Kerala
കോഴിക്കോട് മെഡി.കോളജില്‍ രോഗിയെ പീഡിപ്പിച്ച സംഭവം; അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
നടപടിക്രമം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഉടന്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും
കോഴിക്കോട് | ഗവ. മെഡിക്കല്‍ കോളജ് ഐസിയുവില്‍ വെച്ച് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫോറന്‍സിക് മെഡിസിന്‍ അസി.പ്രൊഫ. ഡോ. പി പ്രിയതയുടെ മേല്‍നോട്ടത്തിലായിരുന്നു പീഡനം സംബന്ധിച്ച് അന്വേഷണം നടന്നത്.
അന്വേഷണ റിപ്പോര്‍ട്ട് കോളേജ് പ്രിന്‍സിപ്പലിനാണ് കൈമാറിയത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചതായാണു പരാതി. പ്രതി കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
നടപടിക്രമം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഉടന്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും. തുടര്‍ന്നായിരിക്കും നടപടി. പ്രതി ശശീന്ദ്രന്‍, അതിജീവിത, സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ എന്നിവരില്‍നിന്ന് ഡോ. പ്രിയത മൊഴിയെടുത്തിരുന്നു.
നിലവില്‍ ശശീന്ദ്രന്‍ സസ്‌പെന്‍ഷനിലാണ്. മൊഴിയില്‍നിന്ന് പിന്മാറാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.


