Kerala
ഗുരുപൂജ ഗവര്‍ണറുടെയും സംഘ് പരിവാറിന്റെയും സംസ്‌കാരം; കേരളത്തില്‍ അടിച്ചേല്‍പ്പിക്കേണ്ടെന്ന് എ ഐ എസ് എഫ്
സംഘ്പരിവാറിന്റെ വിനീത ദാസനായ ഗവര്‍ണറുടെ സംസ്‌കാര രാഹിത്യം കേരളം തിരിച്ചറിയും

തിരുവനന്തപുരം | ഗവര്‍ണറുടെയും സംഘ്പരിവാറിന്റെയും സംസ്‌കാരമാണ് ഗുരുപൂജയെന്നും പ്രസ്തുത സംസ്‌കാരം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് വ്യക്തമാക്കി.
കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ അപഹാസ്യമായ നിലപാടുകളിലൂടെ ദിനം തോറും കുപ്രസിദ്ധി നേടുകയാണ്. ഗുരുപൂജ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നുമാണ് ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തെ കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചത്. വര്‍ഗീയമായ ലക്ഷ്യത്തോടെ വിവിധ ആഘോഷങ്ങളുടെ നടത്തിപ്പ് ജനകീയവത്കരിക്കുകയും അതിലൂടെ തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയും ചെയ്യുന്ന ആര്‍ എസ് എസ് നയത്തിന്റെ പ്രചാരകനാവുകയാണ് ഗവര്‍ണറെന്ന് എ ഐ എസ് എഫ് ആരോപിച്ചു.
മതനിരപേക്ഷ, ലിബറല്‍, മാനവിക ചിന്താഗതികളെ വെല്ലുവിളിച്ച് കൊണ്ട് പ്രാകൃത സംസ്‌കാരത്തിലേക്ക് വിദ്യാര്‍ഥികളെ ആനയിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ല. സംഘ്പരിവാറിന്റെ വിനീത ദാസനായ ഗവര്‍ണറുടെ സംസ്‌കാര രാഹിത്യം കേരളം തിരിച്ചറിയുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.