Connect with us

Web Special

ഗുജറാത്ത് ഡോക്യുമെന്ററി രാജ്യത്ത് പുതിയ രാഷ്ട്രീയ ആയുധമാവുന്നു

നേരുകള്‍ ചികയുമ്പോള്‍ ഭരണകൂടത്തിനും ബി ജെ പിക്കും അസ്വസ്ഥതയുണ്ടാകുക സ്വാഭാവികം.

Published

|

Last Updated

രണകൂടം വിലക്കുകല്‍പ്പിച്ച ബി ബി സി ഡോക്യുമെന്ററി രാജ്യത്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള പുതിയ ആയുധമാകുന്നു. ഗുജറാത്ത് വംശഹത്യയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പരാമര്‍ശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന ബി ബി സി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദര്‍ശനത്തിന് ഇടത്- കോൺഗ്രസ് യുവ സംഘടനകള്‍ തീരുമാനിച്ചതോടെ ഡോക്യുമെന്ററി ബി ജെ പി രാഷ്ട്രീയത്തിനെതിരായ പ്രചാരണായുധമായിത്തീരുകയാണ്. കേരളത്തിന് പുറത്തും രാജ്യത്തുടനീളവും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിന്റെ പ്രദര്‍ശനം ഏറ്റെടുക്കുമെന്നാണു സൂചന. രാജ്യത്ത് ഓൺലൈൻ പ്രദര്‍ശനത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെങ്കിലും ഡോക്യുമെന്ററി ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷ ശ്രമം. എന്നാല്‍ ഈ നീക്കങ്ങളെ രാഷ്ട്രീയമായും ഭരണപരമായും നേരിടാനുള്ള തന്ത്രങ്ങളുമായി ബി ജെ പിയും രംഗത്തുണ്ട്. രാജ്യസ്‌നേഹത്തിന്റെ വാള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയെ പ്രതിരോധിക്കാനുള്ള നീക്കമാണ് ബി ജെ പി കേന്ദ്രങ്ങളില്‍ നടക്കുന്നത്.

ഇടത് യുവജന സംഘടനകളായ എസ് എഫ്‌ ഐ ക്യാമ്പസുകളിലും ഡി വൈ എഫ്‌ ഐ പൊതുയിടങ്ങളിലും ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രര്‍ശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ സർവകലാശാലയിലും കോഴിക്കോടും ഇടത് സംഘടനകൾ പ്രദർശിപ്പിച്ചു. തലസ്ഥാനത്ത് വൈകിട്ട് പ്രദര്‍ശിപ്പിക്കും. പ്രദർശനം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഇതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജെ എന്‍ യുവില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഉത്തരവിനെ മറികടന്ന് പ്രദര്‍ശനം നടത്തുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മോദിക്കെതിരായ ഡോക്യുമെന്ററി ലിങ്കുകള്‍ പ്രതിപക്ഷ നേതാക്കള്‍ വ്യാപകമായി പങ്കു വച്ചിട്ടുണ്ട്. ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠത്തെ ഡോക്യുമെന്ററി അപമാനിക്കുന്നു എന്ന പേരിലാണ് ബി ജെ പി പ്രദര്‍ശനം വിലക്കാന്‍ ആവശ്യപ്പെടുന്നത്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറയുന്നു.  കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന ആവശ്യവുമായി  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്തുവന്നിട്ടുണ്ട്.

അതിനിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തുവരുന്നതോടെ  വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും.  കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്നാണു  ബി ബി സി രണ്ടാം ഭാഗവും പുറത്തിറക്കുന്നത്. ഗുജറാത്ത് വംശഹത്യ തടയാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്നും മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തടയുന്നതിൽ നിന്ന് പോലീസിനെ വിലക്കിയെന്നും ബി ബി സി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. അന്ന് യു കെ സർക്കാർ അയച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളെ ഉപജീവിച്ചാണ് ഡോക്യുമെൻ്ററി തയ്യാറാക്കിയത്. മുസ്ലിംകൾക്കെതിരെയുള്ള ആക്രമണത്തിന് ശിക്ഷയുണ്ടാകില്ലെന്ന പൊതുബോധം സൃഷ്ടിച്ചത് സർക്കാറിൻ്റെ നേതൃത്വത്തിലാണെന്നും ഡോക്യുമെൻ്ററിയിൽ പറയുന്നു. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണ്. യാഥാര്‍ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബി ബി സി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബി ജെ പി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബി ബി സി വ്യക്തമാക്കി.

ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കും കനത്ത ആഘാതമായിട്ടുണ്ട്. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് അന്തര്‍ദേശീയതലത്തില്‍ മോദി സ്വീകാര്യത നേടുന്നതിനിടെയാണ് ബി ബി സി ഡോക്യുമെന്ററി  പുറത്തുവന്നത്. ഗൂഢാലോചനയെന്ന് ആരോപിച്ച് വിദേശ മന്ത്രാലയം തള്ളിയെങ്കിലും ഡോക്യുമെന്ററിക്ക് ആഗോളതലത്തില്‍ വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചു. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ഓര്‍മകള്‍ വീണ്ടും അന്തര്‍ദേശീയമായി ചര്‍ച്ചയായി. ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണറിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഡോക്യുമെന്ററിയിലുണ്ട്. വംശഹത്യാവേളയില്‍ യു കെയുടെ വിദേശ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ അടക്കം പല പ്രമുഖരുടെയും പ്രതികരണങ്ങളുമുണ്ട്. കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുവന്നതിലും ഭീകരമാണ് അന്ന് അരങ്ങേറിയ അക്രമങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ പങ്ക് നേരിട്ടുള്ളതായിരുന്നുവെന്നതിന് ഒട്ടേറെ തത്സമയ തെളിവുകളും രേഖകളും വിശദീകരണങ്ങളും ഡോക്യുമെന്ററി പുറത്തുവിടുന്നു. ആര്‍ ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മോദിയെ പ്രതിക്കൂട്ടിലാക്കാന്‍ വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ശ്രീകുമാറിനൊപ്പം മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും അറസ്റ്റുചെയ്തിരുന്നു.

മുസ്ലിം ഉന്മൂലനമായിരുന്നു കലാപത്തിന്റെ പ്രധാന ലക്ഷ്യം. വംശഹത്യയുടെ സ്വഭാവമുള്ള ആസൂത്രിതമായ ആക്രമണമാണ് നടന്നത്. പോലീസിനെ നിര്‍വീര്യമാക്കി, കലാപകാരികളെ തുറന്നുവിട്ടു. മനപ്പൂര്‍വമായ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു എല്ലാ നീക്കങ്ങളും എന്നാണു നിരീക്ഷണം. ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളെയും കുറ്റപ്പെടുത്തുന്നുണ്ട്.  കലാപ സമയത്ത് മുസ്ലിംകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടിയുണ്ടായില്ല. 2002 ഫെബ്രുവരി 27-ന് ഗോധ്ര സംഭവത്തെത്തുടര്‍ന്ന് പടര്‍ന്ന കലാപത്തില്‍ ആയിരത്തിലേറെ പേര്‍  മരിച്ചെന്ന ഔദ്യോഗിക കണക്കുകള്‍ സംബന്ധിച്ചുള്ള അന്വേഷത്തിന്റെ വിവരങ്ങളും ഡോക്യുമെന്ററി പുറത്തുവിട്ടു. കര്‍സേവകരുടെ ആക്രമണത്തില്‍ 1,500 പേര്‍ കൊല്ലപ്പെട്ടു, 223 പേരെ കാണാതായി, 2500 പേര്‍ക്ക് പരിക്കേറ്റു തുടങ്ങി കലാപത്തിന്റെ വ്യാപ്തി സംബന്ധിച്ച് ബി ബി സി  ഇന്ത്യാ സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണു റിപ്പോര്‍ട്ട് പറയുന്നത്.

വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി ബി ബി സി ഡോക്യമെന്ററി മാറുമെന്നുറപ്പാണ്.  രാജ്യത്തിന്റെ അധികാരത്തിലേക്കുള്ള ബി ജെ പിയുടെ യാത്ര അത്യന്തം രക്തപങ്കിലമായിരുന്നു. രഥയാത്രകള്‍, കര്‍സേവ, ബാബരി ധ്വംസനം, ഗുജറാത്ത് വംശഹത്യ തുടങ്ങി രാജ്യത്ത് സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം തന്നെയായിരുന്നു അധികാരത്തിലേക്കുള്ള വഴിയൊരുക്കിയത്. അതിന്റെ നേരുകള്‍ ചികയുമ്പോള്‍ ഭരണകൂടത്തിനും ബി ജെ പിക്കും അസ്വസ്ഥതയുണ്ടാകുക സ്വാഭാവികം.