National
വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യ കടുത്ത ജാഗ്രതയില്‍
നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് പരിക്കേറ്റു

ന്യൂഡല്‍ഹി | ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.
അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലെ തുടര്‍ ചര്‍ച്ചകള്‍ നാളെ നടക്കും.
വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സൈനികന് വീര്യമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെയാണ് സൈനികന് ജീവന്‍ നഷ്ടമായത്. ഉദ്ധംപൂരിലെ സൈനിക കേന്ദ്രത്തിന് കാവല്‍ നിന്ന സൈനികനാണ് വീരമൃത്യു വരിച്ചത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ബി എസ് എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസിന് അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റില്‍ ബി എസ് എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് വെടിയേറ്റത്. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കി. ജമ്മു കശ്മീരിലെ അഖ്‌നൂരിലും രജൗരിയിലും ആര്‍ എസ് പുരയിലും കനത്ത ഷെല്ലാക്രമണമുണ്ടായി. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആശയവിനിമയം നടത്തി. പഞ്ചാബിലെ അമൃത്സറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്ന് നിര്‍ദേശം നല്‍കി. അതിനിടെ വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നെങ്കിലും പാകിസ്താനെതിരായ നടപടികളില്‍ ഇന്ത്യ ജാഗ്രത തുടരുകയാണ്. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരും. കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കില്ല.