Connect with us

International

കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടാം; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ്‌

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചെന്ന് ആവര്‍ത്തിച്ച് ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | ഇന്ത്യ പാക് വെടിനിര്‍ത്തല്‍ ധാരണക്ക് പിന്നാലെ കശ്മീര്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വെടിനിര്‍ത്തലിന് തയ്യാറായ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടുള്ള
ട്രൂത്ത് സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ പ്രധാന പങ്കുവഹിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച ഇരു രാഷ്ട്രത്തലവന്മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

സംഘര്‍ഷം അവസാനിപ്പിച്ചിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് നിരപരാധികളായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അമേരിക്ക അഭിമാനിക്കുന്നു.കശ്മീര്‍ വിഷയത്തില്‍ ഒരു പരിഹാരത്തിലെത്താന്‍ കഴിയുമോ എന്നതിനായി, ഇന്ത്യയും പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യുഎസ് സഹായം ചെയ്തുവെന്ന് പോസ്റ്റിലും ആവര്‍ത്തിക്കുകയാണ്  ട്രംപ്. എന്നാല്‍ വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ പരോക്ഷമായി തള്ളിയിരുന്നു. പാകിസ്താനുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Latest