Connect with us

articles

ഗവര്‍ണറിസത്തെ സ്റ്റാലിന്‍ തോല്‍പ്പിക്കുന്ന വിധം

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വാളെടുക്കുന്ന എം കെ സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രിയെയും ഡി എം കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെയും മൂക്കുകയറിട്ട് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞുവിട്ട ആളാണ് ആര്‍ എന്‍ രവി. ഏതായാലും കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ നയപ്രഖ്യാപന സമ്മേളനത്തില്‍ തോക്കെടുത്ത ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തോക്ക് കൊണ്ട് തന്നെ നേരിട്ടു.

Published

|

Last Updated

കഴിഞ്ഞ ആഗസ്റ്റില്‍ കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പറഞ്ഞത്, തോക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ തോക്ക് കൊണ്ട് തന്നെ മറുപടി പറയണമെന്നാണ്. തമിഴ്‌നാട്ടിലെ ക്രമസമാധാനനിലയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ഈ പരാമര്‍ശമുണ്ടായത്. അയല്‍ സംസ്ഥാനമായ കേരളത്തില്‍ വന്ന് സ്വന്തം സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് അനൗചിത്യമാണെന്ന തോന്നല്‍ ഗവര്‍ണര്‍ക്ക് ഉണ്ടാകാത്തതില്‍ അത്ഭുതപ്പെടാനില്ല.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വാളെടുക്കുന്ന എം കെ സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രിയെയും ഡി എം കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെയും മൂക്കുകയറിട്ട് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞുവിട്ട ആളാണ് ആര്‍ എന്‍ രവി. ഏതായാലും കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ നയപ്രഖ്യാപന സമ്മേളനത്തില്‍ തോക്കെടുത്ത ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തോക്ക് കൊണ്ട് തന്നെ നേരിട്ടു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ചില ഭാഗം ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത ഗവര്‍ണറെ സഭയില്‍ ഇരുത്തിക്കൊണ്ട് തന്നെ മുഖ്യമന്ത്രി നേരത്തേ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കുകയും അവ നിയമസഭയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. അതിന് ശേഷം നിയമസഭയില്‍ നടന്നതാണ് കോമഡി. മുഖ്യമന്ത്രി നിയമസഭയില്‍ നിന്ന് ഇറക്കി വിട്ടതാണോ അതല്ല താനാണ് സഭയിലെ പ്രതിപക്ഷം എന്ന തോന്നലില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോയതാണോ എന്ന് എങ്ങനെ വേണമെങ്കിലും ശേഷമുള്ള ഗവര്‍ണറുടെ അവസ്ഥയെ വ്യാഖ്യാനിക്കാം.

ബിഹാറിലെ പാറ്റ്നയില്‍ ജനിച്ച രവീന്ദ്ര നാരായണ രവി 1976ലെ കേരള കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിക്കവെ അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയ ഒരു പേരുണ്ട്. വിരല്‍ ചൂണ്ടി സംസാരിക്കുന്നതിന് പകരം പോലീസ് ഓഫീസറായ അദ്ദേഹം തോക്ക് ചൂണ്ടിയാണ് സംസാരിക്കാറുള്ളത്. കോലത്തിനനുസരിച്ച് പേരിടാന്‍ മിടുക്കരായ കേരളീയര്‍ അദ്ദേഹത്തിന് തോക്ക് രവി എന്ന് പേരിട്ടു. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന വയലാര്‍ രവിക്ക് ഇദ്ദേഹവുമായി പലപ്പോഴും ഇടയേണ്ടിവന്നു. കുവൈത്തില്‍ നിന്നുള്ള ഒരു അറബിയെ അനഭിമതനാണെന്ന ചാപ്പ കുത്തി കേരളത്തില്‍ രാഷ്ട്രീയ വിവാദം പടര്‍ന്നത് ആര്‍ എന്‍ രവി കേരളത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കാലത്താണ്. പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പിലകപ്പെട്ട കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടിവസ്ത്രം നനഞ്ഞുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തേ നടത്തിയ ഒരു പ്രസ്താവനയുടെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും അന്ന് കേരള ഗവര്‍ണര്‍ മനസ്സില്‍ ഒളിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പേര് ആര്‍ എന്‍ രവി എന്നാണ്.

2012ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ആര്‍ എന്‍ രവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായും 2018ല്‍ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായും നിയമിച്ചു. തുടര്‍ന്ന് നാഗാലാന്‍ഡിന്റെയും മേഘാലയുടെയും ഗവര്‍ണറാക്കി. നാഗാലാന്‍ഡില്‍ ഗവര്‍ണറായിരിക്കെ നാഗാ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയത് വിവാദത്തിനിടയാക്കി. നാഗാലാന്‍ഡില്‍ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം നാട്ടുകാര്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്ന ആരോപണത്തെ തുടര്‍ന്നാണ് ആര്‍ എന്‍ രവിയെ നാഗാലാന്‍ഡില്‍ നിന്ന് മാറ്റി മേഘാലയില്‍ ഗവര്‍ണറായി നിയമിച്ചത്.

2021 സെപ്തംബറില്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റത് മുതല്‍ സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടലിന്റെ പാതയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികളുടെ പരാതി. ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതിനു പകരം ഗവര്‍ണര്‍ സൂപ്പര്‍ പോലീസ് ചമയുകയാണെന്ന ആക്ഷേപവുമുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയിലില്‍ നിന്ന് വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചതിന് സുപ്രീംകോടതിയുടെ വിമര്‍ശനം പോലും ഗവര്‍ണര്‍ക്ക് നേരിടേണ്ടി വന്നു. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായ നിലപാടാണ് ഗവര്‍ണറുടേതെന്ന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിക്കുകയുണ്ടായി. നീറ്റ് പരീക്ഷ വേണ്ട എന്നതുള്‍പ്പെടെ നിയമസഭ പാസ്സാക്കിയ 21 ബില്ലുകള്‍ ഒപ്പിടാതെ തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. അതിനിടയിലാണ് നിയമസഭയിലെ പുതിയ നാടകം.

ഇതുകൊണ്ട് അവസാനിക്കുന്നില്ല ഒന്നും എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. തമിഴ്‌നാട് എന്ന പേരും തമിഴ്‌നാടിന്റെ മുദ്രയും ഒഴിവാക്കിക്കൊണ്ട് രാജ്ഭവനില്‍ നിന്നയച്ച ക്ഷണപത്രിക അതിന്റെ സൂചനയാണ്. രാജ്ഭവനില്‍ നിന്നുള്ള ക്ഷണപത്രികയില്‍ തമിഴ്‌നാട് എന്നതിനു പകരം തമിഴകമെന്നാണ് അച്ചടിച്ചിരിക്കുന്നത്. നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലും ഗവര്‍ണര്‍ ഉപയോഗിച്ചത് തമിഴകമെന്നായിരുന്നു. തമിഴ്‌നാട് എന്ന പേര് പിന്തിരിപ്പന്‍ ആശയത്തെ സൂചിപ്പിക്കുന്നുവെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് തമിഴകമെന്നാക്കണം എന്ന ആവശ്യം അവിടുത്തെ ബി ജെ പി നേതൃത്വം ഉന്നയിച്ചു വരികയാണ്. ഏതായാലും പ്രീതിയുടെ കോലെടുക്കാനുള്ള പുറപ്പാടിലാണ് ഗവര്‍ണര്‍. മന്ത്രിമാരുടേതല്ല. അക്കാര്യത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുഭവം മുമ്പിലുള്ളതു കൊണ്ടായിരിക്കാം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ കേന്ദ്രത്തിനൊപ്പമായിരിക്കണമെന്ന ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ ഒടുവിലത്തെ പ്രസ്താവന എന്തോ തിളപ്പിക്കാനുള്ളതിന്റെ സൂചനയായിരിക്കാം.

Latest