Connect with us

vismaya case

കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍

കിരണിന്റെ ജാമ്യം റാദ്ദാക്കി; ശിക്ഷാ വിധി നാളെ- കോടതിയോടും പൊതുസമൂഹത്തോടും നന്ദി പറഞ്ഞ് വിസ്മയയുടെ മാതാപിതാക്കള്‍

Published

|

Last Updated

കൊല്ലം | സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ് ബി എ എം എസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍. കൊല്ലം അഡീഷണല്‍ സെഷന്‍സ് കേടതി ജഡ്ജ് കെ എന്‍ സുജിതാണ് വിധി പറഞ്ഞത്.  കിരണ്‍ കുമാറിന്റെ ജാമ്യം റാദ്ദാക്കി. ശിക്ഷാ വിധി നാളെയുണ്ടാകും. വിസ്മയ മരണപ്പെട്ട് 11 മാസത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

സ്ത്രീധന പീഡനം മൂലമുള്ള മരണം (304 ബി), ആത്മഹത്യ പ്രേരണ (സെക്ഷന്‍ 306), സ്ത്രീധന പീഡനം ((498 എ),  ഗാര്‍ഹിക പീഡനം തുടങ്ങി പ്രോസിക്യൂഷന്‍ ആരോപിച്ച വകപ്പുകളിലെല്ലാം  പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയുമെല്ലാം സംശയമില്ലാതെ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

നാല് മാസത്തോളം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. വിസ്താരത്തിനിടെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, സഹോദരീ ഭര്‍ത്താവ് മുകേഷ് എം നായര്‍ തുടങ്ങി ബന്ധുക്കളായ അഞ്ച് സാക്ഷികള്‍ കൂറു മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം സാക്ഷികളും ഇരക്കൊപ്പം നിന്നത് കേസില്‍ നിര്‍ണായകമായി.

കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി നിരവധി ഡിജിറ്റല്‍ തെളിവുകളാണ് കോടതിയിലെത്തിയത്. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങളായിരുന്നു ഇതില്‍ പ്രധാനം. ഇതും കേസിലെ നിര്‍ണായക തെളിവായി മാറുകയായിയിരുന്നു.
2020 മെയ് 30നാണ് വിസ്മയെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിക്കുകയായിരുന്നു. ഈ പീഡനം സഹിക്കാന്‍ കഴിയാതെയാണ് 2021 ജൂണ്‍ 21ന് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിത്. തുടര്‍ന്ന് അറസ്റ്റിലായ കിരണിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ജൂണ്‍ 28നാണ് പോലീസ് തെളിവ് ശേഖരിക്കല്‍ തുടങ്ങിയത്. കിരണിന്റെ വീട്ടില്‍ ഡമ്മി പരിശോധനയടക്കം അന്വേഷണ സംഘം നടത്തിയിരുന്നു. പോലീസിന് അന്വേഷണത്തിന് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയതായി വിസമയയുടെ കുടുംബം തന്നെ പറഞ്ഞിരുന്നു. വിസ്മയ അനുഭവിച്ച പീഡനത്തിന്റെ വിശദ വിവരങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആഗ്രഹിച്ച കാര്‍ ലഭിക്കാത്തിന് വിസ്മയയെ കിരണ്‍ ഭീഷണിപ്പെടുത്തുന്നതിന്റേയും മര്‍ദന വിവരം വിസ്മയ കരഞ്ഞുകൊണ്ട് സ്വന്തം പിതാവിനോട് പറയുന്നതിന്റേയും ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം കോടതിയില്‍ നിര്‍ണായകമാകുകയായിരുന്നു.

വിധികേട്ട ശേഷം പ്രതികരിച്ച വിസ്മയയുടെ മാതാപിതാക്കള്‍ കോടതിയോടും പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞു. സ്ത്രീധന പീഡനത്തില്‍ സമൂഹത്തിന് മാതൃകാപരമായ ശിക്ഷ കേസിലുണ്ടാകുമെന്ന് ഇവര്‍ വിശ്വാസം പ്രകടിപ്പിച്ചു.

Latest