Connect with us

imran's arrest

ഇംറാന്റെ അറസ്റ്റ്: രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് പി ടി ഐ, പാക്കിസ്ഥാന്‍ കത്തുന്നു

പാര്‍ട്ടി നേതാക്കളുടെ വീടുകളിലും മറ്റും വ്യാപക റെയ്ഡുകള്‍ നടത്തുകയാണെന്ന് പി ടി ഐ ആരോപിച്ചു.

Published

|

Last Updated

ഇസ്ലാമാബാദ് | പി ടി ഐ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാനെ കോടതിവളപ്പില്‍ വെച്ച് നാടകീയമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് പാര്‍ട്ടി. വളരുന്ന ഫാസിസത്തിനെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ തെരുവുകള്‍ കീഴടക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞത് മുതല്‍ കനത്ത പ്രതിഷേധമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്.

പാര്‍ട്ടി നേതാക്കളുടെ വീടുകളിലും മറ്റും വ്യാപക റെയ്ഡുകള്‍ നടത്തുകയാണെന്ന് പി ടി ഐ ആരോപിച്ചു. സിയാല്‍കോട്ടില്‍ പി ടി ഐ നേതാവ് ഉസ്മാൻ ദറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ലാഹോറിലെ പ്രധാന സൈനിക താവളത്തില്‍ ക്യാമ്പ് ചെയ്യാന്‍ പ്രതിഷേധക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രതിഷേധക്കാർ ഇന്നലെ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ വളപ്പിലേക്കും പ്രതിഷേധക്കാർ കടന്നുകയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. അറസ്റ്റിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് പി ടി ഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ്, പെഷാവർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. ചിലയിടങ്ങളിൽ പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. അഞ്ച് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി ഇസ്‌ലാമാബാദ് പോലീസ് അറിയിച്ചു. 43 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ ഇസ്‌ലാമാബാദ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലയിടത്തും റോഡ് ഉപരോധിച്ചു. കറാച്ചിയിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഇസ്‌ലാമാബാദ് ഹൈക്കോടതി വളപ്പിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേഞ്ചേഴ്‌സ് ഇംറാൻ ഖാനെ വളഞ്ഞ് അറസ്റ്റ് ചെയ്തത്. അൽ ഖാദിർ ട്രസ്റ്റ് കേസിലാണ് അറസ്റ്റ്. ഈ കേസിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ എ ബി) ഈ മാസം ഒന്നിന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിവിധ കേസുകളിൽ ജാമ്യം തേടിയാണ് ഇംറാൻ ഹൈക്കോടതിയിലെത്തിയത്. അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചു.

Latest