Kerala
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റി
മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്കു വന്ന ഗുഡ്സ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്
പാലക്കാട് | പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്കു വന്ന ഗുഡ്സ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം.
മൂന്നാം ട്രാക്കിൽ നിന്ന് നാലാം ട്രാക്കിലേക്ക് മാറുന്നതിനിടെയാണ് ട്രെയിൻ പാളംതെറ്റിയത്. ഷൊർണൂരിൽ നിന്ന് എത്തിയ എഞ്ചിനീയർ സംഘത്തിന്റെ നേതൃത്വത്തിൽ ട്രാക്കിൽ നിന്ന് തെറ്റിപ്പോയ ബോഗി പിന്നീട് തിരിച്ചുകയറ്റി.
അപകടത്തെ തുടർന്ന് നാല് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കു വരുന്ന പാസഞ്ചർ ട്രെയിനും, പാലക്കാട് നിന്ന് കണ്ണൂരേക്കു പോകുന്ന ട്രെയിനുമാണ് റദ്ദാക്കിയത്.
അതേസമയം, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ജനശതാബ്ദി, കൊച്ചുവേളി എക്സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ് എന്നിവ 30 മിനിറ്റ് വീതം വൈകും






