Connect with us

From the print

ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വീതം വേണം: മോഹന്‍ ഭാഗവത്

മൂന്നില്‍ താഴെ ജനന നിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ എല്ലാ ദമ്പതികളും രാജ്യതാത്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്നില്‍ താഴെ ജനന നിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതിനാല്‍ എല്ലാ ദമ്പതികളും രാജ്യതാത്പര്യം മുന്‍നിര്‍ത്തി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്നോ താനോ മറ്റാരെങ്കിലുമോ വിരമിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും സംഘടന ആവശ്യപ്പെടുന്നിടത്തോളം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷിക പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

നേതാക്കള്‍ 75ാം വയസ്സില്‍ വിരമിക്കണമെന്ന ഭാഗവതിന്റെ പരാമര്‍ശം നേരത്തേ വലിയ വിവാദമായിരുന്നു.

ബി ജെ പിയുമായി ഭിന്നതയില്ല. എന്നാല്‍, എല്ലാ കാര്യങ്ങളിലും ഒരേ നിലപാടാകണമെന്നില്ല. ബി ജെ പി അധ്യക്ഷനെ തീരുമാനിക്കുന്നത് ആര്‍ എസ് എസല്ല. തങ്ങളാണ് തീരുമാനമെടുക്കുന്നതെങ്കില്‍ അത് ഇത്ര വൈകുമോ? ബി ജെ പി പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ. അതില്‍ ആര്‍ എസ് എസിന് ഒന്നും പറയാനില്ല. കേന്ദ്ര സര്‍ക്കാറുമായി മാത്രമല്ല, എല്ലാ സംസ്ഥാന സര്‍ക്കാറുകളുമായും നല്ല ബന്ധമാണ്. ബി ജെ പിയുടെ വിഷയങ്ങളില്‍ ആര്‍ എസ് എസ് ഇടപെടാറില്ല. വിവിധ പരിവാര്‍ സംഘടനകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.

 

Latest