Connect with us

Kerala

അധികാരത്തിലേക്ക് യു ഡി എഫിനെ എത്തിക്കാനായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകും: വി ഡി സതീശന്‍

വെള്ളാപ്പള്ളി നടേശന് മറുപടി

Published

|

Last Updated

കൊച്ചി | അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തില്‍ യു ഡി എഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. എസ്  എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സതീശന്‍. യു ഡി എഫ് 100 സീറ്റ് തികച്ചാല്‍ താന്‍ രാജിവെക്കുമെന്നും കിട്ടിയില്ലെങ്കില്‍ വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചിരുന്നു.

ആര്‍ക്കുവേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നറിയില്ലെന്ന് സതീശൻ പറഞ്ഞു. ഞാനദ്ദേഹത്തോട് മത്സരത്തിനോ തര്‍ക്കത്തിനോ പോകുന്നില്ല. 98 സീറ്റ് യു ഡി എഫിന് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അപ്പോള്‍ 97 വരെ യു ഡി എഫിന് ലഭിക്കുമെന്ന് അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. കഠിനാധ്വാനത്തിലൂടെ നൂറിലധികം സീറ്റ് നേടും. യു ഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയവനവാസത്തിന് പോകും. പിന്നെ എന്നെ കാണില്ല. വെല്ലുവിളിയൊന്നുമില്ല. അത്രയേ ഇക്കാര്യത്തില്‍ പറയാനുള്ളൂവെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരെ ഒരുവാക്ക് പോലും താന്‍ പറഞ്ഞിട്ടില്ല. നാട്ടില്‍ വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെ യു ഡി എഫ് നേരിടും. അത് ടീം യു ഡി എഫിന്റെ തീരുമാനമാണ്. ഈ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിക്കും. അതിന് പദ്ധതികളും പരിപാടികളും തങ്ങളുടെ പക്കലുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളിപ്പള്ളി സതീശനെ വെല്ലുവിളിച്ചത്. വി ഡി സതീശന്‍ ഈഴവ വിരോധിയാണെന്നും അഹങ്കാരത്തിന് കൈയും കാലും വെച്ച പ്രതിപക്ഷനേതാവാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം, കൃസ്ത്യൻ സമുദായങ്ങൾക്കെതിരെയും വെള്ളിപ്പള്ളി വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

Latest