Connect with us

Kerala

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികള്‍ എത്തിച്ചു തുടങ്ങി; വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെട്ട് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | കുതിക്കുന്ന പച്ചക്കറി വില വര്‍ധന നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെട്ട് സംസ്ഥാന കൃഷി വകുപ്പ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങുന്ന പച്ചക്കറികള്‍ എത്തിത്തുടങ്ങിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഇതിനു പുറമെ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി എത്തിക്കും.

അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കാന്‍ കൃഷി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ ഔട്ട്‌ലെറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തും.

അയല്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഒരാഴ്ചക്കകം പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യം. പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇന്ധന വില വര്‍ധനയാണ് ഹോട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധന വില വര്‍ധനയുടെ പേരില്‍ ഇടനിലക്കാര്‍ ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്.

 

 

Latest