From the print
ഗസ്സയിൽ മാനുഷിക പ്രതിസന്ധി തുടരുന്നു; സഹായം പേരിനു മാത്രം
അതിർത്തി കടന്ന് എത്തുന്നത് 145 ട്രക്കുകൾ മാത്രം • കരാർ പ്രകാരം എത്തേണ്ടത് 600 ട്രക്കുകൾ
തെൽ അവീവ്/ ഗസ്സാ സിറ്റി | അമേരിക്കൻ മധ്യസ്ഥതയിലുള്ള വെടിനിർത്തലിന്റെ ഭാഗമായി സമ്മതിച്ച ഗസ്സയിലേക്കുള്ള സഹായ വിതരണത്തിൽ കടുത്ത നിയന്ത്രണം തുടർന്ന് ഇസ്റാഈൽ. പ്രതിദിനം 600 ട്രക്കുകൾ അനുവദിക്കേണ്ടിടത്ത് 145 ട്രക്കുകൾ മാത്രമാണ് ഇപ്പോഴും അതിർത്തി കടന്ന് ഗസ്സയിലെത്തുന്നത്.
ഭക്ഷ്യ വിതരണത്തിൽ നേരിയ പുരോഗതിയുണ്ടായിട്ടും ഗസ്സയിലേക്കുള്ള മറ്റ് മാനുഷിക സഹായ വിതരണം ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോഴും നേരിടുന്നതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഗസ്സയിലെ ക്രോസ്സിംഗുകൾ വഴി 149 ട്രക്കുകൾ മാത്രമേ എത്തിയിട്ടുള്ളൂവെന്ന് യു എൻ റിപോർട്ട് ചെയ്തിരുന്നു. റോഡുകളിലെ തിരക്കും ഇസ്റാഈൽ സൈന്യത്തിന്റെ തുടർച്ചയായ കാലതാമസവും കാരണം ഇതും തടസ്സപ്പെടുന്ന അവസ്ഥയാണ്. വെടിനിർത്തൽ ആരംഭിച്ച ശേഷം പ്രതിദിനം ശരാശരി 145 സഹായ ട്രക്കുകൾ മാത്രമേ ഗസ്സയിൽ പ്രവേശിച്ചിട്ടുള്ളൂവെന്നും ഗസ്സയിലെ യു എൻ മീഡിയ ഓഫീസ് പറഞ്ഞു. വളരെ തിരക്കേറിയതും ഇടുങ്ങിയതുമായ ഫിലാഡൽഫി ഇടനാഴിയിൽ ചരക്കുനീക്കം പ്രയാസകരമാണ്. വലിയ വാഹനവ്യൂഹങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയുന്നില്ല. കരീം അബു സലിം ക്രോസ്സിംഗിലേക്കുള്ള ബദൽമാർഗങ്ങൾ ഇസ്റാഈൽ തടസ്സപ്പെടുത്തുന്നതാണ് സന്നദ്ധ സംഘടനകൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.
തിരച്ചിൽ
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് ഇതുവരെ 500ലധികം മൃതദേഹങ്ങൾ വീണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 236 ഫലസ്തീനികളാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ഇസ്റാഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇന്നലെയും ഒരാൾ കൊല്ലപ്പെട്ടു. ഇസ്റാഈൽ ബന്ദികളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള ഹമാസിന്റെ ശ്രമം പുരോഗമിക്കുകയാണ്. തിരച്ചിലിനായി എത്തിച്ച കനത്ത യന്ത്രസാമഗ്രികൾ ഇതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ഫലസ്തീനികളുടെ മൃതദേഹം വീണ്ടെടുക്കാൻ നാട്ടുകാർ ഇപ്പോഴും ആവശ്യമായ സംവിധാനമില്ലാതെ കഷ്ടപ്പെടുകയാണെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
അതിനിടെ, ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉൾപ്പെടെ വെടിനിർത്തൽ മുന്നോട്ട് കൊണ്ടുപോകാനുള്ള അടുത്ത ഘട്ടത്തെ കുറിച്ച് ചർച്ച ചെയ്യാൻ അറബ്, മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഇന്ന് തുർക്കിയൻ നഗരമായ ഇസ്തംബൂളിൽ കൂടിക്കാഴ്ച നടത്തും.



