Connect with us

Web Special

ഹൗറ സംഘര്‍ഷം: വഷളാക്കിയത് ഈ ഘടകങ്ങള്‍

മുസ്ലിംകളെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍ വര്‍ഗീയ ഭ്രാന്ത് പിടിച്ചവര്‍ ആര്‍ത്തുവിളിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത പലരും വാളും തോക്കുകളും കത്തികളും എടുത്തുയര്‍ത്തി.

Published

|

Last Updated

ശ്ചിമ ബംഗാളിലെ ഹൗറയില്‍ വി എച്ച് പി നടത്തിയ രാമനവമി റാലിയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം വഷളാക്കിയത് പോലീസിന്റെ അനാസ്ഥയാണെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ തന്നെ തടഞ്ഞിരുന്നെങ്കില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് അനുവദിച്ച റൂട്ടില്‍ നിന്ന് മാറിയാണ് വി എച്ച് പിയുടെ പ്രകടനം നടന്നത്. ഇത് തുടക്കത്തില്‍ തന്നെ തടഞ്ഞാല്‍ മതിയായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് പി എം ബസ്തിക്ക് സമീപം വര്‍ഗീയ സംഘര്‍ഷമുണ്ടായത്.

പ്രകടനത്തിനിടെ വാളും തോക്കും എടുത്തുയർത്തി

വ്യാഴാഴ്ച വൈകുന്നേരം മുതലാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. 24 മണിക്കൂര്‍ നേരം അക്രമസംഭവങ്ങള്‍ അരങ്ങേറി. കടകളും സൈക്കിള്‍ റിക്ഷകളും ചുട്ടുകരിച്ചു. നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെട്ടു. വ്യാപക കൊള്ളയും അരങ്ങേറി. അതീവ പ്രകോപന മുദ്രാവാക്യങ്ങളോടെയാണ് വി എച്ച് പിയുടെ പ്രകടനം കടന്നുപോയത്. ‘മുസ്ലിംകളേ വിളിച്ചോളൂ, ജയ്ശ്രീ റാം’ പോലുള്ള മുസ്ലിംകളെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍ വര്‍ഗീയ ഭ്രാന്ത് പിടിച്ചവര്‍ ആര്‍ത്തുവിളിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത പലരും വാളും തോക്കുകളും കത്തികളും എടുത്തുയര്‍ത്തി. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ മൂവായിരത്തോളം പേരുള്ള പ്രകടനമാണ് പ്രദേശത്തുകൂടെ കടന്നുപോയത്. സ്ത്രീകളും കുട്ടികളും പ്രകടനത്തിലുണ്ടായിരുന്നു. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ കടകള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. കടയുടമകള്‍ അത് അനുസരിക്കുകയും ചെയ്തു.

പ്രദേശത്തെ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് കല്ലേറുണ്ടായെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആരോപിക്കുന്നു. പ്രകടനത്തില്‍ പങ്കെടുത്തവര്‍ തിരിച്ചും കല്ലെറിഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 23കാരന്‍ സയീദ് റാസയുടെ തലക്ക് ഇങ്ങനെയാണ് പരുക്കേറ്റത്. ഇയാള്‍ക്ക് ഗുരുതരമായാണ് പരുക്കേറ്റത്. ബി ജെ പിയും വി എച്ച് പിയുമാണ് സംഘര്‍ഷം ആളിക്കത്തിച്ചതെന്ന് പറഞ്ഞത് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ്. പ്രകടനത്തിന്റെ റൂട്ട് മാറ്റിയത് ഇതിനാണെന്നും അവര്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് ഗുണ്ടകളെ എത്തിക്കുകയും ചെയ്തു. പ്രകടനം നടത്തുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, വാളുകളും ബുള്‍ഡോസറുകളും പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല. അവസാന നിമിഷം എന്തിനാണ് റൂട്ട് മാറ്റിയത്. ഒരു സമുദായത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഈ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവൃത്തിയെന്നും മമത വെട്ടിത്തുറന്ന് പറഞ്ഞു.

അതേസമയം, പോലീസിന്റെ അനാസ്ഥ ഇരുവിഭാഗവും പറയുന്നുണ്ട്. സംഘര്‍ഷമുണ്ടായ രണ്ട് ദിവസവും പോലീസ് നിഷ്‌ക്രിയരായിരുന്നു. പരസ്പരം കല്ലേറ് ആരംഭിച്ച വേളയില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഇതാണ് രംഗം വഷളാക്കിയത്. സംഘര്‍ഷത്തില്‍ ഇടപെടേണ്ടതില്ലെന്ന് നിര്‍ദേശം ലഭിച്ചത് പോലെയാണ് പോലീസുകാര്‍ പെരുമാറിയതെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം ഹൗറ സിറ്റി പോലീസ് കമ്മീഷണര്‍ നിഷേധിച്ചു. പോലീസ് നിഷ്‌ക്രിയരാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പോലീസ് അവരുടെ ചുമതല നിറവേറ്റി. ഇതുവരെ 38 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

Latest