Connect with us

National

താന്‍ നിരപരാധിയാണ്, ഫെഡറേഷന്‍ അധ്യക്ഷന്‍ സ്ഥാനം രാജിവെക്കില്ല: ബ്രിജ് ഭൂഷണ്‍

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി| ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. താന്‍ നിരപരാധിയാണെന്നും ഫെഡറേഷന്‍ അധ്യക്ഷന്‍ സ്ഥാനം രാജിവെക്കില്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

ഞാന്‍ രാജിവച്ചാല്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ഞാന്‍ അംഗീകരിച്ചുവെന്നാണ് അര്‍ത്ഥമാക്കുന്നത്. എന്റെ കാലാവധി അവസാനിക്കാറായി. സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു, 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനുശേഷം എന്റെ കാലാവധി അവസാനിക്കുമെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

ലൈംഗിക പീഡന പരാതിയില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്സോ കേസും മറ്റ് ആറ് താരങ്ങളുടെ പരാതിയില്‍ ഐപിസി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് നടപടി.

അതേസമയം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഡല്‍ഹി ജന്ദര്‍ മന്തറിലെ സമരം ഏഴ് ദിവസം പിന്നിട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇന്ന് താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സമരപ്പന്തലില്‍ എത്തും.

താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമരപ്പന്തലിലെത്തി. ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. താരങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും രാജ്യം മുഴുവന്‍ താരങ്ങളോടൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.

 

 

 

Latest