National
ഇന്ത്യ - യുഎസ് വ്യാപാര ചർച്ച: പോസിറ്റീവെന്ന് വിലയിരുത്തി ഇരു രാജ്യങ്ങളും
ട്രംപ് ഭരണകൂടം 50% തീരുവ ചുമത്തിയതിന് ശേഷം നടന്ന ആദ്യ ചർച്ചയാണിത്.

ന്യൂഡൽഹി | ഇന്ത്യ – യുഎസ് ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളെ “പോസിറ്റീവ്” എന്ന് വിലയിരുത്തി ഇരുരാജ്യങ്ങളും. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചകളെ ഇരു ഭാഗവും നല്ല രീതിയിലാണ് വിലയിരുത്തിയത്. ട്രംപ് ഭരണകൂടം 50% തീരുവ ചുമത്തിയതിന് ശേഷം നടന്ന ആദ്യ ചർച്ചയാണിത്.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ യു എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ബ്രണ്ടൻ ലിഞ്ചും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളും തമ്മിൽ ഉഭയകക്ഷി വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് സംസാരിച്ചതായി യു എസ് എംബസി വക്താവ് അറിയിച്ചു. ചർച്ചകൾ പോസിറ്റീവായിരുന്നെന്നും അവർ വ്യക്തമാക്കി.
ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയവും സമാനമായൊരു പ്രസ്താവന ഇറക്കി. ഉഭയകക്ഷി വ്യാപാരത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഈ ചർച്ചകൾ പോസിറ്റീവും ഭാവിയിലേക്ക് നോക്കുന്നതുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരമാവുന്ന ഒരു വ്യാപാര കരാറിൽ വേഗത്തിൽ എത്താൻ ശ്രമങ്ങൾ ഊർജിതമാക്കാനും ചർച്ചയിൽ തീരുമാനമായി.
ചർച്ചകൾക്കായി ലിഞ്ചും സംഘവും തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ ആറാം ഘട്ട ചർച്ചകളല്ല, മറിച്ച് അതിന് മുന്നോടിയായുള്ള കൂടിക്കാഴ്ച മാത്രമാണെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, അടുത്ത ഔദ്യോഗിക ചർച്ചയുടെ തീയതി സംബന്ധിച്ച് പ്രസ്താവനയിൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. യു എസ് സംഘം അവരുടെ നാട്ടിൽ തിരിച്ചെത്തിയാൽ ചർച്ചകൾ വെർച്വൽ ആയി തുടരുമെന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വൃത്തങ്ങൾ അറിയിക്കുന്നത്.
ജൂലൈ 30-ന് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് 25% പിഴ ചുമത്തിയതോടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു.