From the print
ജി എസ് ടി ഇളവ്: രോഗികള്‍ക്ക് ആശ്വാസം; ചെറുകിട മരുന്ന് കച്ചവടക്കാര്‍ക്ക് ഇരുട്ടടി
മരുന്ന് രംഗത്തെ ഭീമന്മാര്‍ക്കും ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്കും പ്രശ്നങ്ങളില്ല.

കോഴിക്കോട് | ജി എസ് ടി നിരക്കിലെ ഇളവ് മരുന്ന് വിപണിയില്‍ രോഗികള്‍ക്ക് വലിയ ആശ്വാസമെങ്കിലും ചെറുകിട മരുന്ന് കച്ചവടക്കാര്‍ക്ക് ഇരുട്ടടിയാകും. ഒരു ലക്ഷം രൂപയുടെ മരുന്ന് സ്റ്റോക്ക് ചെയ്ത കച്ചവടക്കാരന് ശരാശരി 7,000 രൂപ നഷ്ടം സംഭവിക്കും. മരുന്ന് ഷോപ്പുകളെ സംബന്ധിച്ച് മിനിമം അഞ്ച് ലക്ഷം രൂപയുടെയെങ്കിലും സ്റ്റോക്ക് സാധാരണയാണ്. ഇങ്ങനെ ഉയര്‍ന്ന നിരക്കില്‍ ജി എസ് ടി നല്‍കി മരുന്ന് സ്റ്റോക്ക് ചെയ്ത ഷോപ്പുടമകള്‍ക്കാണ് പ്രയാസം.
മരുന്നുകള്‍ക്ക് 12 മുതല്‍ 18 ശതമാനമായിരുന്നു ജി എസ് ടി ഈടാക്കിയിരുന്നത്. ഇത് ഒറ്റയടിക്ക് അഞ്ച് ശതമാനമായി കുറച്ച് നല്‍കാനാണ് നിര്‍ദേശം. മരുന്നുകളിലേറെയും 12 ശതമാനം ജി എസ് ടിയില്‍ ഉള്‍പ്പെടുന്നവയാണ്. ഹെല്‍ത്ത് സപ്ലിമെന്റ് ഇനങ്ങള്‍ 18 ശതമാനത്തിന് കീഴിലാണ് വരുന്നത്. ഇത്തരം മരുന്നുകള്‍ക്ക് 13 ശതമാനം നഷ്ടമാണ് മെഡിക്കല്‍ ഷോപ്പുടമകള്‍ സഹിക്കേണ്ടത്.
പ്രതിവര്‍ഷം 40 ലക്ഷം രൂപ വരെ ടേണ്‍ ഓവറുള്ള സ്ഥാപനങ്ങള്‍ ജി എസ് ടി പരിധിയില്‍ വരില്ലെന്ന ആനുകൂല്യത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഷോപ്പുകളാണ് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. മരുന്ന് രംഗത്തെ ഭീമന്മാര്‍ക്കും ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്കും പ്രശ്നങ്ങളില്ല.
ചെറുകിട വ്യാപാരികള്‍ക്കുള്ള നഷ്ടം മരുന്ന് നിര്‍മാതാക്കളും വിതരണക്കാരും ഏറ്റെടുക്കണമെന്നാണ് മരുന്ന് ഷോപ്പുടമകളുടെ സംഘടനയായ ആള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന്റെ ആവശ്യം. കൂടാതെ, ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
അതേസമയം, 32 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് തീരെ ജി എസ് ടി നല്‍കേണ്ടതില്ലെന്ന തീരുമാനം രോഗികള്‍ക്ക് ഏറെ ആശ്വാസമാണ്. എന്നാല്‍, ജീവിതശൈലീ രോഗങ്ങള്‍ക്ക് ആളുകള്‍ നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലധികമൊന്നും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. മരുന്നുകള്‍ക്ക് ജി എസ് ടി നിരക്ക് കുറച്ചത് ആശ്വാസമെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വിവിധ തരം മരുന്നുകളുടെ വില കുത്തനെ വര്‍ധിച്ചിട്ടുണ്ട്.