Connect with us

iran

ബഹ്‌റൈനോട് ഇറാൻ; ഈ കറ മായ്ക്കാനാകില്ല

കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ ഇസ്‌റാഈൽ വിദേശകാര്യ മന്ത്രിയെത്തുകയും എംബസിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത സംഭവത്തെ ശക്തമായ ഭാഷയിൽ എതിർത്ത ഇറാൻ, ഈ നയതന്ത്ര ബന്ധമുണ്ടാക്കുന്ന കറ മായ്ക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി

Published

|

Last Updated

തെഹ്‌റാൻ | ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ബഹ്‌റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ ഇസ്‌റാഈൽ വിദേശകാര്യ മന്ത്രിയെത്തുകയും എംബസിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത സംഭവത്തെ ശക്തമായ ഭാഷയിൽ എതിർത്ത ഇറാൻ, ഈ നയതന്ത്ര ബന്ധമുണ്ടാക്കുന്ന കറ മായ്ക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി.

യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ബഹ്‌റൈനും യു എ ഇയും ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്.
ഫലസ്തീൻ ജനതയുടെ വികാരങ്ങൾ വ്രണപ്പെടുത്തിയാണ് ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്ന ഗൾഫ് രാജ്യങ്ങളായി ഇവർ മാറിയത്. ഇതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളായ സുഡാനും മൊറോക്കോയും ഇസ്‌റാഈലുമായി അടുത്തു.

അറബ് മേഖലയിൽ ഇസ്‌റാഈലിന്റെ വിനാശകരമായ സാന്നിധ്യം അപകടം ചെയ്യുമെന്നും ഇതിൽ തങ്ങൾക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്വീബ്‌സാദെ വ്യക്തമാക്കി.

“സിയോണിസ്റ്റ് ഭരണകൂടം നടത്തുന്ന കൊടും ക്രൂരതകൾ ബഹ്‌റൈൻ ഭരണകർത്താക്കൾ അവഗണിക്കുന്നത് അത്യന്തം നിരാശാജനകമാണ്. ഈ കറ അവരുടെ പ്രശസ്തികൊണ്ടൊന്നും മായ്ക്കാനാകില്ല. ഫലസ്തീൻ ജനതക്ക് നേരെ സിയോണിസ്റ്റ് ഭരണകൂടവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നടപടികളെ അറബ് മേഖലയിലെ ജനത എതിർത്തുകൊണ്ടേയിരിക്കും.’ – അദ്ദേഹം പറഞ്ഞു.