From the print
കൊച്ചി ഹജ്ജ് ക്യാന്പ് ഈ മാസം 15ന്
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 ന് വൈകിട്ട് 5.55 നാണ് ആദ്യ സംഘം തീർഥാടകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നത്

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാന്പ് ഈ മാസം 15 ന് ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 ന് വൈകിട്ട് 5.55 നാണ് ആദ്യ സംഘം തീർഥാടകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നത്. ഇവിടെ നിന്നുള്ള ഹജ്ജ് തീർഥാടകരുമായുള്ള സർവീസിന് സഊദി എയർലൈൻസാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തുന്ന തീർഥാടകർ ഹജ്ജ് കർമം പൂർത്തിയാക്കിയ ശേഷമാണ് മദീന സന്ദർശനത്തിനായി പോകുന്നത്. പിന്നീട് മദീന വിമാനത്താവളത്തിൽ നിന്നാണ് നാട്ടിലേക്ക് തിരിക്കുന്നത്. ആദ്യ വിമാനത്തിൽ യാത്ര തിരിക്കേണ്ട തീർഥാടകർ 15 ന് ഹജ്ജ് ക്യാന്പിൽ എത്തിച്ചേരും.
വിമാനത്താവളത്തിലെ “ടി 3′ ടെർമിനലിലാണ് വളണ്ടിയർമാർ തീർഥാടകരെ സ്വീകരിക്കുന്നത്. ഇവിടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഗേജുകൾ എയർലൈൻസിന് കൈമാറും. ഇതിനു ശേഷം തീർഥാടകരെ പ്രത്യേക വാഹനത്തിൽ ഹജ്ജ് ക്യാന്പിൽ എത്തിക്കും. കേരളത്തിൽ നിന്നുള്ള 5,680 പേരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എംബാർക്കേഷൻ പോയിന്റ് വഴി ഈ വർഷം യാത്ര തിരിക്കുന്നത്.
ഇവരെ കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള 199 പേരും ലക്ഷദ്വീപിൽ നിന്നുള്ള 111 പേരും കൊച്ചിയിൽ നിന്നാണ് യാത്ര തിരിക്കുന്നത്. 21 സർവീസുകളാണ് സഊദി എയർലൈൻസ് ഇവിടെ നിന്ന് ചാർട്ടർ ചെയ്തിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് കൂടുതൽ പേർക്ക് അവസരം ലഭിച്ചാൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്.