Business
ഹ്യുണ്ടായ് ഐപിഒ 15ന് തുറക്കും; വില 1865‐1960
ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) ലിസ്റ്റ് ചെയ്യും.
മുംബൈ | നിക്ഷേപകർ കാത്തിരുന്ന ഹ്യുണ്ടായ് ഇന്ത്യയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഒക്ടോബർ 15 ചൊവ്വാഴ്ച തുറക്കും. ബിഡ്ഡിംഗ് 17-ന് അവസാനിക്കും. ഓരോ ഇക്വിറ്റി ഷെയറിൻ്റെയും പ്രൈസ് ബാൻഡ് 1,865 രൂപയ്‌ക്കും 1,960 രൂപയ്‌ക്കും ഇടയിലാണ് പ്രതീക്ഷിക്കുന്നത്. ഒരു ഷെയറിന് 10 രൂപയാണ് മുഖവില. വാങ്ങുന്നവർ കുറഞ്ഞത് 7 ഷെയറുകളുടെ ബിഡ് നൽകണം. കൂടാതെ ഏതെങ്കിലും അധിക ഷെയറുകൾ ഏഴിൻ്റെ ഗുണിതങ്ങളിൽ വാങ്ങണം. മൊത്തം 14,21,94700 ഓഹരികൾ വിൽപ്പനയ്ക്ക് ലഭ്യമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ഓഫറാണിത്.
ഈ വിൽപ്പനയിലൂടെ, 3 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഹ്യുണ്ടായ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് പുതിയ ഉൽപ്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും ഭാവിയിലെ സാങ്കേതികവിദ്യകൾക്കും ഇന്ത്യയിലെ നിർമ്മാണ സൗകര്യങ്ങളിലേക്കുള്ള നവീകരണത്തിനും ഉപയോഗിക്കും. കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളാണ്. ഏകദേശം 15 ശതമാനം വിപണി വിഹിതമാണ് കമ്പനി കൈവശം വച്ചിരിക്കുന്നത്.
2023 കലണ്ടർ വർഷത്തിലെ യാത്രാ വാഹന വിൽപ്പനയെ അടിസ്ഥാനമാക്കി ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിൻ്റെ ഭാഗമാണ് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) ലിസ്റ്റ് ചെയ്യും.



