Kerala
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി നാളെ കേരളത്തിലെത്തും; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സല്‍ നാളെ
ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനം നടത്തുന്നത്.

തിരുവനന്തപുരം|നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തും. ബുധന്‍ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് 10.20ന് നിലക്കല്‍ ഹെലിപാഡിലെത്തും. റോഡു മാര്‍ഗം പമ്പയിലും തുടര്‍ന്ന് ശബരിമലയിലും എത്തും. പകല്‍ 11.55മുതല്‍ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് മുര്‍മു രാജ്ഭവനില്‍ മടങ്ങിയെത്തും.
ശബരിമല സന്ദര്‍ശനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സല്‍ നാളെ നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയല്‍ നടത്തുക. രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂര്‍ഖ വാഹനത്തില്‍ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചു നോക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ഇന്നു വീണ്ടും സുരക്ഷ വിലയിരുത്തും.
വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.20ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടി, വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകല്‍ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിലും രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.