Connect with us

International

പാക് വെടിനിര്‍ത്തല്‍ ലംഘനം; അപമാനിതനായ ട്രംപിന്റെ നിലപാട് ലോകം ഉറ്റുനോക്കുന്നു

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ അപമാനിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം നിരീക്ഷിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. വെടിനിര്‍ത്തല്‍ ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി.

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്താനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് എക്‌സില്‍ കുറിച്ചു. അമേരിക്കയുടെ നയതന്ത്ര വിജയമെന്ന തരത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങള്‍ പങ്കുവച്ചു. പിന്നാലെ പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. അമേരിക്കയുടെ നീക്കങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അമേരിക്കയുടെ വാക്കിന് വിലകല്‍പ്പിക്കാതെ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളിലേക്ക് ഡ്രോണുകള്‍ വര്‍ഷിച്ചത് ട്രംപിനേറ്റ കനത്ത തിരിച്ചടിയായി. പാക്കിസ്താന്റെ ഈ നീക്കങ്ങളോട് അമേരിക്ക എങ്ങിനെ പ്രതികരിക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ആഹ്ലാദം തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.

ധാരണ ലംഘിച്ച് പാക് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തി. ഇതോടെ ഇന്ത്യന്‍ സേനയും ശക്തമായ മറുപടി നല്‍കി. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ തെളിവുകള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം.

Latest