Kerala
ചെങ്ങറയില്‍ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി

പത്തനംതിട്ട | കോന്നി ചെങ്ങറ അംബേദ്കര്‍ സ്മാരക മാതൃകാഗ്രാമത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങള്‍, ശുചിമുറി, വൈദ്യുതി, റോഡ്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സ്വമേധയാ കേസെടുത്ത് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.
ഡപ്യൂട്ടി കളക്ടര്‍/ആര്‍.ഡി.ഒ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (പൊതുമരാമത്ത്), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കോന്നി ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്) എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ച് സംഭവസ്ഥലം പരിശോധിക്കണമെന്ന് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാതൃകാ ഗ്രാമത്തിലെത്താന്‍ റോഡുകള്‍ ലഭ്യമല്ലാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി മികച്ച ഗതാഗത സൗകര്യം ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംഘം 3 ആഴ്ചക്കകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കോന്നി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരുടെ യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത് റോഡ് സൗകര്യം ഉറപ്പു വരുത്താനുള്ള സമഗ്രമായ റിപ്പോര്‍ട്ട് 6 ആഴ്ചക്കകം കമ്മീഷന് സമര്‍പ്പിക്കണം. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എന്നിവര്‍ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി, പൈപ്പ് കണക്ഷന്‍ ലഭ്യമാകാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.
വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ- ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥലപരിശോധന നടത്തണം. സ്ഥലത്ത് വൈദ്യുതി കണക്ഷന്‍ ഉറപ്പു വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതം കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 6 ആഴ്ചക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രദേശവാസികള്‍ക്ക് ശുചിമുറി സൗകര്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ സ്വീകരിക്കണം. എല്ലാ കുടുംബങ്ങള്‍ക്കും ശുചിമുറി പെട്ടെന്ന് ഉറപ്പു വരുത്താനായില്ലെങ്കില്‍ പൊതുശുചിമുറികളെങ്കിലും അടിയന്തരമായി നിര്‍മ്മിക്കണം.
ഡപ്യൂട്ടി ഡി.എം.ഒ. യില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രദേശവാസികള്‍ക്ക് മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ ഡി എം ഒ നടപടിയെടുക്കണം. 6 ആഴ്ചക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസറും സ്ഥലപരിശോധന നടത്തി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ സൗ കര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 6 ആഴ്ചക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണം. സ്ഥലത്ത് സ്‌കൂള്‍ ലഭ്യമല്ലെങ്കില്‍ സമീപസ്ഥലങ്ങളില്‍ അയച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ഡപ്യൂട്ടി കളക്ടര്‍/ആര്‍ ഡി ഒ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, പൊതുമരാമത്ത്, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, ഡപ്യൂട്ടി ഡി എം ഒ, ജില്ലാ പഞ്ചായത്ത്, കോന്നി ബ്ലോക്ക് സെക്രട്ടറിമാര്‍ എന്നിവര്‍ നവംബര്‍ 11 ന് തിരുവല്ല പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മുമ്പാകെ നേരില്‍ ഹാജരാകണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.