Connect with us

International

ഭാര്യയുടെ കാമുകനെതിരെ ഭർത്താവ് കോടതിയിൽ; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഭാര്യയുടെ അവിഹിത ബന്ധം തനിക്ക് കടുത്ത മാനസിക ക്ലേശമുണ്ടാക്കിയെന്നും, ഇത് തൻ്റെ വൈവാഹിക അവകാശങ്ങളെ ലംഘിച്ചെന്നും ഭർത്താവ് കോടതിയിൽ

Published

|

Last Updated

തായ്‌പെ | ഭാര്യയുടെ കാമുകന് എതിരെ കോടതിയെ സമീപിച്ച് ഭർത്താവ്. കാമുകനിൽ നിന്ന് നഷ്ടപരിഹാരമായി ഏകദേശം ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് തായ്‌വാൻ സ്വദേശി കോടതിയെ സമീപിച്ചത്. ഭാര്യയുടെ അവിഹിത ബന്ധം തനിക്ക് കടുത്ത മാനസിക ക്ലേശമുണ്ടാക്കിയെന്നും, ഇത് തൻ്റെ വൈവാഹിക അവകാശങ്ങളെ ലംഘിച്ചെന്നും വെയ് (യഥാർത്ഥ പേരല്ല) എന്നയാൾ പരാതിയിൽ പറയുന്നു.

കോഹ്‍സ്യുങ്ങിലെ ഒരു സ്കൂളിൽ അധ്യാപികയായ ജിയെ (യഥാർത്ഥ പേരല്ല) ഇതേ സ്കൂളിലെ അക്കൗണ്ടിംഗ് വിഭാഗം മേധാവിയായ യോങ്ങുമായി 2022-ലാണ് ബന്ധം ആരംഭിച്ചത്. ഇരുവരും പതിവായി ഹോട്ടലുകളിൽ വെച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു. യോങ് ജിയെക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നു. ഇരുവരും തങ്ങളുടെ ചാറ്റുകളിൽ പരസ്പരം ‘ഭാര്യ’ എന്നും ‘ഭർത്താവ്’ എന്നും വിളിച്ചിരുന്നതായും വെയ് പരാതിയിൽ പറയുന്നു.

2023-ൽ ഭാര്യയുടെ അവിഹിത ബന്ധം വെയിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് തനിക്ക് പാനിക് അറ്റാക്കുകൾക്ക് കാരണമായെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങിയതും 800,000 യുവാന്‍ (ഏകദേശം 99.6 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടതും.

കേസിൻ്റെ വിചാരണയ്ക്കിടെ, ജിയെ വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് യോങ് കോടതിയിൽ വാദിച്ചു. എന്നാൽ, കുട്ടികളുടെ സാമ്പത്തിക സഹായത്തിനുള്ള ജിയെയുടെ അപേക്ഷാ വിവരങ്ങൾ അക്കൗണ്ടിംഗ് മേധാവി എന്ന നിലയിൽ യോങ്ങിന് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളി.

യോങ് തന്റെ ഭാര്യയുമായി ബന്ധം പുലർത്തി വെയിയുടെ വൈവാഹിക അവകാശങ്ങൾ ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. യോങ്ങിന് വെയിയെക്കാൾ ഉയർന്ന വരുമാനമുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു. തുടർന്ന്, 300,000 യുവാന്‍ (ഏകദേശം 37 ലക്ഷം രൂപ) നഷ്ടപരിഹാരമായി ഭർത്താവിന് നൽകാൻ കോടതി ഉത്തരവിട്ടു.

യോങ്ങിന് ഈ വിധിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. വെയിയും ജിയെയും 2006-ലാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Latest