Connect with us

Kuwait

കുവൈത്തില്‍ ചികിത്സക്കെന്ന വ്യാജേന മരണപ്പെട്ടയാളെ വീല്‍ചെയറില്‍ ആശുപത്രിയിലെത്തിച്ചു മുങ്ങി; രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍

മുബാറക്കല്‍ കബീര്‍ ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ചികിത്സിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ മൃതദേഹം വീല്‍ ചെയറില്‍ ആശുപത്രിയില്‍ എത്തിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുബാറക്കല്‍ കബീര്‍ ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒരാളെ വീല്‍ചെയറില്‍ ഇരുത്തി മറ്റൊരാള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് വീല്‍ചെയറില്‍ ഇരുന്നയാളെ വാര്‍ഡ് അറ്റന്‍ഡറിന് കൈമാറിയ ഉടനെ ഇദ്ദേഹത്തെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും രോഗിയുമായി വന്നയാള്‍ അപ്രത്യക്ഷനാവുകയുമായിരുന്നു. എന്നാല്‍, പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ വീല്‍ചെയറില്‍ ഇരുന്നയാള്‍ നേരത്തെ മരിച്ചതായി സ്ഥിരീകരിച്ചു.

മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് റഫര്‍ ചെയ്യുകയും ചെയ്തു. മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു കടന്നുകളഞ്ഞ വ്യക്തിയെ തിരിച്ചറിയുന്നതിനായി സുരക്ഷാ വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് പ്രതികള്‍ രണ്ട് ഇന്ത്യക്കാര്‍ ആണെന്ന് കണ്ടെത്തിയത്.

മരണത്തിന്റെ സാഹചര്യങ്ങളും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ചതിന് പിന്നിലെ കാരണവും പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍, സ്വാഭാവിക മരണമാണെന്നും മരണപ്പെട്ടയാള്‍ക്കും കൂടെയുള്ളവര്‍ക്കും മതിയായ താമസരേഖ ഇല്ലാത്തതിനാല്‍ പിടിക്കപ്പെടുമെന്ന് ഭയന്നാണ് മരണം മറച്ചു വെച്ചതെന്നുമാണ് പിടിയിലായവര്‍ പറയുന്നത്. സുഹൃത്തിന്റെ മരണം മറച്ചു വെച്ചതിനും മൃതദേഹം ഉപേക്ഷിച്ചു കടന്ന് കളഞ്ഞതിനും നിയമവിരുദ്ധമായി രാജ്യത്ത് താങ്ങിയതിനും ഇവരെക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Latest