From the print
കരിപ്പൂർ: ഇന്ന് മൂന്ന് ഹജ്ജ് വിമാനങ്ങൾ
പുലർച്ചെ 1.05ന് പുറപ്പെടുന്ന വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും യാത്ര തിരിക്കും

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കരിപ്പൂരിൽ നിന്ന് ഇന്ന് മൂന്ന് ഹജ്ജ് വിമാനങ്ങൾ. പുലർച്ചെ 1.05ന് പുറപ്പെടുന്ന വിമാനത്തിൽ 89 പുരുഷന്മാരും 84 സ്ത്രീകളും യാത്ര തിരിക്കും. രാവിലെ 8.05ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളും യാത്രതിരിക്കും. 4.30ന് പുറപ്പെടുന്ന മൂന്നാമത്തെ വിമാനത്തിൽ 88 പുരുഷന്മാരും 85 സ്ത്രീകളുമായിരിക്കും യാത്ര തിരിക്കുക. മൂന്ന് വിമാനങ്ങളിലുമായി 519 ഹാജിമാർ വിശുദ്ധ ഭൂമിയിലെത്തും.
നാളെ പുറപ്പെടുന്ന മൂന്ന് വിമാനങ്ങളിൽ രണ്ട് വിമാനങ്ങളിൽ ഹജ്ജുമ്മമാർ മാത്രമായിരിക്കും യാത്ര തിരിക്കുക. രാവിലെ 8.05നും വൈകിട്ട് 4.30നും പുറപ്പെടുന്ന വിമാനങ്ങളിൽ ഹാജിമാർ മാത്രമായിരിക്കും യാത്ര തിരിക്കുക. ചൊവ്വാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിൽ മഹ്റമില്ലാത്ത സ്ത്രീ തീർഥാടകർ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
മഹ്റമില്ലാത്ത 2,640 വനിതകളാണ് ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമത്തിന് പുറപ്പെടുന്നത്. ഇതിൽ 874 പേർ കരിപ്പൂർ വഴിയും ശേഷിക്കുന്നവർ കണ്ണൂർ, കൊച്ചി പുറപ്പെടൽ കേന്ദ്രം വഴിയുമാണ് പുറപ്പെടുന്നത്. കരിപ്പൂരിൽ അഞ്ച് വിമാനങ്ങളാണ് ഈ വർഷം വനിതാ തീർഥാടകർക്കായി സർവീസ് നടത്തുന്നത്.
നാളെ പുലർച്ചെ 12.55നും രാവിലെ 8.30നും വൈകുന്നേരം 4.30നുമാണ് ഹജ്ജ് വിമാന സർവീസ്. ഈ വിമാനങ്ങളിലേക്കുള്ള ഹാജിമാർ ഇന്ന് ക്യാമ്പിലെത്തും. കുടുതൽ വനിതാ തീർഥാടകർ എത്തുന്നത് കണക്കിലെടുത്ത് പ്രത്യേക സൗകര്യങ്ങളും കൂടുതൽ വനിതാ വളണ്ടിയർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. വനിതകൾക്ക് മാത്രമായി പുതിയ ബ്ലോക്ക് തുറന്നത് ഹജ്ജുമമാർക്ക് ഏറെ സൗകര്യമായി.
വനിതാ തീർഥാടകരോടൊപ്പം സേവനത്തിനായി അനുഗമിക്കുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. ഹജ്ജ് ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നലെയും കരിപ്പൂർ ഹജ്ജ് ക്യാമ്പിലെയും വിമാനത്താവളത്തിലെയും വിവിധ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ വി ആർ വിനോദ് എത്തിയിരുന്നു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അംഗം അശ്കർ കോറാട്, ഹജ്ജ് സെൽ സ്‌പെഷ്യൽ ഓഫീസർ യു അബ്ദുൽ കരീം എന്നിവരോടൊപ്പം ലഗേജ് കൈമാറ്റം, രജിസ്‌ട്രേഷൻ തുടങ്ങി വിവിധ തലങ്ങളിൽ ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്തി. വിമാനത്താവളത്തിലെ വിവിധ ഏജൻസി ഉദ്യോഗസ്ഥരുമായും കലക്ടർ സംസാരിച്ചു.
രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ എയർപോർട്ടുകളിലെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും കലക്ടർ ചോദിച്ചറിഞ്ഞു.
ഭീകരാക്രമണ പശ്ചാത്തലത്തിൽ സംസ്ഥാനത്തും എല്ലാ എയർപോർട്ടുകളുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് പുറപ്പെടുന്ന ഹാജിമാരെ നേരിൽ കണ്ട് യാത്രാമംഗളങ്ങൾ നേർന്ന ശേഷമാണ് കലക്ടർ മടങ്ങിയത്.