Kerala
ഹജ്ജ് 2024 ആക്ഷന്‍ പ്ലാന്‍ ഉടന്‍ പ്രസിദ്ധീകരിക്കും
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിയാഖത്ത് അലി ആഫാഖിയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി.

മുംബൈ| കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിയാഖത്ത് അലി ആഫാഖിയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. 2024 ലെ ഹജ്ജ് അപേക്ഷാ നടപടികള്‍, സഊദിയിലെ മുന്നൊരുക്കങ്ങള്‍, ഹജ്ജ് യാത്ര പരമാവധി തീര്‍ത്ഥാടക സൗഹൃദമാക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ഹജ്ജ് 2024നുള്ള ആക്ഷന്‍ പ്ലാന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഇത് പ്രകാരം അപേക്ഷ സ്വീകരിക്കലും അനുബന്ധ കാര്യങ്ങളും വൈകാതെ ആരംഭിക്കാനാവും. ഇതിനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
അറുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക് മിനയില്‍ ജംറകള്‍ക്കു സമീപം തന്നെ ടെന്റ് അനുവദിക്കുന്നതിന് ശ്രമങ്ങള്‍ നടത്തും.
വോളണ്ടിയര്‍ അനുപാതം 250 പേര്‍ക്ക് ഒരാള്‍ എന്നതിലേക്ക് പുനക്രമീകരിക്കാന്‍ പരിശ്രമിക്കുന്നതാണ്. മക്കയിലും മദീനയിലും മെച്ചപ്പെട്ട താമസ സൗകര്യം ഉണ്ടാക്കുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡല്‍ഹിയിലും പ്രത്യേക ഓഫീസറെ നിയമിക്കുന്നതിന് നീക്കങ്ങള്‍ ഉണ്ട്. കേരളത്തില്‍ ആള്‍ ഇന്ത്യ ഹജ്ജ് കോണ്‍ഫറന്‍സിനു വേദിയൊരുക്കുന്നതും ഗുണകരമായിരിക്കുമെന്ന് കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ലിയാഖത്ത് അലി കഴിഞ്ഞ സെപ്തംബര്‍ ഇരുപത്തിയൊമ്പതിനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സി.ഇ.ഒ ചുമതല കൂടി ഏറ്റെടുത്തത്. ഇതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.പി. സുലൈമാന്‍ ഹാജിയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.