Connect with us

Kerala

നിപയെ അതിജീവിച്ച ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന് സഹായവുമായി ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | എറണാകുളത്ത് നിപ രോഗത്തെ അതിജീവിച്ച ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക പ്രതിസന്ധിയിലായ ഗോകുല്‍ കൃഷ്ണയുടെ മാതാവ് വി എസ് വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി. വനിതാ വികസന കോര്‍പറേഷനില്‍ ലോണ്‍/റിക്കവറി അസിസ്റ്റന്റായാണ് നിയമനം. നിപയെ തുടര്‍ന്നുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ബാധിച്ച ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയതായും മന്ത്രി പറഞ്ഞു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. ജപ്തി നടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

നിപയെ അതിജീവിച്ചതിനു ശേഷം ഗോകുലിന് രണ്ടരലക്ഷം രൂപയുടെ സഹായ വാഗ്ദാനം 2019ല്‍ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും അത് പ്രാവര്‍ത്തികമായില്ല. നിപ ബാധിച്ച മകനെ പരിചരിക്കാന്‍ അവധിയെടുത്തതിന്റെ പേരില്‍ സ്വകാര്യാശുപത്രിയിലെ ജോലി നഷ്ടമായ ഗോകുല്‍ കൃഷ്ണയുടെ മാതാവിനെ കുറിച്ചും വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട സംഭവം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ആരോഗ്യ മന്ത്രി ഇടപെട്ടത്. ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്തിരുന്ന മാതാവ് മകന് നിപ വൈറസ് ബാധിച്ചതോടെ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ് തിരികെ വന്നപ്പോള്‍ 28 വര്‍ഷം ജോലി ചെയ്ത ആശുപത്രിയില്‍ നിന്ന് അവരെ പിരിച്ചുവിട്ടു. കൊവിഡ് വ്യാപനത്തോടെ പിതാവിനും ജോലി നഷ്ടപ്പെട്ടു. നിപയെ തുടര്‍ന്നുള്ള അസുഖങ്ങളുടെ പിടിയിലാണ് ഗോകുല്‍ കൃഷ്ണ. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്. കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞതോടെ ആരോഗ്യമന്ത്രി ഇടപെടുകയായിരുന്നു.

Latest