Connect with us

Kerala

രാഹുല്‍ നിയമസഭയില്‍ എത്തിയാല്‍ പ്രതിപക്ഷ ബ്ലോക്കിന് പുറകിലായിരിക്കും ഇരിപ്പിടം; സ്പീക്കര്‍ എ എന്‍ ഷംസീര്‍

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയാല്‍ പ്രതിപക്ഷ ബ്ലോക്കിന് പുറകിലായിരിക്കും ഇരിപ്പിടം അനുവദിക്കുകയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.

അംഗം സഭയില്‍ എത്തുന്നതിനു തടസ്സമില്ല. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നു നീക്കിയ പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും അതിനാലാണ് പിന്നില്‍ പ്രത്യേക ബ്ലോക്ക് നല്‍കുന്നതെന്നും സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചകളിലും രാഹുലിന് അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ 19 വരെയാണ് ആദ്യ സെഷന്‍. രണ്ടാം സെഷന്‍ 29, 30 വരെ. മൂന്നാം സെഷന്‍ ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെയാണ്. ആദ്യ ദിവസം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, എംഎല്‍ എ ആയിരുന്ന വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും. ബാക്കി 11 ദിവസങ്ങളില്‍ ഒമ്പതു ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗിക കാര്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക സമ്മേളനത്തില്‍ നാല് ബില്ലുകള്‍ ആണ് പരിഗണിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. മറ്റേതെങ്കിലും ബില്‍ എടുക്കുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest