parenting
കുട്ടികളെ ഏത് സ്കൂളിൽ ചേർത്തണം? കൺഫ്യൂഷനിലാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!
നാം തിരഞ്ഞെടുക്കുന്ന സ്‌കൂൾ കുട്ടിയുടെ അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയ്‌ക്ക് ഗുണം ചെയ്യുന്നതാണോ എന്ന് ഉറപ്പാക്കുക പ്രധാനം

കുട്ടികളെ നല്ല ട്രാക്ക് റെക്കോർഡുള്ള സ്‌കൂളിൽ പഠിപ്പിക്കണമെന്നത് ഏതൊരു രക്ഷിതാവിൻ്റെയും ആഗ്രഹമാണ്. മിക്കപ്പോഴും ചില അന്വേഷണമൊക്കെ നടത്തിയാണ് നാം കുട്ടികൾക്കായുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നത്. പ്രധാനമായും എന്തൊക്കെയാണ് സ്‌കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. നോക്കാം.
സ്കൂളിൻ്റെ പാഠ്യപദ്ധതിയും അധ്യാപന രീതികളും പരിഗണിക്കുക എന്നത് പ്രധാനമാണ്. മക്കൾക്ക് വേണ്ട രീതിയിലുള്ള വിദ്യാഭ്യാസമാണ് തിരഞ്ഞെടുക്കുന്ന സ്‌കൂളിൽ ഉള്ളതെന്ന് ഉറപ്പാക്കുക. സുരക്ഷിത അന്തരീക്ഷത്തിലാണോ സ്‌കൂൾ പ്രവർത്തനം എന്നതും പ്രധാനമാണ്. സ്‌കൂളിന് സമീപത്തോ ചുറ്റുപാടിലോ സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാം. കുട്ടിയുടെ വ്യക്തിഗത ശ്രദ്ധയ്ക്കായി അധ്യാപക-വിദ്യാർത്ഥി അനുപാതം പരിശോധിക്കണം. ഒരു ക്ലാസിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അധ്യാപകർക്ക് വ്യക്തിപരമായി കുട്ടിയെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല.
അടിസ്ഥാന സൗകര്യങ്ങളും ക്ലാസ് മുറികളും സ്‌കൂൾ തിരഞ്ഞെടുക്കും മുമ്പ് രക്ഷിതാക്കൾ കണ്ടിരിക്കണം. വിവരസാങ്കേതിക വിദ്യയുടെ പിന്തുണയിലാണ് സ്‌കൂൾ പ്രവർത്തനം എന്ന് ഉറപ്പാക്കുന്നത് നന്നാകും. തിരഞ്ഞെടുക്കുന്ന സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചും പരിശോധിക്കുക. ചില വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിയനുസരിച്ച് പാഠ്യേതര പ്രവർത്തനത്തിലായിരിക്കും കൂടുതൽ ശ്രദ്ധ. ആ സൗകര്യം സ്‌കൂളിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
താമസസ്ഥലത്തുനിന്നും പോയിവരാനുള്ള സൗകര്യവും പരിഗണിക്കണം. ടീച്ചിംഗ് സ്റ്റാഫിൻ്റെ അനുഭവവും യോഗ്യതയും സ്കൂളിൻ്റെ പ്രകടനവും ഫലങ്ങളും കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സ്‌കൂളിലെ ഫീസും മറ്റ് കാര്യങ്ങളും നമ്മുടെ ബജറ്റിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. അവസാനമായി നാം തിരഞ്ഞെടുക്കുന്ന സ്‌കൂൾ കുട്ടിയുടെ അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയ്‌ക്ക് ഗുണം ചെയ്യുന്നതാണോ എന്ന് ഉറപ്പാക്കുക.