editorial
ആതുര സേവനമല്ല, കച്ചവടം
രോഗം, മരുന്ന്, പരിശോധന, ചികിത്സ തുടങ്ങിയവയെല്ലാം വിപണിയിലെ ഉത്പന്നങ്ങളായി മാറി. ആരോഗ്യരംഗം ഏറ്റവും നല്ല ബിസിനസ്സ് മേഖലയായി വളര്‍ന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഉപകരണമായിത്തീരേണ്ട ഡോക്ടറുടെ പേന, വിപണി നയിക്കുന്ന ഉപകരണമായും രോഗി ഉപഭോക്താവായും മാറി.
“കോള്‍ഡ്രിഫ്’ ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും 22 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള കേസന്വേഷണം ഉദ്യോഗസ്ഥരെ എത്തിച്ചത് ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ഉള്ളറകളിലേക്ക്. തമിഴ്‌നാട് ആസ്ഥാനമായ ഒരു ഫാര്‍മ കമ്പനിയാണ്, വൃക്കകളുടെ പ്രവര്‍ത്തനം പോലും തകരാറിലാക്കുന്ന “ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍’ എന്ന മാരക രാസപദാര്‍ഥമടങ്ങിയ കോള്‍ഡ്രിഫ് നിര്‍മിച്ച് വിപണിയില്‍ എത്തിച്ചത്.
നാല് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കരുതെന്ന് ഹെല്‍ത്ത് സര്‍വീസസ് ജനറല്‍ ഡയറക്ടറേറ്റിന്റെ (ഡി ജി എച്ച് എസ്) നിര്‍ദേശമുണ്ട്. എന്നിട്ടും മധ്യപ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രവീണ്‍ സോണി രോഗികള്‍ക്ക് ഈ മരുന്ന് കുറിച്ചു കൊടുത്തത് കമ്മീഷന്‍ തുകക്കു വേണ്ടിയായിരുന്നെന്നും തമിഴ്‌നാട്ടിലെ മരുന്ന് കമ്പനിയില്‍ നിന്ന് ഡോക്ടര്‍ക്ക് പത്ത് ശതമാനം കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മരുന്നുകള്‍ നിര്‍ദേശിക്കുന്നതില്‍ രോഗിയുടെ താത്പര്യത്തേക്കാളുപരി കമ്പനികളില്‍ നിന്നുള്ള ഓഫറുകളാണ് പല ഡോക്ടര്‍മാരെയും സ്വാധീനിക്കുന്നത്. ഏത് രോഗത്തിനും വില കൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കൊപ്പം വില കുറഞ്ഞ ജനറിക് മരുന്നുകളും സുലഭമാണ് വിപണിയില്‍. ബ്രാന്‍ഡഡ് മരുന്ന് നിര്‍മാതാക്കളില്‍ തന്നെ 75 ശതമാനവും ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. രണ്ടിലും ചേരുവകള്‍ ഒന്നുതന്നെ. രോഗിയില്‍ ഇത് നല്‍കുന്ന ഫലത്തില്‍ വ്യത്യാസവുമില്ല. ബ്രാന്‍ഡഡ് മരുന്നുകളെ പോലെ തന്നെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ജനറിക് മരുന്നുകളുടെയും നിര്‍മാണം. റഗുലേറ്ററി അംഗീകാരവും ഇതിനുണ്ട്. ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം കുറിപ്പടികളില്‍ ജനറിക് മരുന്നുകള്‍ നിര്‍ദേശിക്കണമെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍ എം സി) ഉത്തരവുമുണ്ട്.
തുടര്‍ച്ചയായി ബ്രാന്‍ഡഡ് മരുന്നുകള്‍ നിര്‍ദേശിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടര്‍മാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു എന്‍ എം സി. കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലും ഇക്കാര്യം പറയുന്നുണ്ട.് എങ്കിലും പല ഡോക്ടര്‍മാരും മേല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. വിലകുറഞ്ഞ ജനറിക് മരുന്നിനു പകരം വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകളാണ് എഴുതിക്കൊടുക്കുന്നത്.
ഡോക്ടര്‍മാരും കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍. നിശ്ചിത ശതമാനം കമ്മീഷന്‍ മുതല്‍ വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍, ഫോണുകള്‍, വിദേശ യാത്രകള്‍, വിദേശ കോണ്‍ഫറന്‍സുകള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി അത്യാകര്‍ഷങ്ങളായ ഓഫറുകളാണ് ബ്രാന്‍ഡഡ് മരുന്നുകളുടെ പ്രചാരണത്തിന് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. ഡോക്ടര്‍മാരെ കൈയിലെടുക്കുകയാണ് പുതിയ മരുന്നുകള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഫാര്‍മ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന തന്ത്രം. ഡോക്ടര്‍മാരെ പ്രലോഭിപ്പിക്കാന്‍ ചെലവിട്ട തുക തിരിച്ചു പിടിക്കാന്‍ കമ്പനികള്‍ മരുന്നുവില വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സാമൂഹിക തലത്തില്‍ ഏറ്റവും വിശുദ്ധമായ ബന്ധങ്ങളിലൊന്നാണ് രോഗിയും ഡോക്ടറും തമ്മിലേത്. വിശ്വാസത്തിലും സഹാനുഭൂതിയിലും കാരുണ്യബോധത്തിലും അധിഷ്ഠിതമായിരുന്ന ഈ ബന്ധം ഇന്ന് സാമ്പത്തിക ലാഭത്തിന്റെ കണക്കുകൂട്ടലിലേക്ക് വഴിമാറിയിരിക്കുന്നു. രോഗം, മരുന്ന്, പരിശോധന, ചികിത്സ തുടങ്ങിയവയെല്ലാം വിപണിയിലെ ഉത്പന്നങ്ങളായി മാറി. ആരോഗ്യരംഗം ഏറ്റവും നല്ല ബിസിനസ്സ് മേഖലയായി വളര്‍ന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഉപകരണമായിത്തീരേണ്ട ഡോക്ടറുടെ പേന, വിപണി നയിക്കുന്ന ഉപകരണമായും രോഗി ഉപഭോക്താവായും മാറി. സേവനത്തിനു പകരം ലാഭം, കരുണക്ക് പകരം സാമ്പത്തിക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, ധാര്‍മികതക്ക് പകരം വ്യാപാര ചിന്ത- ഇതാണ് ചികിത്സാ രംഗത്തെ പുതിയ പ്രവണത.
അതേസമയം രോഗിയുടെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ്, അനുകമ്പയും ആര്‍ദ്രതയും സഹാനുഭൂതിയും നിറഞ്ഞ മനസ്സോടെ ആതുര സേവനം നടത്തുന്നവരുമുണ്ട് വൈദ്യശാസ്ത്ര മേഖലയില്‍. മറ്റേതു തൊഴിലിനേക്കാളുമുപരി അര്‍പ്പണബോധവും അനുകമ്പയും പ്രകടിപ്പിക്കേണ്ട മേഖലയാണിതെന്ന് തിരിച്ചറിയുകയും മിതമായ ഫീസ് വാങ്ങി, അനാവശ്യമായി മരുന്നുകളും ടെസ്റ്റുകളും അടിച്ചേല്‍പ്പിക്കാതെ ചികിത്സ നടത്തുകയും ചെയ്യുന്നവര്‍. രണ്ട് രൂപ മാത്രം ഫീസ് ഈടാക്കി പതിറ്റാണ്ടുകളോളം ചികിത്സ നടത്തിയ കണ്ണൂര്‍ സ്വദേശിയായ ഒരു ഡോക്ടറെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നത് അടുത്തിടെയാണ്. പാവപ്പെട്ട രോഗികളില്‍ നിന്ന് ഫീസ് വാങ്ങാതെയും മരുന്നു വാങ്ങാന്‍ രോഗിക്ക് സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് നല്‍കിയും ചികിത്സാ രംഗത്ത് ധാര്‍മികത പുലര്‍ത്തുന്ന ഡോക്ടര്‍മാരെയും കേരളത്തിന് പരിചയമുണ്ട്. സേവന രംഗത്ത് സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന, സാധാരണക്കാരുടെ അത്താണിയായ ഇത്തരം ഡോക്ടര്‍മാരുടെ വിശ്വാസ്യതക്ക് പോലും ക്ഷതമേല്‍പ്പിക്കുന്നു “കമ്മീഷന്‍ ഡോക്ടര്‍മാര്‍’.
സാമൂഹിക ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും മെഡിക്കല്‍ എത്തിക്‌സിനെക്കുറിച്ചുള്ള വിവരക്കുറവുമാണ് രോഗി- ഡോക്ടര്‍ ബന്ധത്തിലുണ്ടായ താളപ്പിഴക്ക് കാരണമെന്നാണ് സാമൂഹിക വിദഗ്ധരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ സര്‍വീസിലേക്ക് യുവ ഡോക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ പി എസ് സി നടത്തിയ പരീക്ഷകളിലെ ഉദ്യോഗാര്‍ഥികളുടെ പ്രകടനത്തെ വിലയിരുത്തിയാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും മെഡിക്കല്‍ സിലബസില്‍ നൈതിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്തുകയുമാണ് ഇതിന് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. നിയമങ്ങള്‍ പാലിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല നൈതികത, മനസ്സാക്ഷിയോടുള്ള ഉത്തരവാദിത്വം കൂടിയാണതെന്ന ബോധം ആരോഗ്യ പ്രവര്‍ത്തകരില്‍ വളര്‍ന്നു വരേണ്ടതുണ്ട്.

