From the print
"മനുഷ്യർക്കൊപ്പം' കർമസാമയികം; ആദർശ സമ്മേളനങ്ങൾക്ക് പ്രോജ്ജ്വല സമാപനം
ഇന്നലെ നടന്ന താനൂർ, എടപ്പാൾ, പരപ്പനങ്ങാടി സോൺ സമ്മേളനത്തോടെയാണ് സമാപനം കുറിച്ചത്. കഴിഞ്ഞ മാസം 17ന് കാസർകോട്ട് നിന്നാണ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്.

മലപ്പുറം | സുന്നി ആദർശത്തിന്റെ കരുത്തും കാവലുമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തിവന്ന ആദർശ സമ്മേളനങ്ങൾക്ക് പ്രോജ്ജ്വല സമാപനം. മൂന്ന് വർഷത്തെ സമസ്ത സെന്റിനറി കർമ പദ്ധതികളുടെ ഭാഗമായി “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടക്കുന്ന കർമസാമയികത്തിലെ മുഖ്യമായ ഒരിനമാണ് ആദർശ പ്രചാരണ ക്യാമ്പയിനും സമ്മേളനങ്ങളും. ഇന്നലെ നടന്ന താനൂർ, എടപ്പാൾ, പരപ്പനങ്ങാടി സോൺ സമ്മേളനത്തോടെയാണ് സമാപനം കുറിച്ചത്. കഴിഞ്ഞ മാസം 17ന് കാസർകോട്ട് നിന്നാണ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്.
125 ആദർശ സമ്മേളനങ്ങൾ, 620 ഫാമിലി മീറ്റുകൾ, 8,025 പഠന വേദികൾ നടത്തിയാണ് കേരള മുസ്‌ലിം ജമാഅത്ത് ആദർശ ക്യാമ്പയിൻ സമാപിച്ചത്. സുന്നി ആദർശത്തിന്റെ കാവലാളുകളായി പതിനായിരങ്ങളാണ് സമ്മേളനങ്ങളിൽ സംഗമിച്ചത്.
നാല് ഘട്ടങ്ങളിലായി നടന്ന സമ്മേളനങ്ങൾക്ക് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സാരഥികളും നേതൃത്വം നൽകി. രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്താൻ കാരണമാകുന്ന വിധത്തിൽ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ, പഹൽഗാം കൂട്ടക്കുരുതി തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മതേതര വിശ്വാസികൾ കൂടുതൽ ജാഗരൂകരാകണമെന്നും ലഹരിയുടെ വ്യാപനത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ബോധവാന്മാരാകണമെന്നും സമ്മേളനങ്ങൾ ആവശ്യപ്പെട്ടു.
കാലിക പ്രമാണങ്ങളും പൈതൃകവും പാരമ്പര്യവും ഉൾക്കൊള്ളുന്ന ഇസ്‌ലാമിക ആദർശവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിക്കാൻ ഇടവരുത്തും വിധം മതയുക്തിവാദികൾ ഉയർത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കണമെന്നും സമ്മേളനങ്ങൾ ആഹ്വാനം ചെയ്തു.
സമസ്തയുടെ വിശുദ്ധ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലുകളായി സമ്മേളനം മാറി.
ചങ്ങരംകുളത്ത് നടന്ന എടപ്പാൾ സോൺ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് അൻവർ സാദത്ത് തങ്ങൾ, സയ്യിദ് സീതിക്കോയ അൽ ബുഖാരി, അലവി സഖാഫി കൊളത്തൂർ, അസീസ് സഖാഫി വാളക്കുളം, എം ഹൈദർ മുസ്‌ലിയാർ, കെ സിദ്ദീഖ് മൗലവി, ശിഹാബ് സഖാഫി, വാരിയത്ത് മുഹമ്മദലി, കുഞ്ഞു കുണ്ടിലങ്ങാടി, മുഹമ്മദലി പുത്തനത്താണി, പി പി നൗഫൽ സഅദി, അബ്ദുൽ ജലീൽ അഹ്‌സനി, അബ്ദുൽ ഹയ്യ് ഇർഫാനി, ഹസൻ അഹ്‌സനി, നജീബ് അഹ്‌സനി, എ വൈ ഹംസ ഹാജി പ്രസംഗിച്ചു.
പരപ്പനങ്ങാടി | സോൺ ആദർശ സമ്മേളനം സയ്യിദ് മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ എ മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. മുജീബുർറഹ്‌മാൻ മിസ്‌ബാഹി ആമുഖ പ്രഭാഷണം നടത്തി.
വഹാബ് സഖാഫി മന്പാട്, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി ആദർശ പ്രഭാഷണം നടത്തി. എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി ആനുകാലിക പ്രഭാഷണം നടത്തി.
സയ്യിദ് ഹുസൈൻ കോയ സഖാഫി ജമലുല്ലൈലി, വി സി ബശീർ ഉള്ളണം, അബ്ദുസ്സലാം ഹാജി പുകയൂർ, അബ്ദുൽ മജീദ് അരിയല്ലൂർ, മൂസക്കോയ അഹ്സനി, സൈനുൽ ആബിദ് സഖാഫി, റാശിദ് ഹിദായ നഗർ, അബ്ദുല്ല സഖാഫി സംബന്ധിച്ചു.
താനൂർ | ജംഗ്ഷനിൽ നടന്ന താനൂർ സോൺ ആദർശ സമ്മേളനം ജില്ലാ സെക്രട്ടറി എ മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ശുക്കൂർ സഖാഫി വെണ്ണക്കോട് ആദർശ പ്രഭാഷണവും അബ്ദുർറഹീം കരുവള്ളി പൊതുപ്രഭാഷണവും നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി മൂച്ചിക്കൽ പ്രാരംഭ പ്രാർഥന നിർവഹിച്ചു.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി സംസാരിച്ചു. ഒ മുഹമ്മദ് കാവപ്പുര നന്ദി പറഞ്ഞു.
സമാപന പ്രാർഥനക്ക് സയ്യിദ് ഹൈദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി. ഡോ. എ പി അബ്ദുർറഹ്‌മാൻ സഖാഫി മീനടത്തൂർ, എം ജുബൈർ താനൂർ, അബ്ദുൽ സലാം ഹാജി പുകയൂർ, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ, സക്കീർ അഹ്‌സനി മീനടത്തൂർ, കുഞ്ഞിമോൻ അഹ്‌സനി വൈലത്തൂർ, സക്കീർ സഖാഫി മങ്ങാട്, ഉബൈദ് അദനി കുറുവട്ടിശ്ശേരി സംബന്ധിച്ചു.