wild elephant
പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനകളിറങ്ങി
ഇന്ന് പുലര്‍ച്ചെ മൂന്ന് കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിലെത്തിയത്.

പാലക്കാട് | ധോണിയില്‍ വീണ്ടും കാട്ടാനകളിറങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്ന് കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിലെത്തിയത്. ധോണി കോളേജിന് സമീപമായിരുന്നു കാട്ടാനകള്‍ ഇറങ്ങിയത്.
ഇവിടെ ജനവാസ കേന്ദ്രത്തിന് സമീപം നിലയുറപ്പിച്ച് വന്‍ കൃഷിനാശമുണ്ടാക്കുകയും ആളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന പി ടി 7 എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കൂടുതല്‍ ആനകളെത്തിയത്. അതേസമയം, മൂന്ന് ആനകളുടെ കൂട്ടത്തില്‍ പി ടി 7 ഇല്ല എന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. പടക്കം പൊട്ടിച്ചും ബഹളം വെച്ചും നാട്ടുകാരാണ് ഇന്നിറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്തിയത്.
അതേസമയം, ഇവ ഇന്നും വന്‍തോതില്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ ചവുട്ടിമെതിക്കുക, കവുങ്ങും തെങ്ങും കുത്തിമറിച്ചിടുക, വാഴകൃഷി നശിപ്പിക്കുക തുടങ്ങിയവ ഇവ നടത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയെ പിടികൂടിയ സംഘം കുങ്കിയാനകള്‍ക്കൊപ്പം അടുത്ത ദിവസം തന്നെ ധോണിയിലെത്തി പി ടി 7നെ പിടികൂടും.