National
അനധികൃത മണ്ണെടുപ്പ് തടഞ്ഞ ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; അജിത് പവാറിനെതിരെ പ്രതിഷേധം ശക്തം
നടപടി നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അജിത് പവാര്‍.

മുംബൈ | മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. വി എസ് അഞ്ജന കൃഷ്ണ ഐ പി എസിനെയാണ് ഭീഷണിപ്പെടുത്തിയത്. അനധികൃത മണ്ണെടുപ്പ് തടയാന്‍ അഞ്ജന കൃഷ്ണ ശ്രമിച്ചപ്പോഴായിരുന്നു ഭീഷണി. നടപടി നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അജിത് പവാര്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി അജിത് പവാര്‍ രംഗത്തെത്തി. സ്ഥലത്തെ സംഘര്‍ഷാവസ്ഥ തണുപ്പിക്കാനാണ് താന്‍ ഇടപെട്ടതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അഞ്ജനയുടെ വിദ്യാഭ്യാസ, ജാതി രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പോലീസ് സേനയോടും വനിതാ ഉദ്യോഗസ്ഥരോടും തനിക്ക് വലിയ ബഹുമാനമാണെന്നും അജിത് പവാര്‍ പറഞ്ഞു.
അജിത് പവാര്‍ ഐ പി എസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരു എന്‍ സി പി പ്രവര്‍ത്തകന്റെ ഫോണിലാണ് ഐ പി എസ് ഉദ്യോഗസ്ഥയുമായി അജിത് പവാര്‍ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അഞ്ജനയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തനിക്ക് ആളെ മനസ്സിലായില്ലെന്നും ഔദ്യോഗിക നമ്പറില്‍ വിളിക്കാനും അഞ്ജന കൃഷ്ണ ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ ഉപമുഖ്യമന്ത്രി ‘നിങ്ങള്‍ക്കെതിരേ ഞാന്‍ നടപടി സ്വീകരിക്കും’ എന്ന് പറയുകയായിരുന്നു.
‘നിങ്ങള്‍ എന്നോട് നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെടുകയാണോ. നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, ഞാന്‍ വാട്ട്‌സാപ്പില്‍ വിളിക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ മനസ്സിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു” എന്നെല്ലാം അജിത് പവാര്‍ ചോദിച്ചതായും റിപോര്‍ട്ടുകളുണ്ട്.