Connect with us

interview

പ്രകാശം പരത്തുന്ന ഉപഹാസങ്ങള്‍

സൈബര്‍ ജനറേഷന്‍റെ കഥാകാരനായ വി എസ് അജിത്തുമായി പത്രപ്രവർത്തകയും എഴുത്തുകാരിയുമായ രജ്ന കെ ആസാദ് നടത്തിയ അഭിമുഖം

Published

|

Last Updated

തീരെ സഫലമല്ലാത്ത ഈ യാത്രയില്‍ ഇത്തിരി ശര്‍ക്കര നുണയാന്‍ കിട്ടുന്ന അപരജീവിതമാണ് തനിക്ക് എഴുത്തെന്നാണ് എന്‍ എന്‍ കക്കാടിന്‍റെ സഫലമീ യാത്രയിലെ ചെറുഭാഗം ഉദ്ധരിച്ചുകൊണ്ട് വി എസ് അജിത്ത് പറയുന്നത്. അജിത്തിന്‍റെ എഴുത്തുകളിലെ ശര്‍ക്കര നുണയാനും വായനക്കാരന് പരന്ന വായനയും ജ്ഞാനവും‌ വേണം. കാരണം ജീവിതത്തില്‍ മടിയുണ്ടെങ്കിലും എഴുത്തില്‍ ഒട്ടും ഉദാസീനനല്ല ഈ കഥാകൃത്ത്. തന്‍റെ കര്‍മ്മത്തില്‍ സദാ ജാഗ്രതയുള്ള എഞ്ചിനീയറാണ്.

ഒരുപാട് വളവുകളും തിരിവുകളുമുള്ള ദുരൂഹമയ ഒന്നല്ല അജിത്തിന്‍റെ കഥാലോകം. എന്നാല്‍ നേര്‍വെളിച്ചത്തില്‍ അത് വായനക്കാരായ നിങ്ങളെ പ്രചോദിപ്പിക്കും. കഥാകൃത്തിന്‍റെ പ്രതിഭ അതില്‍ നടത്തിയ കൗശലങ്ങള്‍ കൂടുതല്‍ വെളിച്ചം തേടാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

സൈബര്‍ ജനറേഷന്‍റെ കഥാകാരനായ വി എസ് അജിത്തുമായി പത്രപ്രവർത്തകയും എഴുത്തുകാരിയുമായ രജ്ന കെ ആസാദ് നടത്തിയ അഭിമുഖം:

? അത്ര വലുതല്ലാത്ത ഒരു കാലയളവിനുള്ളിലാണ് വി എസ് അജിത്ത് എന്ന എഴുത്തുകാരന്‍റെ അഞ്ചു പുസ്തകങ്ങൾ പ്രകാശിതമാകുന്നത്. എല്ലാം കഥാസമാഹാരങ്ങൾ. ഈ ചെറുകഥകള്‍ക്കിടയിലെ ഇടവേളകള്‍ വളരെ ചെറുതാണ്. നിരന്തരമായ ഈ എഴുത്തിന്‍റെ രസതന്ത്രം എന്താണ്

പ്രോലിഫിക് ആയി എഴുതുന്നതിന്നെ രസതന്ത്രം എന്ന് വിളിക്കാമോ എന്ന സംശയം ഉണ്ട്. പ്രക്ഷുബ്ധ വികാരങ്ങളെ സ്വച്ഛന്ദതയിലിരുന്ന് ഓർമ്മിച്ചെടുക്കുന്നതാണല്ലോ സാഹിത്യം. ഡിഗ്രി പഠനം കഴിഞ്ഞു കോർപ്പറേറ്റ് ജോലിയിൽ പ്രവേശിച്ചതിൽപ്പിന്നെ പതിനഞ്ചു വർഷത്തോളം ഞാൻ ഒന്നും എഴുതിയിട്ടില്ല. അപ്പോഴൊക്കെ മനസ്സിൽ പാടുകൾ സൃഷ്ടിച്ച അനുഭവങ്ങൾ / അഥവാ മനസ്സിൽ പതിഞ്ഞ കഥകൾ മെമ്മറിയിൽ നിന്നും ഓർത്തെടുക്കാനുള്ള ട്രാൻക്വിലിറ്റി മേൽപ്പറഞ്ഞ കാലയളവിൽ കൂടുതൽ കിട്ടി എന്നതാണ് വസ്തുത.

മാൽത്തൂസിയൻ തിയറിയിൽ വിശ്വസിക്കുന്ന ചില കാല്പനിക നാട്യക്കാർ അവകാശപ്പെടുമ്പോലെ ഒരു കഥ എഴുതിയാൽ പിന്നെ വല്ല കാട്ടിലോ പാടത്തോ പോയി കൊക്കിനെപ്പോലെ ഒറ്റക്കാലിൽ മാസങ്ങളോളം ധ്യാനനിരതനായി നിൽക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. അഥവാ എനിക്ക് അങ്ങനെ ഇല്ല. എനിക്ക് മാത്രമല്ല എം മുകുന്ദൻ, ഹരൂക്കി മുറക്കാമി തുടങ്ങിയ പലരും പ്രോലിഫിക് ആണെന്നാണ് ഞാൻ കരുതുന്നത്. ഇന്ദു എന്ന് വിളിപ്പേരുള്ള രണ്ടു സമകാലിക ഏഴുത്തുകാരുടെ സംസാരം ഞാൻ നേരിട്ട് കേൾക്കാനിടയായിട്ടുണ്ട്. എപ്പോഴെങ്കിലും രണ്ടു മണിക്കൂർ ലാഭിച്ചു കിട്ടിയാൽ നാലു പേജെങ്കിലും എഴുതാൻ കഴിയും എന്നാണ് ഇന്ദുഗോപൻ പറഞ്ഞത്. സ്ത്രീ, അമ്മ എന്നീ നിലയ്ക്കുള്ള ഗാർഹിക ജോലികളും ഔദ്യോഗിക പ്രവൃത്തികളും കഴിഞ്ഞു ഒരു അര മണിക്കൂർ എങ്കിലും തനിക്ക് വീണു കിട്ടിയാൽ ഒരു ബ്ലോക്കുമില്ലാതെ അത്ര സമയം എഴുതാൻ ആവുമെന്ന് ഇന്ദുമേനോനും പറയുകയുണ്ടായി.

ഞാൻ എന്ത് ചെയ്താലും ചില സഹ എഴുത്തുകാർ കുറ്റം പറയുന്ന പ്രവണത നിലവിലുണ്ട്. ആ മുൻവിധിയോടെയാണ് ഇത്രയും സമയം ഡിഫെൻസിവ് ആയി മിണ്ടിയത്. ‘നിരന്തരമായ ഈ എഴുത്തിന്‍റെ രസതന്ത്രം’ എന്ന പ്രയോഗം അഭിനന്ദന സൂചകമായിട്ടാണ് ഉപയോഗിച്ചതെങ്കിൽ ഞാൻ അതിന് അത്ര അർഹനല്ല എന്ന് പറയേണ്ടിയിരിക്കുന്നു. എഴുത്തിനെ ഗൗരവമായി കാണുന്നവർ എല്ലാ ദിവസവും അഞ്ചു മണിക്കൂർ എങ്കിലും അഥവാ രണ്ടായിരം വാക്കേക്കെങ്കിലും എഴുതണം എന്നാണ് വിദഗ്ദ്ധ മതം. (അതെല്ലാം പ്രസിദ്ധീകരിക്കണം എന്നില്ല കേട്ടോ !) അത് പോലെ ദിവസവും രണ്ടര മണിക്കൂർ എങ്കിലും വായിക്കണം എന്നും. ഈ വിദഗ്ദ്ധ മതത്തോട് തത്വത്തിൽ യോജിപ്പാണ് എങ്കിലും താഴെ പറയുന്ന കാരണങ്ങളാൽ എനിക്കിതു രണ്ടും കഴിയാറില്ല.

എ. ഞാനൊരു അലസനും മടിയനും ആണ് .
ബി. സ്‌ക്രീൻ ടൈം കൂടുതൽ ഉപയോഗിക്കുക എന്ന ദുഃശീലം ഉണ്ട് .
സി. സമയം അപഹരിക്കുന്ന വേറെയും ദുഃശീലങ്ങൾ ഉണ്ട്.
ഡി. “നോ” എന്ന് പറയാനുള്ള കഴിവില്ലായ്മ കൊണ്ട് എന്റെ വിലപ്പെട്ട സമയവും ധനവും അപഹരിക്കാൻ ഞാൻ മറ്റുള്ളവരെ അനുവദിക്കാറുണ്ട്.

വരും ദിവസങ്ങളിൽ ഈ ശീലങ്ങൾ മാറ്റിയാൽ കൊള്ളാമെന്നുണ്ട്. പോസിറ്റിവ് ആയ ഒരു കാര്യം പറയാൻ വിട്ടു. മഷിപ്പേന കൊണ്ട് പേപ്പറിൽ ഉരുട്ടി എഴുതുക, വെട്ടിക്കളയുക, വീണ്ടും ഉരുട്ടുക, മഷിയുടെയും പേപ്പറിന്റെയും ഗന്ധം ഗന്ധിക്കുക എന്നിത്യാദി കാല്പനികതകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത മൊറോൺ ആയതു കൊണ്ട് ടൈപ്പിങ്, എഡിറ്റിങ് എന്നീ ഏരിയകളിൽ ഞാൻ കുറച്ചധികം സമയം ലാഭിക്കുന്നുണ്ട്.

? താങ്കളുടെ രചനാശൈലി വേറിട്ടതാണ്. എവിടെയെങ്കിലും അതിനൊരു സാമ്യം ഉണ്ടെങ്കിൽ അത് വി കെ എന്നുമായാണ്. ചെറിയ കഥകളിൽ ഇത്തരം‌ ആവിഷ്കാരങ്ങള്‍ നടത്തിയത് അദ്ദേഹമാണ്. വി കെ എന്‍ കൃതികളോട് അത്രമേൽ ഇഷ്ടമാണോ‌

വേറിട്ട ഒന്ന് കാണുമ്പോൾ ഏതെങ്കിലും പൂർവ്വമാതൃകയുണ്ടോ എന്ന് പരിശോധിക്കാനുള്ള വാസന സ്വാഭാവികമാണ്. കുഞ്ചൻ നമ്പ്യാർ, സഞ്ജയൻ, സി വി രാമൻ പിള്ള, വി കെ എൻ എന്നിവർ നടന്നതും സഞ്ചാരികളുടെ അഭാവത്താൽ ഇപ്പോൾ പോച്ചപിടിച്ചു കിടക്കുന്നതുമായ സറ്റയറിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഞാൻ ശ്രമിക്കുന്നു എന്നതൊഴിച്ചാൽ വി കെ എൻ കൃതികളോട് സവിശേഷ ആരാധനയില്ല. എന്നാൽ ഇഷ്ടമാണ് താനും. ആരാധന എന്ന ആശയത്തോട് അത്ര അഭിമുഖ്യമില്ല. ഏതെങ്കിലും പുസ്തകത്തെ ആരാധിക്കാതെ നിവൃത്തിയില്ല എങ്കിൽ ഞാൻ സെർവാന്റീസിന്റെ ഡോൺ ക്വിക്‌സൊട്ടിനെയാവും തിരഞ്ഞെടുക്കുക.

? കഥകളുടെ തലക്കെട്ടുകള്‍ ആകര്‍ഷകമാണെങ്കിലും ചിലതൊക്കെ വിചിത്രവുമാണ്. പലര്‍ക്കും ഗൂഗിൾ ചെയ്യേണ്ടിവരുന്നു “മാത്രിയോഷ്ക” പോലെ പലതിന്‍റെയും സംശയം തീര്‍ക്കാന്‍. ബോധപൂര്‍വ്വമാണോ തലക്കെട്ടുകളുടെ ഈ പാറ്റേൺ

കഥയ്ക്ക് തലക്കെട്ടിടുന്നത് ബോധപൂർവ്വം തന്നെയാണ്. അബോധത്തിൽ ചെയ്യുന്നു എന്നത് മതാത്മകമായ കാല്പനികതയായിട്ടാണ് എനിക്ക് തോന്നുന്നത്. തലക്കെട്ടുകൾ വിചിത്രവും ആകാംഷ ജനിപ്പിക്കുന്നതും ഗൂഗ്ലിങ് പോലുള്ള അന്വേഷണത്തെ ട്രിഗ്ഗർ ചെയ്യിക്കുന്നതും ആവുന്നത് നല്ലതാണെങ്കിലും; ഇനി ചീത്തയാണങ്കിൽ കൂടിയും; ഞാനവ ഉപയോഗിക്കുന്നത് ഒരു കമ്മ്യൂണിക്കേറ്റിവ് ടൂൾ എന്ന നിലയ്ക്കാണ്. പല കഥകളിലും വിനിമയം പൂർത്തിയാവുന്നത് ടൈറ്റിൽ കൂടി ചേരുമ്പോഴാണ്. ഊന സെപ്പറാത്തിയോൺ ടോപ്പോഗ്രാഫിക്ക, ണറൊക്കോ പിച്ചിക്കോവ്, ഷിങ് ഹോയ്, നൈനം ഛിന്ദന്തി ശസ്ത്രാണി, അഗാറിക്കസ് മസ്‌കാറിയസ്, എന്നീ കഥകൾ വായിച്ചു കഴിഞ്ഞ ഒരാളും കഥയും പേരും തമ്മിൽ മിസ്മാച്ച് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല. അനുരൂപമായ പേരു തന്നെ എന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. പേരിലെ വൈചിത്ര്യമല്ല അതിടാൻ എന്നെ പ്രേരിപ്പിച്ചത്. കഥാസമാഹാരങ്ങളുടെ പേരുകൾ എലിക്കെണി, ഇണയില്ലാപ്പൊട്ടൻ, വിരൂപയായ വേലക്കാരി, പെൺ ഘടികാരം, ഇന്ന് രാത്രി പതിനൊന്നിന് എന്നിങ്ങനെ സുഗ്രാഹ്യമായിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

? കഥകളിലൊക്കെ പലതരം സാങ്കേതികള്‍ കാണാം. ചരിത്രവും സാഹിത്യവും മാത്രമല്ല ഗണിതവും രസതന്ത്രവുമെല്ലാം. പലതരം വായനകളില്‍ താല്‍പര്യമുണ്ടോ? ആ വായന എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു

കഥാകൃത്തിന് സമഗ്ര വിഷയങ്ങളിലും സാമാന്യജ്ഞാനം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് വൈശാഖൻ മാഷ് പറഞ്ഞത് ഓർക്കുന്നു. മലയാളം മാത്രം വായിക്കുകയും പഠിക്കുകയും മനസ്സിലാവുകയും ചെയ്യുന്ന പഴഞ്ചൻ ഭാവുകത്വമുള്ളവരേക്കാൾ ഐ റ്റി യുടെയും എ ഐ യുടെയും കാലത്ത് ജീവിക്കുന്ന പുതിയ ചെറുപ്പക്കാരാണ് എന്റെ ടാർഗറ്റ് ഓഡിയൻസ്. വിവിധ വൈജ്ഞാനിക മേഖലകളിലെ കൃതികൾ വായിക്കാൻ ഇഷ്ടമാണ്. അത് എഴുത്തിനെ സ്വാധീനിക്കുന്നുണ്ടാവും. ആഖ്യാതാവിനെ സംബന്ധിച്ചു് ഇതെല്ലാം വെറൈറ്റി ടൂളുകളാണ്. സയന്റിഫിക് ടെമ്പർ ഇൻകൾക്കേറ്റ് ചെയ്യാനുള്ള പരിശ്രമവും ഉണ്ട്.

? എഴുത്തിനൊപ്പം മെഡിക്കല്‍ റെപ്രസന്‍റിറ്റീവ് കൂടിയാണല്ലോ , ജോലിയും എഴുത്തും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളുണ്ടോ

വാങ്ങൽ ഉണ്ട്; കൊടുക്കൽ ഇല്ല. മെഡിക്കൽ മേഖലയിലെ അനുഭവത്തിൽ നിന്നും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും വിനിമയോപാധികളും ഉൾക്കാഴ്ചകളും കഥയിലേക്ക് എടുക്കാറുണ്ട്.

? വായിക്കുന്നവരുടെ എണ്ണം കുറയുമ്പോഴും, എഴുത്തില്‍ ഒരു വിവാദത്തിന് ചാന്‍സ് കിട്ടിയാല്‍ വാളുമായി വരുന്ന ചിലരുണ്ട്. താങ്കൾക്കും‌ അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട്. ഇത്ര പെട്ടെന്ന് വ്രണപ്പെടുന്ന വികാരങ്ങള്‍ക്കിടയില്‍ എഴുത്തുകാരന്‍ററെ റോളെന്ത്

മികച്ച വായനാപാരമ്പര്യം അഥവാ സാഹിത്യാനുശീലനം ഇല്ലാത്തവർക്ക് ഫിക്ഷൻ വായിച്ചാൽ മനസ്സിലാവില്ല എന്നൊരു ദോഷമുണ്ട്. സറ്റയർ ആവുമ്പോൾ വിശേഷിച്ചും. അങ്ങനെ ഉണ്ടായ തെറ്റിദ്ധാരണയിൽ നിന്നാണ് ആ വിവാദം ഉടലെടുത്തത് . മതപരമായ സ്പർദ്ധയും അസഹിഷ്‌ണുതയും വല്ലാതെ കൂടി വരുന്നുമുണ്ട്. മതപുസ്തകത്തിലെ മിത്തുകളെ സാഹിത്യത്തിൽ പരാമർശിക്കുന്നതിനെതിരെ കടുത്ത പ്രതിരോധമാണ് ഇപ്പോഴുള്ളത്. ഒരു മതത്തെ പരാമർശിച്ചാൽ മറ്റു മതങ്ങളെക്കൂടി ഉൾപ്പെടുത്തി ബാലൻസ് ചെയ്യേണ്ട അവസ്ഥ നിവവിലുണ്ട്. സമൂഹം കൂടുതൽ കൂടുതൽ മതാത്മകം ആവുന്നു എന്നതിന്റെ ലക്ഷണമാണിത്. ഡെമോക്രസിക്കു പകരം തിയോക്രസി വരുമോ എന്ന ആശങ്കയിലാണ് ഞാൻ.

എഴുതാനുള്ള സ്വാതന്ത്ര്യം എഴുതി എഴുതി തന്നെ നേടി എടുക്കണം എന്ന് എസ് ഹരീഷ് പറഞ്ഞത് ഓർക്കുന്നു. നിർഭയനായി എഴുതാൻ മുമ്പോട്ട് വരിക എന്നത് മാത്രമാണ് എഴുത്തുകാരന് ചെയ്യാനുള്ളത്. സെൻസറിങ്ങിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയുകയും വേണം.

? അഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എല്ലാം കഥകളാണ്. നോവല്‍ എന്ന ഫോര്‍മാറ്റിനോട് താല്‍പര്യമില്ലേ

താല്പര്യമുണ്ട്. ഒരു നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.

? ഒരു തലമുറ മുമ്പ് എഴുത്ത് പ്രചോദനത്തിനൊപ്പം നടക്കുന്ന ഒരേര്‍പാടായിരുന്നു. പുതിയ എഴുത്തുകാര്‍ പലരും തച്ചിന് പണിയെടുക്കുന്ന പോലെ, പ്രതിദിനം ഇത്ര സമയം എന്നൊരു ടൈം ടേബിൾ വെച്ചാണ് എഴുതുന്നത്. ഭാഷയുടെ സൗന്ദര്യം അവരെ ഭ്രമിപ്പിക്കുന്നില്ല. പ്രമേയത്തിലേക്കുള്ള ഒരു യാത്രയാണത് , എങ്ങനെ കാണുന്നു

എന്റെ പരിമിതമായ അറിവിൽ ഈ പ്രസ്താവന ശരിയാണെന്ന് തോന്നുന്നില്ല. പഴയ തലമുറയിൽ വൃത്തവും പ്രാസവും ഒപ്പിച്ച് കവിത എഴുതൽ, സമസ്യാ പൂരണം എന്നിങ്ങനെ പ്രചോദനബദ്ധമാവാനിടയില്ലാത്ത പ്രവണതകൾ ഉണ്ടായിരുന്നു. പത്രാധിപർ രണ്ടു രൂപ തന്നാൽ ഒരു പേജുള്ള കഥയും പത്തു രൂപ തന്നാൽ അഞ്ചു പേജുള്ള കഥയും എഴുതിക്കൊടുത്തിരുന്ന മഹാസാഹിത്യകാരന്മാർ നമുക്കുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ കാരൂരിന്റെ പൂവമ്പഴം എന്ന ഉൽകൃഷ്ട രചന പത്രാധിപരുടെ നിർബന്ധത്തിനു വഴങ്ങി എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്.

സർഗ്ഗധനനായ എഴുത്തുകാരൻ സദാ പ്രചോദിതൻ ആയിരിക്കും എന്നും പറയാം. തച്ചിന് പണിയെടുക്കുമ്പോലെ എഴുതി ഉപജീവനം കഴിക്കേണ്ട അവസ്ഥ ഇന്നത്തേക്കാൾ കൂടുതൽ പണ്ടായിരുന്നു. എഴുത്തുകൊണ്ട് ജീവിക്കാൻ പറ്റില്ല എന്ന് അറിയുന്നതു കൊണ്ട് ഇന്നത്തെ എഴുത്തുകാർ മറ്റു പണികളിൽ കൂടി ഏർപ്പെടുന്നുണ്ട്. സുവർണ്ണഭൂതകാലം എന്നത് ഒരു മിഥ്യയാണ്.

“ഭാഷയുടെ സൗന്ദര്യം അവരെ ഭ്രമിപ്പിക്കുന്നില്ല” എന്ന പ്രസ്താവന മാത്രമെടുത്താൽ ഈ പറഞ്ഞതിൽ വസ്തുതയുണ്ട്. വ്യാജ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഒപ്പിച്ച് മുദ്രാവാക്യ സ്വഭാവമുള്ളതും സൗന്ദര്യം ഇല്ലാത്തതുമായ സ്ഥൂലരാഷ്ട്രീയ കഥകൾ ലാവണ്യാനുഭൂതി പകരാത്ത വിധം ഇന്ന് പലരും പടച്ചു വിടുന്നുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കിട്ടുന്ന താൽക്കാലിക സ്വീകാര്യതയാണ് ഈ പ്രവണത പെരുകാൻ കാരണം.

? ഇന്‍റര്‍നെറ്റ് ,സോഷ്യൽ മീഡിയ , സൈബര്‍ ലോകത്തിരിക്കുമ്പോഴും നല്ല കഥാകാരന്മാര്‍ പറയുന്നത് അടിത്തട്ടിലെ മനുഷ്യരുടെ സാധാരണ ജീവിതത്തെക്കുറിച്ചാണ്. അത് എന്തു കൊണ്ടാവും

അടിത്തട്ടിലെ മനുഷ്യർ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരും അസംഘടിതരും അതിനാൽ തന്നെ വോട്ടുബാങ്ക് അല്ലാത്തവരും എന്നാണെങ്കിൽ അവരുടെ സാധാരണ ജീവിതത്തെക്കുറിച്ച് നല്ല കഥാകാരന്മാര്‍ പറയേണ്ടതുണ്ടല്ലോ. ഇന്‍റര്‍നെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും നവസൈബര്‍ ലോകത്തിരുന്നു കൊണ്ട് പോസ്റ്റ് ട്രൂത്ത് കാലത്തെ അതി സങ്കീർണ്ണതകൾക്കിടയിലും അടിത്തട്ടിലെ മനുഷ്യരുടെ സാധാരണ ജീവിതത്തെക്കുറിച്ചു മാത്രമേ ചിലർ എഴുതുന്നുള്ളല്ലോ എന്നതാണ് ചോദ്യമെങ്കിൽ അത്തരം രചനകൾക്ക് വലിയൊരു മാർക്കറ്റ് ഉണ്ട് എന്ന് പറയേണ്ടി വരും. അതിനു കാരണം സമീപ കാലത്തു് ധനികരായി മാറിയ മധ്യവർഗ്ഗമാണ് വായനക്കാരിൽ ഏറിയ പങ്കും എന്നതാണ്. ചില മനുഷ്യർ അടിത്തട്ടിൽ തന്നെ ആയിരിക്കുന്നതിൽ തനിക്കും ഒരു പങ്കുണ്ടെന്നും ഈ ദുരവസ്ഥ മാറ്റാൻ താൻ ക്രീയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും ഉള്ള കുറ്റബോധം അലട്ടുമ്പോൾ അവർ മെലോഡ്രാമ വായിച്ച് കരയുകയും നെഞ്ച് പൊട്ടി , ഹൃദയം വിങ്ങി എന്നും മറ്റും എഫ് ബി യിൽ പോസ്റ്റിടുകയും ചെയ്യും.

? വരുംകാല രചനകൾ, സ്വപ്നങ്ങള്‍ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്

നേരത്തെ സൂചിപ്പിച്ച പോലെ ഒരു നോവലിന്റെ പണിപ്പുരയിലാണ്. സ്വപ്‌നങ്ങൾ ഒരുപാടുണ്ട്. അത്യാഗ്രഹി എന്ന് നിങ്ങൾ വിളിച്ചേക്കും എന്നതുകൊണ്ട് അവ വെളിപ്പെടുത്തുന്നില്ല. ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ലക്ഷ്യബോധമില്ലായ്മയാണ് എന്റെ മുഖമുദ്ര. നാട്ടുകാരുടേയും കുടുംബക്കാരുടെയും ദൃഷ്ടിയിൽ എന്റെ ഭൗതിക ജീവിതം വൻ പരാജയമായി തീരാൻ കാരണം ഈ സവിശേഷതയാണ്. അടുത്ത വർഷം എന്ത് സംഭവിക്കും എന്ന് ഇന്നേവരെ ഞാൻ ഊഹിച്ചിട്ടില്ല. അഥവാ ഊഹിച്ച പോലൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. അപ്രതീക്ഷിതമായി ഓരോന്ന് വന്നു ഭവിക്കുന്നതിന്റെ കേവല ദൃക്‌സാക്ഷി മാത്രമാണ് ഞാൻ. നാളെ എന്തും സംഭവിക്കാം എന്ന നിഗൂഢതയുടെ സൗന്ദര്യമാണ് എന്റെ ജീവിതം.

Latest