Kerala
യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരസ്യമായി എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ല; അന്‍വറിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ: സണ്ണി ജോസഫ്
അന്‍വര്‍ പൂര്‍ണമായും സഹകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ്

തിരുവനന്തപുരം | യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാര്‍ട്ടിയും പരസ്യമായി എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാന്‍ പി വി അന്‍വറിന് ആകണമെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണ്. നേതാക്കന്മാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്‍വറുമായി സംസാരിച്ചിരുന്നു.ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. അന്‍വര്‍ പൂര്‍ണമായും സഹകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെയാണ് എതിര്‍ത്തതെന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത്. അന്‍വര്‍ ഉയര്‍ത്തിയ ജനകീയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ഠിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.