസ്ഥകളിൽ മാനസിക വിഷമത്തിനും ചർമത്തിനും ഒരുമിച്ചാണ് ചികിത്സ തേടേണ്ടത്. ഇങ്ങനെ രണ്ടിനും ഒരുമിച്ച് ചികിത്സ തേടിയിട്ടില്ലെങ്കിൽ ഇതൊരു ചാക്രിക പ്രക്രിയയായി തുടർന്ന് കൊണ്ടിരിക്കും.

ഉദാഹരണമായി തണുപ്പ് കുടുമ്പോൾ സോറിയാസിസ് കൂടും. സോറിയാസിസ് കൂടിയാൽ അത് കൂടിയല്ലോ എന്ന ടെൻഷൻ വരും. ആ ടെൻഷൻ കാരണം സോറിയാസിസ് വീണ്ടും കൂടും.

Prurigo Nodularis

മനസ്സും ചർമവും തമ്മിൽ ബന്ധപ്പെട്ട മറ്റൊരു രോഗാവസ്ഥയാണ് Prurigo Nodularis . കാലിലോ കൈയിലോ ഒക്കെയാണ് സാധാരണ ഇത് കാണുക. കുട്ടികളിലും പ്രായം ചെന്നവരിലുമാണ് ഇത് കൂടുതൽ കാണപ്പെടാറുള്ളത്. പഠന സംബന്ധമായി ടെൻഷൻ ഉള്ള കുട്ടികളിൽ ഇത് കാണപ്പെടാം.

തിരക്കിട്ട് എങ്ങോട്ടോ വാഹനത്തിൽ പോകുന്നതിനിടയിൽ മുന്നിൽ വലിയൊരു ട്രാഫിക് ബ്ലോക്ക് കണ്ടാൽ നമ്മൾ തല ചൊറിയാറില്ലേ. ടെൻഷൻ വരുമ്പോൾ ചൊറിയുക എന്നത് ഒരു റിഫ്‌ളക്‌സ് പ്രവർത്തനമാണ്. അതുപോലെ ടെൻഷൻ വന്നാൽ കുട്ടികൾ കാലിലോ കൈയിലോ ചൊറിയും. മുമ്പ് കൈയിലോ കാലിലോ കൊതുകോ മറ്റോ കടിച്ച് അടയാളമുണ്ടായ സ്ഥലത്താകും ഇങ്ങനെ ചൊറിയുന്നത്. അങ്ങനെ തുടർച്ചയായി ചൊറിയുന്നത് ശരീരത്തിലെ ചെറിയ വ്രണങ്ങൾ കൂടാനും ഒരു ചർമ രോഗമായി മാറാനും കാരണമാകുന്നു.

ഇംഗ്ലീഷോ മാത്സോ പോലുള്ള പഠിക്കാൻ താരതമ്യേന പ്രയാസമുള്ള വിഷയങ്ങൾ പഠിക്കുമ്പോൾ വിരലുകൾ താനേ ചൊറിഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ചൊറിയുന്ന ഭാഗങ്ങളിൽ കറുത്ത പാടുകൾ വീഴും. ഇവിടെയും ഈ ചൊറിക്ക് മാത്രം ചികിത്സ നൽകിയാൽ മതിയാകില്ല.

ആരും പരിചരിക്കാനില്ലാത്ത മുതിർന്നവരിൽ അവരുടെ പ്രയാസങ്ങൾ കാരണം മാനസികമായി ക്ലേശം അനുഭവിക്കുകയും തത്ഫലമായി തൊലിയിങ്ങനെ ചൊറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. തൊലിപ്പുറമേയുള്ള 40 മുതൽ 60 ശതമാനം രോഗങ്ങൾക്കും മനസ്സുമായി ബന്ധമുണ്ട്. അണുബാധകൾ അല്ലാത്ത മിക്ക ചർമരോഗങ്ങളും മനസ്സുമായി ബന്ധപ്പെട്ടതാണ്.

Trichotillomania

എന്തെങ്കിലും വിഷമങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ സ്വന്തം തലയിലെ മുടി അറിയാതെ കൈകൊണ്ട് പറിെച്ചടുക്കുന്നതും ഒരു രോഗാവസ്ഥയാണ്. Trichotillomania എന്നാണ് ഈ അവസ്ഥക്ക് പറയുക. താൻ പഠിക്കുന്ന സ്‌കൂളിലെ പ്രിൻസിപ്പലിനെ പേടിയുള്ള ഒരു കുട്ടിയുമായി രക്ഷിതാക്കൾ എന്നെ സമീപ്പിക്കുകയുണ്ടായി. പ്രിൻസിപ്പൽ ക്ലാസ്സിലേക്ക് വരുമ്പോൾ ഈ കുട്ടി അവന്റെ മുടി അറിയാതെ വലിച്ചുകൊണ്ടിരിക്കും. ആദ്യമൊന്നും കാരണം അറിഞ്ഞിരുന്നില്ല. വീട്ടുകാർ പിന്നീട് കാരണം കണ്ടെത്തുകയും അത് പരിഹരിക്കുകയും ചെയ്തപ്പോൾ ഈ ശീലവും നിർത്താൻ സാധിച്ചു.

പേടിയും ചർമരോഗങ്ങളും

കുഷ്ഠരോഗം വന്ന് അമിതമായി വേദനയോടെ ഒരു ചെറുപ്പക്കാരനെ എന്റെ പക്കൽ കൊണ്ടുവന്നിരുന്നു. സാധാരണ കുഷ്ഠരോഗത്തിനുള്ള മരുന്ന് നൽകിയാൽ അതിന്റെ വേദന പതിയെ കുറയേണ്ടതാണ്. പക്ഷേ ഇവിടെ ഇവന് മരുന്ന് നൽകിയിട്ടും വേദന കുറയുന്നില്ല. ഒടുവിൽ മനശ്ശാസ്ത്ര സമീപനത്തിലൂടെ പരിശോധിച്ചപ്പൊൾ അവന്റെ ഈ അസുഖവും വേദനയും ഒരു കാലത്തും മാറില്ല എന്ന് അവൻ മനസ്സിൽ കരുതിയിരിക്കുന്നെന്ന് മനസ്സിലായി. മണിക്കൂറുകൾക്കകം അവൻ വേദന കുറഞ്ഞെന്ന് പറയുകയും അമിത വേദന കാരണം സ്‌ട്രെക്ച്ചറിൽ കൊണ്ടുവരപ്പെട്ട അവൻ തിരികെ വാർഡിലേക്ക് നടന്നുപോകുകയും ചെയ്തു.
ഒമ്പതോ പത്തോ വയസ്സായ ചെറിയ പെൺകുട്ടി സന്ധ്യാ സമയമാകുമ്പോഴേക്കും ശരീരമൊന്നാകെ ചൊറിച്ചിൽ വരുന്ന അവസ്ഥയുമായി ഒരിക്കൽ ചികിത്സക്ക് വന്നിരുന്നു. അവളുടെ ചർമത്തിനാണെങ്കിൽ ഒരു കുഴപ്പവുമില്ല. ചൊറിച്ചിൽ കാരണം പഠിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇത് കണ്ടപ്പോൾ തന്നെ ശരീരികമല്ല, മാനസിക ബുദ്ധിമുട്ടാണ് കാരണം എന്ന് തോന്നിയിരുന്നു. പിന്നീട് അവളെ ഹിപ്‌നോട്ടിസം ചെയ്തപ്പോഴാണ് അവളുടെ യഥാർഥ പ്രശ്‌നം മനസ്സിലായത്. അവളൊരിക്കൽ കുടുംബവുമൊന്നിച്ച് സർക്കസ് കാണാൻ പോയിരുന്നു. അവിടെ മരണക്കിണറിനുള്ളിലൂടെ ബൈക്ക് ഓടിക്കുന്നത് കണ്ട് ഇവളാകെ പരിഭ്രാന്തപ്പെടുകയും ശരീരത്തിൽ ചൊറിച്ചിൽ പോലെയുള്ള പ്രയാസങ്ങൾ അനുഭവപ്പെടുകയും ചെയ്തു. അന്ന് സന്ധ്യാ സമയത്തായിരുന്നു അവളീ സർകസ് കണ്ടത്. അതിനാൽ തന്നെ ആ സമയമാകുമ്പോഴേക്ക് ആ രംഗവും അന്നത്തെ പേടിയും അവളുടെ മനസ്സിലേക്ക് വരികയും അവൾക്ക് ശരീരത്തിൽ ചൊറിച്ചിലും വേദനയും ഉണ്ടാകാനും തുടങ്ങി. അങ്ങനെ പഠനത്തിലും മറ്റും ശ്രദ്ധ ഇല്ലാതായി. സൈക്കോ തെറാപ്പി എന്ന മാനസിക ചികിത്സയിലൂടെ മരുന്നൊന്നുമില്ലാതെ ഒന്നു രണ്ടു തവണ അവളെ ശുശ്രൂഷിച്ചപ്പോഴേക്കും അവളുടെ അസുഖം സുഖപ്പെട്ടു.

ചികിത്സകൾ

സാധാരണ ചർമരോഗങ്ങൾക്ക് ചികിത്സിക്കുന്നത് പോലെ ചികിത്സിച്ചാൽ മാനസിക പ്രശ്‌നവുമായി ബന്ധപ്പെട്ട ചർമരോഗങ്ങൾ സുഖപ്പെട്ടുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് കുറേ കാലമായി ചികിത്സിക്കുന്നു, ഡോക്ടറേ ഇപ്പോഴും മാറിയിട്ടില്ല എന്ന പരിഭവവുമായി അനേകം രോഗികളെത്തുന്നത്. മനസ്സിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തിടത്തോളം കാലം ഇത്തരം ചർമരോഗങ്ങൾ മാറില്ല. മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മനസ്സിനെ സാധാരണ നിലയിലാക്കാനും അതുവഴി ചർമരോഗങ്ങൾ സുഖപ്പെടുത്താനും വിവിധ മാർഗങ്ങളുണ്ട്.

വിശ്രമം

അസ്വസ്ഥമായ ഇടങ്ങളിൽ നിന്ന് അൽപ്പകാലത്തേക്കും സമയത്തേക്കും വിട്ടുനിന്ന് മനസ്സിനെ ശാന്തമാക്കാം.

ശ്വസന വ്യായാമങ്ങൾ

ശ്വസന വ്യായാമം ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ പറ്റുന്ന വളരെ ലളിതമായ പ്രക്രിയകളാണ്. ടെൻഷൻ ഉള്ളവർക്ക് അവരുടെ ടെൻഷൻ കുറക്കാനും ടെൻഷൻ വരുമ്പോഴുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ കുറക്കാനുമൊക്കെ ഇത് സഹായകരമാണ്.

മെഡിറ്റേഷൻ

മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും മാനസിക സമ്മർദങ്ങൾ കുറക്കാനും മെഡിറ്റേഷൻ വഴി സാധിക്കുന്നു.

ഹിപ്‌നോ തെറാപ്പി

ഹിപ്‌നോ തെറാപ്പി വഴി ഉപബോധ മനസ്സിലേക്ക് രോഗിയെ കൊണ്ടുപോകുകയും അവരുടെ ബോധമനസ്സിലുള്ള മാനസിക സമ്മർദങ്ങളും പ്രയാസങ്ങളും കണ്ടെത്തി അവക്ക് പരിഹാരം നിർദേശിക്കുകയും പോസിറ്റീവ് ഉപദേശങ്ങൾ നൽകി രോഗങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുന്നു.

ഹാബിറ്റ് റിവേഴ്‌സൽ

തൊലിപ്പുറമെ ചൊറിയുക എന്നത് ഒരു ശീലമാണ്. മനശ്ശാസ്ത്രപരമായി ആ ശീലത്തെ നിർത്തണമെങ്കിൽ മറ്റൊരു ശീലത്തെ പകരം വെക്കണം. തൊലിപ്പുറമെ നിരന്തരം ചൊറിയുന്ന ഒരാളോട് ചൊറിയരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. പഠിക്കുന്ന സമയത്തൊക്കെ ചൊറിയുന്ന കുട്ടികളുടെ കൈയിൽ സ്‌പോഞ്ചിന്റെ ചെറിയ പന്ത് നൽകിയാൽ ചൊറിയാൻ തോന്നുന്ന സമയത്ത് അവരത് അമർത്തിക്കൊള്ളും. ഇത് ഹാബിറ്റ് റിവേഴ്സൽ ചികിത്സയിൽ പെട്ടതാണ്.

കൗൺസലിംഗ്

ഇത്തരം രോഗങ്ങളിൽ കൗൺസലിംഗ് വളരെ പ്രധാനമാണ്. എന്തെന്നാൽ ഇത്തരം അസുഖങ്ങൾ പിടിപെട്ട് കുറേ കാലം പിന്നിടുന്പോൾ ഇത് മറ്റുള്ളവർക്ക് പകരുമോ എന്നൊക്കെയുള്ള ആധികൾ രോഗിക്ക് ഉണ്ടാകാറുണ്ട്. ഈയടുത്ത് കൈയിന്മേലൊരു ചൊറിവന്ന വയസ്സായ ഉമ്മയോട് മരുമകൾ പേരമക്കളെ എടുക്കരുതെന്ന് പറഞ്ഞിരുന്നു. അതേത്തുടർന്ന് വിഷമമായി ആ വയസ്സായ ഉമ്മക്ക് അസുഖം കൂടുകയാണുണ്ടായത്. അതിനാൽ തന്നെ ഇത്തരം സന്ദർഭങ്ങളിൽ രോഗിക്കും വീട്ടുകാർക്കും മതിയായ PSYCHO EDUCATION നൽകണം. രോഗം എന്താണെന്നും അത് പകരുമോ എന്നും സുഖപ്പെടില്ലേ എന്നതുമൊക്കെ നമ്മൾ പറഞ്ഞുമനസ്സിലാക്കി ചികിത്സിച്ചാൽ തന്നെ രോഗം ഒരു പരിധിവരെ സുഖപ്പെടും.

ആന്റി ഡിപ്രസന്റ് മരുന്നുകൾ

കൗൺസലിംഗിലൂടെയും മറ്റും മനശ്ശാസ്ത്ര സമീപനങ്ങളിലൂടെയും ഒന്നും രോഗിയുടെ ടെൻഷനും വിഷാദവും കുറഞ്ഞിട്ടില്ലെങ്കിൽ ചില ആന്റി ഡിപ്രസന്റ് മരുന്നുകൾ നൽകേണ്ടതായി വരും. ചർമവും മനസ്സും ഒരുമിച്ച് ചേർന്ന് സമീപിച്ചാൽ മാത്രമേ ഇത്തരം രോഗങ്ങൾ പൂർണമായും സുഖപ്പെടുകയുള്ളൂ. ചർമരോഗ വിദഗ്ധനെ മാത്രം കാണിച്ചാലോ ഇത്തരം അസുഖങ്ങൾ പൂർണമായും സുഖപ്പെട്ടുകൊള്ളണമെന്നില്ല. ഇവിടെയാണ് സൈക്കോ ഡെർമറ്റോളജി (PSYCHO DERMATOLOGY ) യുടെ പ്രസക്തിയേറുന്നത്.

ചർമരോഗ വിദഗ്ധനും സൈക്കോളജിസ്റ്റും സൈക്ക്യാട്രിസ്റ്റും ഒരുമിച്ചിരുന്നാണ് ഇവിടെ ചികിത്സ നിർണയിക്കേണ്ടത്.
ചർമത്തിന് ചികിത്സ തേടി വന്ന ഒരാളോട് നിങ്ങൾ മാനസിക രോഗ വിദഗ്ധനെ കാണൂ എന്ന് പറഞ്ഞാൽ അയാളത് കേട്ടെന്നു വരില്ല. ചർമത്തിന് ചെറിയൊരു ചികിത്സ തേടിയ എന്നെ നിങ്ങൾ മാനസികരോഗിയാക്കി എന്നാവും അയാളുടെ പ്രതികരണം. ഇത് ഈ മേഖലയിൽ ചികിത്സിക്കുന്പോൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.

( ലേഖകൻ കോഴിക്കോട് ഗവ. മെഡി. കോളജ് ഡെർമറ്റോളജി വിഭാഗം പ്രൊഫസറാണ്)

Latest