Kerala
സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ആപ് വഴി പഞ്ചിങ്
ബയോമെട്രിക് പഞ്ചിങ് മെഷീന്‍ ഉള്ളയിടത്ത് അത് പ്രവര്‍ത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം

തിരുവനന്തപുരം | സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ആപ് വഴി പഞ്ചിങ് വരുന്നു. ഫെയ്‌സ് റെക്കഗ്‌നിഷന്‍ മൊബൈല്‍ ആപ് വഴി ആയിരിക്കും പഞ്ചിങ്. ബയോമെട്രിക് പഞ്ചിങ് മെഷീന്‍ ഇല്ലാത്ത ഓഫീസുകളില്‍ ആദ്യം ഇതു നിലവില്‍ വരും. മെഷിന്‍ ഉള്ളയിടത്ത് അത് പ്രവര്‍ത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി ശമ്പള ബില്‍ അടക്കം തയ്യാറാക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത്. നിലവിലുള്ള ബയോമെട്രിക് പഞ്ചിങ് സംവിധാനം എല്‍ സീറോ അടിസ്ഥാനത്തില്‍ ഉള്ളതാണ്. കുറച്ചുകൂടി സുരക്ഷിതമായ എല്‍ വണ്‍ സംവിധാനത്തിലേക്ക് ബയോമെട്രിക് സംവിധാനം മാറണമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തന്നെ മൊബൈല്‍ ആപ്പ് തുടക്കം കുറിച്ചിരുന്നു. അത് വളരെ സുഗമമായി പോകുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ പഞ്ചിങ് മെഷീന്‍ ഇല്ലാത്ത എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കിയുള്ള പഞ്ചിങ് വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.