Connect with us

Kerala

ഇന്ത്യയില്‍ ശിശു മരണ നിരക്ക് യു എസിനെക്കാള്‍ കുറവ്; ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം

കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി കേരളം

Published

|

Last Updated

പത്തനംതിട്ട | കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. കേരളത്തിലെ നവജാത ശിശു മരണ നിരക്ക് നാലില്‍ താഴെയാണ്. ദേശീയ തലത്തില്‍ 18 ഉള്ളപ്പോഴാണ് കേരളം നാലില്‍ എത്തിയത്. ഇത് വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്കായ 6ല്‍ നിന്നാണ് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അഞ്ച് ആക്കി കുറക്കാനായത്.

2023ല്‍ 1,000 കുഞ്ഞുങ്ങളില്‍ അഞ്ച് മരണങ്ങള്‍ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 1,000 ജനനങ്ങളില്‍ 5.6 എന്ന നിരക്കിനെക്കാള്‍ കുറവാണ്. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 16 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സര്‍ട്ടിഫിക്കേഷനും ആറ് ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരവും ലഭ്യമാക്കി. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പാക്കി.

ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി. കുഞ്ഞുങ്ങളില്‍ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുകയാണ്. ഇതുവരെ 8450 കുഞ്ഞുങ്ങള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി.

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കി. അപൂര്‍വ ജനിതക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുക വഴി അതുമൂലമുള്ള മരണങ്ങളും കുറക്കാന്‍ സാധിച്ചു. ഈ അഭിമാന നേട്ടത്തിനൊപ്പം പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകർക്കും മറ്റ് സഹപ്രവര്‍ത്തകർക്കും മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.